ന്യൂഡൽഹി : പാക് കസ്റ്റഡിയിലുള്ള വിങ് കമാൻഡർ അഭിനന്ദനെ സുരക്ഷിതനായി തിരിച്ചുകിട്ടാനായി നയതന്ത്രതല നീക്കം ശക്തമാക്കി ഇന്ത്യ.ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിന് യാതൊരു പീഡനവും ഏല്‍ക്കേണ്ടിവരില്ലെന്ന് പാകിസ്ഥാൻ ഉറപ്പുവരുത്തണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.രാജ്യാന്തര തലത്തിൽ പാകിസ്ഥാനു മേൽ സമ്മർദ്ദം ശക്തമാക്കാനാണ് തീരുമാനം.
അതേസമയം സേനാ തലവൻമാരുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി .പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന അടിയന്തിര യോഗത്തിൽ കര, വ്യോമ, നാവിക സേനാ മേധാവികൾക്ക് പുറമെ പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തതായാണ് സൂചന.
വ്യോമസേന പൈലറ്റിനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതിന് ഇന്ത്യ ശക്തമായ താക്കീത് നൽകിയതിന് പിന്നാലെയാണ് സൈനിക തലവൻമാരുടെ യോഗം വിളിച്ചതെന്നതും ശ്രദ്ധേയമാണ്. പൈലറ്റ് അഭിനന്ദൻ വർദ്ധനെ സുരക്ഷിതമായി ഉടൻ തിരിച്ചയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പരിക്കേറ്റ വ്യോമസേന ഉദ്യോഗസ്ഥന്റെ മുഖം വികൃതമായി പ്രദർശിപ്പിച്ച നടപടിയ്‌ക്കെതിരെ ഇന്ത്യ അതിശക്തമായി പ്രതികരിച്ചു.