പകര്‍ച്ചവ്യാധികള്‍ തടയാന്‍ പ്രത്യേക മുന്‍കരുതല്‍ വേണം: ആരോഗ്യമന്ത്രി

Published by
Janam Web Desk

തിരുവനന്തപുരം: പ്രളയത്തിന് പുറമേ പകര്‍ച്ചവ്യാധി ദുരന്തം കൂടി സംസ്ഥാനത്ത് ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ . പകര്‍ച്ചവ്യാധികള്‍ തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണം. എലിപ്പനി വരാതിരിക്കാന്‍ പ്രത്യക കരുതല്‍ വേണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പു വരുത്തുക, രോഗങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, എച്ച്.1. എന്‍.1, വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ തുടങ്ങിയ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് ഊന്നല്‍ നല്‍കുന്നു.

പ്രളയ ജലവുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് എലിപ്പനി പകരാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളത്തിലിറങ്ങുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തകരും നിര്‍ബന്ധമായും ഡോക്സിസൈക്ലിന്‍ ഉപയോഗിക്കണം. എല്ലാ ക്യാമ്പുകളിലും ആശുപത്രികളിലും ഡോക്സിസൈക്ലിന്‍ ഉറപ്പാക്കിയിട്ടുണ്ട്. ആശുപത്രികളില്‍ പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കുന്നതിനായി ഐസൊലേഷന്‍ വാര്‍ഡുകളും സജ്ജമാക്കി.

ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്ന രോഗികള്‍ക്ക് മരുന്നുകള്‍ മുടങ്ങാതെ കഴിക്കുന്നതിനുള്ള അടിയന്തര മാര്‍ഗ നിര്‍ദേശവും മരുന്നുകളും ക്യാമ്പുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഡയാലിസിസ്, കീമോതെറാപ്പി തുടങ്ങിയ തുടര്‍ ചികിത്സ വേണ്ടിവരുന്ന രോഗികള്‍ക്ക് അതിനുള്ള സൗകര്യം അടുത്തുള്ള ആശുപത്രികളില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു.

ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. നവജാതശിശുക്കള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പരിചരണം ക്യാമ്പുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.

Share
Leave a Comment