കോഴിക്കോട്: പന്തീരങ്കാവില്‍ കമ്മ്യൂണിസ്റ്റ് ഭീകര ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും. ജില്ലാ കോടതിയില്‍ അന്വേഷണം സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് സൂചന.
സിപിഎം പ്രവര്‍ത്തകനായ താഹയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത പെന്‍ഡ്രൈവ് ,മെമ്മറി കാര്‍ഡ്, ലാപ്‌ടോപ്, മൊബൈല്‍ഫോണ്‍ എന്നിവയിലെ ഡോക്യൂമെന്റുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. കൂടാതെ അലനും താഹയ്‌ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. ഇരുവര്‍ക്കും ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കും.
അതേസമയം കമ്മ്യൂണിസ്റ്റ് ഭീകര ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ അലന്‍, താഹ എന്നിവരെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. ഇതിനായി ഇന്ന് വൈകിട്ട് പന്നിയങ്കര ലോക്കലില്‍ ജനറല്‍ ബോഡി യോഗം വിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. പന്നിയങ്കര ലോക്കല്‍ കമ്മിറ്റിക്ക് കീഴിലാണ് അലന്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. താഹ ഉള്‍പ്പെട്ട ലോക്കല്‍ കമ്മിറ്റിയുടെ ജനറല്‍ ബോര്‍ഡി യോഗം എപ്പോഴാണെന്ന് വ്യക്തമായിട്ടില്ല .
യുഎപിഎ കേസ് അതീവ ഗൗരവമായി കോടതിയും,കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പരിഗണിക്കുമ്പോള്‍ പാര്‍ട്ടി ഇതില്‍ നിയമത്തിനെതിരു നില്‍ക്കുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്നും സിപിഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു .















