ചെന്നൈ: ക്യാംപസില്‍ പ്രതിഷേധം വേണ്ട, മുന്‍കൂര്‍ അനുവാദത്തോടെ സംവാദം മാത്രം മതിയെന്ന് വിദ്യാര്‍ത്ഥികളോട് മദ്രാസ് ഐഐടി ഡീന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിനു പിന്നാലെയാണ് നിര്‍ദ്ദേശവുമായി സ്റ്റുഡന്റ്‌സ് ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മെയില്‍ സന്ദേശം അയച്ചത്.
മുന്‍കൂര്‍ അനുമതിയില്ലാതെ ക്യാംപസില്‍ റാലികളും പ്രകടനങ്ങളും നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഐഐടി ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്ദേശം അയച്ചത്. റാലിയില്‍ പുറത്ത് നിന്നുള്ളവരും പങ്കെടുത്തത് ഏറെ ഗൗരവമായ കാര്യമാണെന്ന് ഡീന്‍ അഭിപ്രായപ്പെട്ടു. ക്യാംപസില്‍ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശമാണ്. അതിനാല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമുമ്പ് അനുമതി തേടണമെന്നും ഡീന്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.
മുദ്രവാക്യം വിളിച്ച് മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ വേണ്ട, പകരം ജനാധിപത്യ രീതിയില്‍ സംവാദങ്ങള്‍ സംഘടിപ്പിക്കണം. സ്ഥാപനത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും സന്ദേശത്തിലൂടെ ഡീന്‍ അഭ്യര്‍ത്ഥിച്ചു.