ന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ സോണിയാ ഗാന്ധി കാണിക്കുന്നത് ഇരട്ടത്താപ്പ് നയമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്. ഇറ്റലിയില്‍ ജനിച്ച സോണിയ ഇന്ത്യന്‍ പൗരത്വം നേടിയ ശേഷമാണ് ഇപ്പോള്‍ പൗരത്വ നിയമത്തെ ചോദ്യം ചെയ്യുന്നതെന്ന് അനില്‍ വിജ് കുറ്റപ്പെടുത്തി. നിയമത്തിനെതിരെ പ്രതിപക്ഷങ്ങള്‍ പ്രതിഷേധം കടുപ്പിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാകിസ്താനില്‍ വേട്ടയാടപ്പെടുന്ന ഹിന്ദു,സിഖ്, പാഴ്‌സി എന്നിവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുമ്പോള്‍ എന്തിനാണ് സോണിയ ഗാന്ധി എതിര്‍ക്കുന്നത്. സോണിയയും ഇന്ത്യയില്‍ പൗരത്വം നേടി എടുത്തതല്ലേയെന്നും അനില്‍ വിജ് ചോദിച്ചു. സോണിയാ ഗാന്ധിക്കൊപ്പം ചേര്‍ന്ന് രാജ്യത്തെ കത്തിക്കാനാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാക്, അഫ്ഗാന്‍, ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരായ ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ഫാസ്റ്റ് ട്രാക്ക് സൗകര്യം ഒരുക്കുന്നതാണ് പുതിയ പൗരത്വ നിയമം. 2014 ഡിസംബര്‍ 31-നുള്ളില്‍ ഇന്ത്യയില്‍ പ്രവേശിച്ചവര്‍ക്കാണ് പൗരത്വം ലഭിക്കുക. എന്നാല്‍ ഇത് മുസ്ലീം വിരുദ്ധമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമ്പോള്‍ ഇത് മൂലം നിരവധി മുസ്ലീങ്ങള്‍ വിവേചനം നേരിടുമെന്നാണ് ഇവരുടെ വാദം. എന്നാല്‍ അത്തരം ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു
സോണിയാ ഗാന്ധിയുടെ പൗരത്വത്തെ കുറിച്ച് സ്വന്തം പാര്‍ട്ടിയില്‍ പോലും തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. സോണിയയെ ‘മദാമ്മ’ എന്നുവിളിച്ച് അപമാനിച്ചവര്‍ പോലും അന്നുണ്ടായിരുന്നു. എന്നാല്‍ അത്തരം സാഹചര്യമല്ല ഇന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.