ന്യൂ ഡല്‍ഹി: ജനറല്‍ ബിപിന്‍ റാവത്ത് സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റ ദിനത്തെ ചരിത്ര ദിനമെന്ന് വിശേഷിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് സിഡിഎസിനെ നിയമിക്കണമെന്നത് രാജ്യത്തിന്റെ ദീര്‍ഘ നാളത്തെ ആവശ്യമാണ് ഇന്ന് നടപ്പിലായത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ നിമിഷം ചരിത്രവും ചരിത്രപരവുമാണെന്ന് അമിത് ഷാ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സേനകളിലൊന്നായി മാറാനുള്ള രാജ്യത്തിന്റെ തീരുമാനത്തെ ഒന്നു കൂടി ദൃഢപ്പെടുകയാണ് ഇതിലൂടെ സാധിച്ചതെന്നും അമിത് ഷാ സൂചിപ്പിച്ചു. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതിയ സേനാ മേധാവിയുടെ നേതൃത്വത്തില്‍ മൂന്നു സേനകളേയും സംയുക്തമായി ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ ബിപിന്‍ റാവത്തിന് സാധിക്കട്ടെയെന്നും അമിത് ഷാ ആശംസിച്ചു.
അതേസമയം, ഇന്ത്യന്‍ സേനയുടെ മൂന്നു വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന സൈനികരുടെ ക്ഷേമം ഉറപ്പ് വരുത്തുമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു. നേരത്തെ ബിപിന്‍ റാവത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു.















