ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലു പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റാന്‍ തിഹാര്‍ ജയില്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ജയിലില്‍ പുതിയ നാലു തൂക്കുമരങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരുമിച്ച് ചെയ്ത കുറ്റത്തിന് ഒരുമിച്ച് ശിക്ഷ എന്ന നിലപാടാണ് നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്്. ഇതുവരെ പ്രതികളെ തൂക്കിലേറ്റാന്‍ മാത്രമാണ് തീരുമാനിച്ചത്. എന്നാല്‍ പുതിയ സംവിധാനത്തില്‍ നാല് പേരെയും ഒരുമിച്ച് തൂക്കിക്കൊല്ലും.
രാജ്യത്ത് ഈ സംവിധാനം ഒരുക്കിയ ആദ്യ ജയില്‍ കൂടിയാണ് തിഹാര്‍. നേരത്തെ ഇവിടെ ഒരു തൂക്കുമരം മാത്രമാണ് ഉണ്ടായിരുന്നത്. ജയിലില്‍ ജെസിബി എത്തിച്ചാണ് മറ്റ് പണികള്‍ പൂര്‍ത്തീകരിച്ചത്. വധശിക്ഷ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നീക്കാനുള്ള ഇടനാഴിയും പൂര്‍ത്തിയാക്കിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു.
നാല് പ്രതികളില്‍ മൂന്ന് പേര്‍ക്ക് ക്യുറേറ്റീവ് പെറ്റീഷന്‍ നല്‍കി ദിവസങ്ങള്‍ നീട്ടിക്കിട്ടാനുള്ള അവസരം ബാക്കിയുണ്ട്. ഇവരുടെ പുനഃപരിശോധനാ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ഡിസംബര്‍ 18-ന് പിരിഞ്ഞ പട്യാല ഹൗസ് കോടതി കുറ്റവാളികള്‍ക്ക് മരണ വാറണ്ട് വിധിക്കുന്നതിന്റെ ഹിയറിംഗ് ജനുവരി 7-ലേക്ക് മാറ്റിയിരുന്നു.
2012 ഡിസംബര്‍ 16-നാണ് നിര്‍ഭയ ക്രൂര പീഡനത്തിരയാകുന്നത്. തുടര്‍ന്ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ഡിസംബര്‍ 29-ന് ചികിത്സയ്‌ക്കിടെയാണ് നിര്‍ഭയ മരണത്തിന് കീഴടങ്ങിയത്. നിര്‍ഭയ കേസില്‍ ആറു പ്രതികളില്‍ ഒരാള്‍ ജയിലില്‍ വെച്ച് ജീവനൊടുക്കിയിരുന്നു. മറ്റൊരാളെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വെറുതെ വിട്ടു.















