ലോകം മുഴുവന്‍ വൈറസില്‍ നിന്നും ഓടി ഒഴിഞ്ഞു നടക്കുമ്പോഴും ആ അവസ്ഥ പിടിപെട്ട ആളെ പരിചരിക്കാന്‍ കിട്ടിയ അവസരം എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ വിലമതിക്കുന്ന ഒന്നായിരിക്കും; വൈറലായി നഴ്സിന്റെ കുറിപ്പ്

Published by
Janam Web Desk

മനുഷ്യമനസുകളില്‍ ഭയം പടര്‍ത്തി ലോകരാജ്യങ്ങള്‍ മുഴുവന്‍ വ്യാപിക്കുകയാണ് കൊറോണ വൈറസ്. ലോകത്താകമാനം 60,000 ത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധ മൂലം ചൈനയില്‍ മാത്രം 1400 ലധികം പേരാണ് മരണപ്പെട്ടത്. ചൈനയ്‌ക്ക് പുറമെ ജപ്പാന്‍, ഹോങ്കോംഗ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ മൂലം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഭീതി പരത്തുന്ന സംഭവങ്ങള്‍ക്കിടയിലും പ്രതീക്ഷ നല്‍കുന്ന ചില വാര്‍ത്തകളും പുറത്തു വരാറുണ്ട് അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടി രോഗം ഭേദമായി ആശുപത്രി വിട്ട വാര്‍ത്ത നാമെല്ലാം ആശ്വാസത്തോടെയാണ് കേട്ടത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൊറോണ രോഗിയെ ചികിത്സിക്കുന്ന നഴ്സിന്റെ ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. മൃദുല ശ്രീ എന്ന നഴ്സാണ് ഹൃദയത്തെ സ്പര്‍ശിക്കുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ആരോടും മിണ്ടാന്‍ കഴിയാതെ ഒരു മുറിയില്‍ നമ്മളുടെ ശരീരം ആസകലം മൂടി കെട്ടി ഭീകരനായ ഒരു വൈറസുമായി ഏറ്റുമുട്ടുന്നത് തന്നെയായിരിക്കും
ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥയെന്ന് മൃദുല പറയുന്നു. ലോകം മുഴുവന്‍ വൈറസില്‍ നിന്നും ഓടി ഒഴിഞ്ഞു നടക്കുമ്പോഴും, ആ അവസ്ഥ പിടിപെട്ട ആളെ പരിചരിക്കാന്‍ കിട്ടിയ ഈ ഒരു അവസരം എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ വിലമതിക്കുന്ന ഒന്നായിരിക്കും.

കൊറോണ ബാധിച്ച ആളെ ആരോഗ്യപൂര്‍ണമായി വിട്ടയക്കുന്ന ആദ്യത്തെ ആശുപത്രി എന്ന ഒരു തൂവല്‍ കൂടി നമ്മടെ ആലപ്പുഴ മെഡിക്കല്‍ കോളേജിന് സ്വന്തം. ഇത്രയും നന്നായി എല്ലാം നടന്നു എങ്കില്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നന്ദിയോടെയും അതിലുപരി ബഹുമാനത്തോടെയും ഓര്‍ക്കുന്നു. ഇവരുടെ കുറച്ചു നാളായി ഉള്ള ഡ്യൂട്ടി സമയം അവര്‍ പോലും മറന്നു കഴിഞ്ഞു. മുഴുവന്‍ സമയവും ഇതിനായി മാറ്റിവെച്ച മനുഷ്യരെ കുറിച്ചും മൃദുല കുറിപ്പില്‍ പറയുന്നു.

Share
Leave a Comment