കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്‌ട്രവിമാനത്താവളത്തില്‍ ആദ്യമായി സ്വിറ്റ്‌സര്‍ലന്റിന്റെ ഔദ്യോഗിക വിമാനം പറന്നിറങ്ങി. ഇന്ന് പുലര്‍ച്ചെയാണ് വിമാനം എത്തിയത്. വിനോദസഞ്ചാരത്തിനായി ഇന്ത്യയിലെത്തിയ സ്വിസ് സഞ്ചാരികള്‍ കൊറോണ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കുടുങ്ങുകയായിരുന്നു. ഏ 340 എയര്‍ ബസ്സാണ് ആദ്യമായി നെടുമ്പാശ്ശേരി അന്താരാഷ്‌ട്രവിമാനത്താവള റണ്‍വേ തൊട്ടത്. കൊച്ചിയില്‍ നിന്നും സൂറിച്ചിലേക്ക് പറന്ന വിമാനത്തില്‍ ആകെ 226 യാത്രക്കാരെയാണ് മടക്കികൊണ്ടുപോയത്.
സ്വിസ് വിനോദ സഞ്ചാരികളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് കൊറോണ പ്രോട്ടോക്കോള നുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നടപടികളെടുത്തത്. വിനോദ സഞ്ചാരികളുടെ എണ്ണം അനുസരിച്ച് അതാത് രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് ഇന്തയിലിറങ്ങാന്‍ അനുമതി ലഭിച്ചിരുന്നു. നിലവില്‍ മുംബൈ അന്താരാഷ്‌ട്രവിമാനത്താവളത്തിലേക്കാണ് എല്ലാ വിമാനങ്ങളും എത്തിയിരുന്നത്. എന്നാല്‍ സഞ്ചാരികളുടെ എണ്ണം കൂടുതലായതിനാല്‍ കേരളത്തിലേക്ക് നേരിട്ടെത്തി സ്വന്തം നാട്ടുകാരെ കൊണ്ടുപോകാന്‍ സ്വിറ്റ്‌സര്‍ലാന്റ് വിദേശകാര്യമന്ത്രാലയം കേന്ദ്രസര്‍ക്കാറിന്റെ അനുമതി തേടുകയായിരുന്നു.















