ലണ്ടന്‍: ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിനടക്കം മൂന്ന് അന്താരാഷ്‌ട്ര താരങ്ങളുമായുള്ള കൗണ്ടി ക്രിക്കറ്റിനായുള്ള കരാര്‍ ഉപേക്ഷിച്ചതായി യോര്‍ക്കര്‍ഷെയര്‍ ക്ലബ്ബ് അധികൃതർ അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങളെല്ലാം ഉപേക്ഷിച്ച പശ്ചാത്തല ത്തിലാണ് തീരുമാനമെന്ന് ക്ലബ്ബ് അറിയിച്ചു. അശ്വിനെക്കൂടാതെ ദക്ഷിണാഫ്രിക്കന്‍ സ്പിന്‍ ബൗളര്‍ കേശവ് മഹാരാജ്, വെസ്റ്റിന്റീസ് ബാറ്റ്‌സ്മാന്‍ നിക്കോളാസ് പൂരന്‍ എന്നിവരുമായുള്ള കരാറുകളും യോര്‍ക്ക്‌ഷെയര്‍ റദ്ദാക്കി.
‘എല്ലാ താരങ്ങളും അന്താരാഷ്‌ട്ര ക്രിക്കറ്റിലെ മികച്ച താരങ്ങളാണ്. മികച്ച പ്രൊഫഷണലുകളുമാണ്. നിലവിലെ സാഹചര്യം എല്ലാവര്‍ക്കും ശരിക്കും ബോധ്യമുള്ളതുമാണ്. ക്ലബ്ബിന്റെ പരിമിതികള്‍ അവര്‍ക്ക് ബോധ്യപ്പെടുമെന്ന് വിശ്വസിക്കുന്നു. വിവരങ്ങള്‍ ധരിപ്പിച്ചിട്ടുമുണ്ട്. ഈ സീസണില്‍ കളികള്‍ നടത്താനുള്ള സാഹചര്യം ഒട്ടും ഇല്ലാത്തതിനാല്‍ കൊറോണ ലോക്ഡൗണിന്റെ കൂടി പശ്ചാത്തലത്തിലാണ് കരാറുകള്‍ റദ്ദാക്കിയത്’ യോര്‍ക്ക്‌ഷെയര്‍ ഡയറക്ടര്‍ മാര്‍ട്ടിന്‍ മോക്‌സണ്‍ അറിയിച്ചു.















