ലണ്ടന്‍: യൂറോപ്പിലെ ലീഗുകള്‍ ഏതു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നത് അറിയിക്കാന്‍ യുവേഫ സമയം നിര്‍ദ്ദേശിച്ചു. ലീഗുകള്‍ പൂര്‍ത്തിയാക്കുമോ അതോ മത്സരങ്ങള്‍ വേണ്ടെന്ന് വക്കുമോ എന്നതാണ് അറിയിക്കേണ്ടത് . മെയ് 25 വരെയാണ് തീരുമാനം അറിയിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.
നിലവില്‍ ബെലാറൂസ് ഒഴിച്ച് ബാക്കി എല്ലാ രാജ്യങ്ങളും ലീഗ് മത്സരങ്ങള്‍ മുഴുവന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെ പ്രീമിയര്‍ലീഗ് സീസണ്‍ മെയ് മാസത്തില്‍ തുടങ്ങാന്‍ പാകത്തിന് സ്റ്റേഡിയങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ക്രമീകരിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ആഴ്‌സണല്‍, ടോട്ടനം, ബ്രൈറ്റണ്‍, വെസ്റ്റ് ഹാം എന്നീ ക്ലബ്ബുകള്‍ പരിശീലന മൈതാനങ്ങളും താരങ്ങള്‍ക്ക് വ്യക്തിപരമായി പരിശീലിക്കാനുള്ള സൗകര്യങ്ങളും അണുനശീകരണം നടത്തി തയ്യാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
ജൂണ്‍ മാസം 8-ാം തീയതിയോടെ പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ പുനരാരംഭിച്ച് ജൂലൈ മാസത്തില്‍ അവസാനിപ്പിക്കാനാണ് നിലവില്‍ ആലോചിക്കുന്നത്. എന്നാല്‍ അതിനായുള്ള പരിശീലനം മെയ്18 ആരംഭിക്കേണ്ടിവരുമെന്നും ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി. ആകെ 29 രാജ്യങ്ങളിലായി 950 ക്ലബ്ബുകള്‍ മത്സരിക്കുന്ന 36 പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗുകളാണ് നിലവിലുള്ളത്.