പുരി: അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂറിന് മണല്‍ ശില്‍പ്പ കലാകാരന്റെ ആദരാഞ്ജലി. ലോക പ്രശസ്ത മണല്‍ശില്‍പ്പ കലാകാരന്‍ സുദര്‍ശന്‍ പട്‌നായകാണ് ശില്‍പ്പം മെനഞ്ഞ് ആദരിച്ചത്. ഒഡീഷയിലെ പുരിയിലുള്ള കടല്‍തീരത്താണ് പതിവുപോലെ സുദര്‍ശന്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും തരംഗമായിരുന്ന ഋഷി കപൂറിനെ മണലില്‍ ശില്‍പചാരുതയോടെ വരച്ചിട്ടത്. ട്വിറ്ററിലൂടെ പങ്കുവയക്കപ്പെട്ട ശില്‍പ്പം ഇന്നലെ വലിയ ട്രന്റായി മാറി.2 ലക്ഷത്തിലേറെ ലൈക്കുകളാണ് സുദര്‍ശന്റെ ശില്‍പ്പത്തിന് ലഭിച്ചത്.
‘ലക്ഷക്കണക്കിന് ആരാധകരുടെ നായകന്‍’ എന്ന വാചകമാണ് ഋഷികപൂറിന്റെ ശില്‍പ്പത്തിനൊപ്പം എഴുതിച്ചേര്‍ത്തത്. ഒപ്പം അതിനടിയില്‍ ‘ ഓം ശാന്തി……1952-2020’ എന്നും സുദര്‍ശന്‍ കോറിയിട്ടു.
ശില്‍പ്പ നിര്‍മ്മാണം പതിവുപോലെ കാണാന്‍ സാധാരണ വരാറുള്ള ജനങ്ങളില്ലായിരുന്നു എന്ന സങ്കടം സുദര്‍ശനനുണ്ട്. പ്രത്യേക അനുമതി വാങ്ങിയാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ പുരി കടല്‍തീരത്ത് ശില്‍പം തീര്‍ത്തത്. തന്റെ ട്വിറ്ററിലൂടെയാണ് സുദര്‍ശന്‍ താരത്തിനുള്ള ആദരാഞ്ജലി ലോകത്തിന് മുന്നിലെത്തിച്ചത്.
ഇന്നലെ രാവിലെ അന്തരിച്ച ഋഷികപൂറിന്റെ സംസ്‌കാരം ചന്ദന്‍വാഡി ശ്മശാനത്തിലാണ് നടന്നത്. മകന്‍ റണ്‍ബീര്‍ കപൂര്‍ സംസ്‌കാരചടങ്ങുകള്‍ നടത്തി.















