വാഷിംഗ്ടണ്‍: അമേരിക്ക ചരിത്രത്തില്‍ നേരിട്ട ഏറ്റവും വലിയ ആക്രമണമായി കൊറോണ മാറിയിരിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ്. കൊറോണ പേൾ ഹാർബർ ,9/11 ആക്രമണങ്ങളേക്കാൾ നാശം വിതച്ചതായി ട്രംപ് വിലയിരുത്തി. വാഷിംഗ്ടണിലെ വാര്‍ത്താ സമ്മേളത്തിലാണ് ട്രംപിന്റെ നിരാശ പ്രകടമായത്. ചൈനയെ വീണ്ടു പേരെടുത്ത് വിമര്‍ശിച്ച ട്രംപ് കൊറോണ ബാധയുടെ മുഴുവന്‍ കുറ്റവും ചൈനയുടേത് മാത്രമാണെന്ന് എടുത്തുപറഞ്ഞു. അവിടെ തന്നെ നിയന്ത്രിക്കേണ്ട രോഗത്തെ ലോകം മുഴുവന്‍ പരത്തിയത് ചൈനയാണെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ പ്രസ്താവന ക്കപ്പുറം ഇത്തരം പ്രതിസന്ധികള്‍ ശാസ്ത്രജ്ഞന്മാരും ഡോക്ടര്‍മാരും പരിഹരിക്കട്ടെ യെന്നാണ് ചൈനയുടെ മറുപടി.
1941 ഡിസംബര്‍ 7ന് ജപ്പാന്‍ വ്യോമസേന തകര്‍ത്ത പേള്‍ ഹാര്‍ബറിന്റെ അനുഭവത്തേക്കാളും 2001 സെപ്തംബര്‍ 11ന് അല്‍ ഖ്വയ്ദ ന്യൂയോര്‍ക്കിലെ ലോകവ്യാപാര സമുച്ചയം തകര്‍ത്തതിനേക്കാളും വലിയ ആഘാതമാണ് കൊറോണ മൂലമുണ്ടായതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
ഇതിനിടെ യൂറോപ്പ്യന്‍ യൂണിയന്‍ ലോക്ഡൗണില്‍ നിന്നും പതുക്കെ വിമുക്തരാകുന്നതിന്റെ സന്തോഷവും പങ്കുവച്ചു. ജര്‍മ്മനി മെയ് 15ന് ബുന്ദേസ്ലീഗാ ഫുട്‌ബോള്‍ മത്സരം പുനരാ രംഭിക്കാന്‍ തീരുമാനിച്ചതും മറ്റ് രാജ്യങ്ങള്‍ വ്യാപാര മേഖലയിലേക്ക് പതുക്കെ ചുവടു വയ്‌ക്കുന്നതും ട്രംപ് എടുത്തുപറഞ്ഞു.















