ഇവള്‍ സ്നേഹത്തിന്റെ മറ്റൊരു മുഖം; കാന്‍സര്‍ രോഗികള്‍ക്കായി തന്റെ മുടി ദാനം ചെയ്ത് കൊച്ചു മിടുക്കി; നന്മയുടെ പ്രതിരൂപമായി മൂന്നാം ക്ലാസുകാരി

Published by
Janam Web Desk

“അമ്മേ, ഞാന്‍ എന്റെ മുടി ക്യാന്‍സര്‍ രോഗികള്‍ക്ക് സംഭാവന ചെയ്‌തോട്ടെ “.  അശ്വതി എന്ന എട്ടുവയസുകാരിയുടെ ചോദ്യമാണിത്. ചോദ്യം കേട്ട് ബന്ധുക്കളെല്ലാം ആശ്ചര്യപ്പെട്ടെങ്കിലും അശ്വതി ധീരമായി തന്റെ ആഗ്രഹത്തില്‍ തന്നെ ഉറച്ചു നിന്നു. ഒടുവില്‍ തന്റെ നീളമുള്ള ഇടതൂര്‍ന്ന മനോഹരമായ മുടി അവള്‍ കാന്‍സര്‍ രോഗികള്‍ക്കായി പൂര്‍ണ്ണ മനസോടെ സംഭാവന ചെയ്തു.

വലിയൊരു സന്ദേശമാണ് ഈ എട്ടുവയസുകാരി സമൂഹത്തിന് നല്‍കുന്നത്. സ്‌നേഹത്തിന്റേയും അനുകമ്പയുടേയും ദയയുടേയും പ്രതീകമാണ് ഈ കുഞ്ഞ്. ഭംഗിയുള്ള മുടിയിഴകള്‍ അവള്‍ക്കിന്ന് ഇല്ലെങ്കിലും അവളുടെ നല്ല മനസ്സ് ആ കുഞ്ഞു മുഖത്തെ കൂടുതല്‍ വര്‍ണാഭമായിരിക്കുകയാണ്.

നാം നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന് അതിലും കൂടുതല്‍ ആവശ്യമുള്ള ഒരാള്‍ക്ക് നല്‍കാന്‍ തയ്യാറാകുമ്പോള്‍, സ്വന്തം ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ത്താന്‍ കരുത്തുള്ള ഒരു മനസ്സിനെ തയ്യാറാക്കിയിരിക്കണം എന്ന വലിയൊരു സന്ദേശമാണ് അവളുടെ പുഞ്ചിരിയിലൂടെ നമുക്ക് ലഭിക്കുന്നത്. എന്തൊക്കെയോ വെട്ടിപിടിക്കാനുള്ള വ്യഗ്രതയോടെ പായുന്ന മനുഷ്യര്‍ക്ക് മുന്നില്‍ മാതൃകയായിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. അവള്‍ക്കേറെ പ്രിയപ്പെട്ടതാണ് മറ്റുള്ളവരുടെ സന്തോഷത്തിനായി അവള്‍ നല്‍കിയത്.

നിരവധി പേര്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അശ്വതിയ്‌ക്ക് അഭിനന്ദനം അറിയിച്ചു. മനസില്‍ ഏറെ നന്മയുള്ള ആ കുഞ്ഞു മിടുക്കിയ്‌ക്ക് എല്ലാ സൗഭാഗ്യങ്ങളും നേര്‍ന്ന് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

Share
Leave a Comment