മ്യൂണിച്ച്: അന്താരാഷ്‌ട്ര ഫുട്‌ബോളിലെ മിന്നും താരമായിരുന്ന മിറാസ്ലോവ് ക്ലോസിനെ പരിശീലക സ്ഥാനത്തേക്ക് നിയമിച്ച് ജര്‍മ്മന്‍ ലീഗിലെ വമ്പന്മാരായ ബയേണ്‍ മ്യൂണിച്ച്. മ്യൂണിച്ചിന്റെ 2020-21 സീസണിലേക്കുള്ള സഹ പരിശീലക സ്ഥാനത്തേക്കാണ് നിയമിച്ചിരിക്കുന്നത്. ഹാന്‍സി ഫ്‌ലിക്‌സിന്റെ സഹായിയായിട്ടാണ് നിയമനം. ജൂലൈ ഒന്നിനാണ് ജര്‍മ്മനിയുടെ മുന്‍ അന്താരാഷ്‌ട്രതാരം ക്ലബ്ബിനൊപ്പം ചേരേണ്ടത്. മറ്റൊരു സഹപരിശീലകനായ ഡാനി റോളിന്റെ കരാര്‍ 2023 വരെ നീട്ടിയിട്ടുമുണ്ട്.
ജര്‍മ്മനിയുടെ എക്കാലത്തേയും മികച്ച സ്‌ട്രൈക്കറായ ക്ലോസിനെ ലഭിച്ചത് ക്ലബ്ബിന് വലിയ കരുത്തുപകരുമെന്ന് ബയേണ്‍ മ്യൂണിച്ച് സിഈഒ കാള്‍ ഹെന്‍സ് റെമിന്‍ഗേ പറഞ്ഞു. ‘ മിറോയെ ടീമിലേക്ക് കിട്ടിയതില്‍ തങ്ങള്‍ ഏറെ സന്തോഷിക്കുന്നു. കഴിഞ്ഞ 15-20 വര്‍ഷങ്ങള്‍ക്കിടെ ജര്‍മ്മനി കണ്ട ഏറ്റവും വിജയിച്ച താരമാണ്. തങ്ങളുടെ ടീമംഗങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം വലിയ പ്രേരണയാകും’ കാള്‍ ഹെന്‍സ് ട്വിറ്ററില്‍ കുറിച്ചു.
ബയേണില്‍ ചേര്‍ന്നതിലുള്ള സന്തോഷം ചെറുതല്ലെന്ന് മിറാസ്ലോവ് ക്ലോസും പറഞ്ഞു. ‘ താനേറെ സന്തോഷവാനാണ്. ഏറ്റെടുത്തിരിക്കുന്ന ജോലി ഭംഗിയാക്കാന്‍ ശ്രമിക്കും. ഹാന്‍സിയെ മുന്നേ നന്നായി അറിയാം. ദേശീയ ടീമില്‍ ഒരുമിച്ച് കളിച്ചവരുമാണ്. ഇതെന്റെ ഫുട്‌ബോള്‍ ജീവിതത്തിന്റെ രണ്ടാം ഘട്ടമാണ്. തന്റെ അനുഭവ പരിചയം ടീമിലെ കളിക്കാര്‍ക്ക് പകരാനായി ശ്രമിക്കും’ ക്ലോസ് ട്വിറ്ററിലൂടെ മറുപടി നല്‍കി.















