കൊച്ചി: അറബ് രാജ്യങ്ങളിലെ കൊറോണ പ്രതിസന്ധിയിൽ വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. യുഎഇ ഭരണകൂടത്തിന്റെ സഹായഭ്യര്‍ത്ഥന മാനിച്ച് 88 പേരടങ്ങുന്ന ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘത്തെയാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക സംവിധാനത്തില്‍ അയച്ചിരിക്കുന്നത്. യുഎഈ ഭരണകൂടം അയച്ച പ്രത്യേകവിമാനത്തില്‍ ഇന്നലെ രാത്രിയാണ് സംഘം യാത്രയായത്. കൊച്ചിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ആസ്റ്റര്‍ മെഡിസിറ്റിയുടെ സംഘത്തെയാണ് അയച്ചത്.
നിലവില്‍ വിദേശത്തെ ആശുപത്രികളിലെ നഴ്‌സുമാരുടേയും ഡോക്ടര്‍മാരുടേയും കുറവുകള്‍ പരിഹാരിക്കാനാണ് കേന്ദ്ര ഭരണകൂടം സഹായം നല്‍കുന്നത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കുന്ന വിദേശത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മാത്രമേ സേവനം നല്‍കൂ എന്നും ആരോഗ്യവകുപ്പും വിദേശകാര്യവകുപ്പും വ്യക്തമാക്കിയിരുന്നു.
കൊച്ചിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്‌സുമാരും ഡോക്ടര്‍മാരും അടങ്ങുന്ന സംഘത്തിനൊപ്പം അവധിക്ക് നാട്ടിലേക്ക് വന്ന നഴ്‌സുമാരും ഡോക്ടര്‍മാരും സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായതില്‍ കേന്ദ്ര ആരോഗ്യവകുപ്പ് നന്ദിയും അഭിന്ദനവും അറിയിച്ചു. പലരും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചും കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനായി ഈ സംഘത്തോടൊപ്പം ചേര്‍ന്നു എന്ന പ്രത്യേകതയും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. ആകെ നൂറ്റിയെഴുപതോളം രാജ്യങ്ങളിലെ പൗരന്മാര്‍ അധിവസിക്കുന്ന ദുബായ് അടക്കമുള്ള മേഖലകളിലാണ് ഇന്ത്യന്‍ സംഘം നിര്‍ദ്ദേശിക്കുന്ന സമയമത്രയും പ്രവര്‍ത്തിക്കുകയെന്നും ആരോഗ്യവകുപ്പറിയിച്ചു.















