ന്യൂഡല്‍ഹി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ബംഗ്ലാദേശിലെ ധാക്കയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ശ്രീനഗറില്‍ ഇന്നെത്തും. 169 വിദ്യാര്‍ത്ഥികളാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ശ്രീനഗറിലെത്തുക. വിമാനം നേരിട്ട് ശ്രീനഗറിലേക്കാണ് എത്തുകയെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. ഇന്ന് ഗള്‍ഫ് മേഖലയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിക്കുന്ന അഞ്ച് വിമാനങ്ങള്‍ക്ക് പുറമേയാണ് ബംഗ്ലാദേശില്‍ നിന്നും പ്രത്യേക വിമാനം സേവനം നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നും ഇന്ത്യയിലേക്ക് പറക്കുന്ന നാലാമത്തെ വിമാനമാണ് ഇന്ന് എത്തുന്നത്. മുംബൈ വിമാനത്താവളത്തിലേക്ക് 107 യാത്രക്കാരുമായുള്ള വിമാനം ഇന്നലെ എത്തിയതായും വിദേശകാര്യവക്താവ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച 129 യാത്രക്കാര്‍ ഡല്‍ഹിയിലും മെയ് 8ന് ശ്രീനഗറിലും എത്തിച്ചേര്‍ന്നിരുന്നു.
മെയ് മാസം 7-ാം തീയതി മുതലാണ് ഇന്ത്യ വിദേശത്തുനിന്നുള്ളവരെ എത്തിച്ചുതുടങ്ങിയത്. 64 വിമാനങ്ങളാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്നത്. ഈ ആഴ്ച മാത്രം 15000 പേരെ തിരികെ എത്തിക്കലാണ് ലക്ഷ്യം. ആകെ 1,92,000 പേരെ നാട്ടിലേക്ക് എത്തിക്കാന്‍ വിമാനങ്ങളും കപ്പലുകളും ഒരേ സമയം വിദേശകാര്യമന്ത്രാലയം വന്ദേ ഭാരത് മിഷനിലൂടെ ശ്രമിക്കുകയാണ്.















