കൊല്‍ക്കത്ത: കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കിടന്ന രോഗിയെ രക്ഷപെടുത്തുന്നതില്‍ വീണ്ടും വിജയിച്ച് ഇന്ത്യയിലെ ചികിത്സാ സംവിധാനം. കൊല്‍ക്കത്തയിലെ ആംറി ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 38 ദിവസം വെന്റിലേറ്ററില്‍ കിടന്ന് ജീവന്‍ തിരികെ ലഭിക്കുന്നത് ഒരു വലിയ നേട്ടമായാണ് ആംറി ആശുപത്രി അധികൃതര്‍ വിവരിക്കുന്നത്.
പൊതു സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന നേതായ് ദാസ് മുഖര്‍ജി എന്ന വ്യക്തിയാണ് ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ കൊറോണ മുക്തിനേടിയത്. തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്ന സേവന പ്രവര്‍ത്തകനെന്ന നിലയില്‍ കൊല്‍ക്കത്തയില്‍ സുപരിചിതനായ വ്യക്തിയാണ് നേതായ്. അത്തരം പ്രവര്‍ത്തിക്കിടെയാണ് കൊറോണ പിടിപെട്ട് ആശുപത്രിയിലായത്.കടുത്ത പ്രമേഹ രോഗി കൂടിയായ നേതായ് രക്ഷപെട്ടത് ഒരു അത്ഭുതമായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത്.
തന്റെ ജീവന്‍ രക്ഷിച്ചെടുത്ത മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേതായ് നന്ദി പറഞ്ഞു. നിലവില്‍ വെന്റിലേറ്ററില്ലാതെ കഴിയാന്‍ പറ്റുന്ന തരത്തിലേക്ക് നേതായ് മാറിയെന്നും ഇനി വീട്ടിലിരുന്നുള്ള വിശ്രമത്തിന് ശേഷം പുറത്തിറങ്ങാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.















