ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പരിശീലനങ്ങള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലനം ആരംഭിക്കാന്‍ ഭരണകൂടം അനുമതി നല്കി. കളിക്കാര്‍ക്കിടയില്‍ തമ്മില്‍ കൂട്ടിമുട്ടുന്ന രീതിയിലുള്ള പരിശീലനങ്ങള്‍ പാടില്ല, അണുനശീകരണം നടത്താത്ത ഗ്രൗണ്ടുകളോ ഉപകരണങ്ങളോ ആരും ഉപയോഗിക്കരുത് എന്നീ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായി ക്ലബ്ബുകള്‍ അറിയിച്ചു.
കളിക്കളത്തിലെ കോര്‍ണര്‍ ഫ്ലാഗുകള്‍, പന്തുകള്‍, പരിശീലനത്തിന് ഉപയോഗിക്കുന്ന ദൂരം അടയാളപ്പെടുത്തുന്ന കോണുകള്‍, ഗോള്‍പോസ്റ്റ് എന്നിവയും സിന്തറ്റിക് പ്രതലങ്ങളുമടക്കം അണുനാശം വരുത്തിയിരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.പരിശീലന സമയം 75 മിനിറ്റാക്കി പുനര്‍നിര്‍ണ്ണയിച്ചിട്ടുണ്ട്.
ജൂണ്‍ 12ന് ആദ്യമത്സരം നടത്താനാണ് പ്രീമിയല്‍ ലീഗ് ഉദ്ദേശിച്ചിരിക്കുന്നത്. പ്രീമിയര്‍ ലീഗിന്റെ അടുത്തയോഗം 18-ാം തീയതി നടക്കും. ലീഗുകളുടെ കളികള്‍ പുനരാരംഭിക്കുന്ന തീയതികള്‍ യുവേഫയെ അറിയിക്കേണ്ട അവസാന തീയതി ഈ മാസം 25നാണ് നിശ്ചയിച്ചിരിക്കുന്നത്.