പനജി : ബിബിസി അഭിമുഖത്തിൽ ഗോവയെ അപമാനിച്ച ആരോഗ്യമന്ത്രി കെ.കെ ഷൈലജക്കെതിരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവയിൽ കൊറോണ ചികിത്സയ്‌ക്ക് വേണ്ട ആശുപത്രികളില്ലെന്നും ഗോവയിൽ നിന്ന് ഒരു കൊറോണ രോഗി കേരളത്തിലെത്തി ചികിത്സ തേടുകയായിരുന്നുവെന്നുമുള്ള ഷൈലജയുടെ പരാമർശത്തിനെതിരെയാണ് ഗോവ മുഖ്യമന്ത്രി രംഗത്തെത്തിയത്. പരാമർശം തന്നെ ഞെട്ടിപ്പിച്ചുവെന്ന് അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.
കേരളത്തിൽ വന്ന് മരിച്ച കൊറോണ രോഗി കേരളത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ കിട്ടിയ വിവരമനുസരിച്ച് ഗോവയിൽ നിന്ന് വന്നതല്ലെന്ന് വ്യക്തമാണ്. ഗോവയിൽ കൊറോണയ്‌ക്ക് മാത്രമായി പ്രത്യേക ആശുപത്രിയുണ്ട്. ഏഴ് രോഗികൾ പൂർണമായും രോഗമുക്തമായിട്ടുണ്ട്. നിലവിൽ ഗോവയിൽ കൊറോണ രോഗികളെ ചികിത്സിക്കുന്നുമുണ്ട്. അദ്ദേഹം വ്യക്തമാക്കി.
ഏഷ്യയിലെത്തന്നെ ഏറ്റവും ആദ്യത്തേതിൽ ഒന്നും മികച്ചതുമായ മെഡിക്കൽ കോളേജാണ് ഗോവയിലേത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെപ്പോലും ഗോവയിൽ ചികിത്സിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഗോവ കേന്ദ്രഭരണ പ്രദേശമല്ല സംസ്ഥാനമാണെന്നും അദ്ദേഹം കെ.കെ ഷൈലജയെ ട്വീറ്റിലൂടെ ഓർമ്മിപ്പിച്ചു.
I am appalled by the factually incorrect statements of Kerala Health Minister Smt. K. K. Shailaja Ji during her interview with the BBC regarding the death in Kerala of a COVID positive patient from Goa. @shailajateacher #GoaFightsCOVID19#IndiaFightsCOVID19
1/5 pic.twitter.com/1jFzpK2KYj— Dr. Pramod Sawant (@DrPramodPSawant) May 19, 2020
കൊറോണ വൈറസിനെതിരെ കേരളം കൈക്കൊണ്ട മാർഗ്ഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കെ.കെ ഷൈലജയുടെ പരാമർശം . കേരളത്തിൽ മൂന്ന് രോഗികൾ മാത്രമേ മരിച്ചിട്ടുള്ളൂവെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. മാഹി സ്വദേശിയായ കൊറോണ രോഗി കേരളത്തിൽ ചികിത്സയിലിരിക്കെ മരിച്ചത് കേരളത്തിന്റെ കണക്കിൽ കൂട്ടിയതാണ് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. എന്നാൽ മാഹിക്ക് പകരം മന്ത്രി ഗോവയെന്നാണ് ഉപയോഗിച്ചത്.
നിലവിൽ കേരളത്തേക്കാൾ മരണ സംഖ്യ കുറഞ്ഞ പതിനൊന്ന് സംസ്ഥാനങ്ങൾ ആണ് ഇന്ത്യയിൽ ഉള്ളത്. അരുണാചൽ പ്രദേശ്, ഛത്തീസ്ഗഡ് , ഗോവ , മണിപ്പൂർ, മിസോറം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ആരും മരിച്ചിട്ടില്ല. മേഘാലയയിലും ഉത്തർഖണ്ഡിലും ഒരാൾ വീതവും അസമിൽ രണ്ടു പേരുമാണ് മരിച്ചത്. ഹിമാചൽ പ്രദേശിലും ഝാർഖണ്ഡിലും മൂന്ന് പേർ മരിച്ചിട്ടുണ്ട്. ഒരാൾ പോലും മരിക്കാത്ത ഗോവയിൽ നിന്ന് രോഗി കേരളത്തിൽ വന്ന് മരിച്ചെന്നാണ് ആരോഗ്യമന്ത്രി അന്താരാഷ്‌ട്ര മാദ്ധ്യമത്തോട് പ്രതികരിച്ചത്.
ഗോവയിൽ ആശുപത്രികളും അടിസ്ഥാന സൗകര്യവുമില്ലെന്നും ഗോവക്കാരൻ കേരളത്തിൽ വന്ന് മരിച്ചെന്നുമുള്ള ആരോഗ്യമന്ത്രിയുടെ തെറ്റായ പരാമർശം പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.