ന്യൂഡല്‍ഹി:അൽ ഖായ്ദ ഭീകരനെ അമേരിക്കന്‍ ആഭ്യന്തരവകുപ്പ് ഇന്ത്യക്ക് കൈമാറി. ഇസ്ലാമിക ഭീകരനായ മുഹമ്മദ് ഇബ്രാഹീം സുബൈറിനെയാണ് കൈമാറിയത്. ഭീകരന്മാര്‍ക്ക് ആയുധങ്ങളും മറ്റ് സഹായങ്ങളും എത്തിക്കുന്നവരില്‍ പ്രധാനിയാണെന്നും അമേരിക്ക തെളിവു നല്‍കി.
ഹൈദരാബാദുകാരനായ സുബൈറിനെ അമൃതസറിലേക്കാണ് നിലവില്‍ എത്തിച്ചത്. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഭീകരവിരുദ്ധ സേന ഏറ്റെടുക്കുമെന്ന് തെലങ്കാന പോലീസ് അറിയിച്ചു. 40 കാരനായ സുബൈര്‍ ഒസ്മാനിയ സര്‍വ്വകലാശാലയില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ വ്യക്തിയാണ്. തുടര്‍ന്ന് ഉപരിപഠനത്തിനായി അമേരിക്കയിലെ ഇല്ലിനോയിസില്‍ പോയ ഇയാള്‍ 2006ല്‍ ഒഹിയോയിലേക്ക് മാറുകയും ഒരു അമേരിക്കന്‍ വനിതയെ വിവാഹം കഴിച്ച് പൗരത്വം നേടുകയും ചെയ്തു. 2015ലാണ് സുബൈര്‍ പിടിയിലായത്. അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷതീരുന്നതിനാലാണ് ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം കൈമാറിയത്.
സുബൈറും സഹോദരന്‍ യാഹിയ ഫറൂഖും ചേര്‍ന്ന് അൽ ഖായ്ദ നേതാവ് അന്‍വര്‍ അല്‍ അവ്‌ലാകിയുടെ പ്രസംഗങ്ങളും ലേഖനങ്ങളും പ്രചരിപ്പിച്ചിരുന്നു. ഇവരില്‍ ഫറൂഖ് പിന്നീട് യമനിലെ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ താലിബാന്റേയും ചെചെന്‍ ഭീകരന്മാരുടേയും വീഡിയോകളും പൊതുസമൂഹ ത്തിലെത്തിക്കുന്ന കണ്ണികളായിരുന്നുവെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.















