ലഡാക്കില്‍ സൈനികരെ ചൈനീസ് സൈന്യം തടങ്കലിലാക്കി എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ സൈന്യം

Published by
Janam Web Desk

ശ്രീനഗര്‍ : ലഡാക്കില്‍ പട്രോളിംഗിനായി വിന്യസിച്ച സൈനികരെ ചൈനീസ് സൈന്യം തടങ്കലില്‍ പാര്‍പ്പിച്ചതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം തടങ്കലിലാക്കി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ലഡാക്കില്‍ പട്രോളിംഗിനായി വിന്യസിച്ചിരിക്കുന്ന സൈന്യത്തിന്റെയും ഇന്‍ഡോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെയും സംയുക്ത സംഘത്തെ ചൈനീസ് സൈന്യം പിടികൂടി തടങ്കലില്‍ പാര്‍പ്പിച്ചു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പിന്നീട് പ്രാദേശിക തലത്തില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ ഇവരെ വിട്ടയച്ചു എന്നും പട്രോളിംഗിനായി വിന്യസിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ ആയുധങ്ങള്‍ ഇവര്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും പ്രാചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വാര്‍ത്തകള്‍ നിഷേധിച്ച് സൈന്യം രംഗത്ത് വന്നത്.

ലഡാക്കില്‍ ഇരു വിഭാഗം സൈന്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചു. ചൈനീസ് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ട്. പ്രകോപനം ഉണ്ടാക്കുന്നതിനായി പാങ്കോംഗ് തടാകത്തില്‍ കൂടുതല്‍ മോട്ടോര്‍ ബോട്ടുകള്‍ ഉപയോഗിച്ച് പട്രോളിംഗും നടത്തുന്നുണ്ട്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് ഇന്ത്യന്‍ സൈന്യവും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സൈന്യത്തെയും അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.

Share
Leave a Comment