ന്യൂഡല്‍ഹി: ഉത്തരഭാരതത്തില്‍ വന്‍തോതില്‍ കൃഷിനാശം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വെട്ടുകിളി ശല്യത്തിനെ നേരിടാനായി കേന്ദ്രസര്‍ക്കാര്‍ സംവിധാനമൊരുക്കുന്നു. പഞ്ചാബിലും ഹരിയാനയിലും ചണ്ഡീഗഡിലും കനത്ത വിളനാശമാണ് പാകിസ്താനില്‍ നിന്നും എത്തിപ്പെട്ട വെട്ടുകിളിക്കൂട്ടം ഉണ്ടാക്കുന്നത്. അതിര്‍ത്തിപ്രദേശത്തെ ഇരുരാജ്യങ്ങളുടേയും ഹെക്ടറുകണക്കിന് കൃഷിയാണ് വെട്ടുകിളിക്കൂട്ടം തിന്നുതീര്‍ ക്കുകയാണ്.

കേന്ദ്രകൃഷി മന്ത്രാലയത്തിന്റെ പ്രത്യേക ഉപകരണങ്ങള്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ എത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വെട്ടുകിളികളെ തുരത്താനായി 89 കീടനാശിനി തളിക്കാനുള്ള യന്ത്രങ്ങളുമായി അഗ്നിശമന സേനയുടെ വാഹനങ്ങള്‍, 120 നിരീക്ഷണ വാഹനങ്ങള്ഡ, 47 കീടനാശിനി യന്ത്രങ്ങള്‍, 810 ട്രാക്ടറുകള്‍ എന്നിവയാണ് സംസ്ഥാനങ്ങളില്‍ എത്തിച്ചിരിക്കുന്നത്.
രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളെയാണ് തവിട്ടുനിറത്തിലുള്ള വെട്ടുകിളികള്‍ ആക്രമിച്ചിരിക്കുന്നത്. വെട്ടുകിളികള്‍ 100 കിലോമീറ്റര്‍ ദൂരംവരെ ഭക്ഷണത്തിനായി സഞ്ചരിക്കും. കൃഷിയിടങ്ങള്‍ക്കു ചുറ്റുമുള്ള വീടുകളിലും മരത്തിലും പറ്റിപ്പിടിച്ച് ആയിരക്കണക്കിന് വെട്ടുകിളികളാണ് നിലയുറപ്പിച്ചിരിക്കുന്നത്. കൃഷിയിടത്തിലെ വിളകള്‍ക്ക് പുറമേ കൂട്ടിവച്ചിരിക്കുന്ന ധാന്യങ്ങളും അകത്താക്കുന്ന തരത്തിലുള്ള അപകടമാണ് വെട്ടുകിളികള്‍ ഉണ്ടാക്കുന്നത്.















