ഈ പുസ്തകത്തിന്റെ ചരിത്രമറിയില്ലെങ്കിൽ നിങ്ങൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ല -വീര സവർക്കർ സ്പെഷ്യൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Special

ഈ പുസ്തകത്തിന്റെ ചരിത്രമറിയില്ലെങ്കിൽ നിങ്ങൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ല -വീര സവർക്കർ സ്പെഷ്യൽ

അഭിലാഷ് കടമ്പാടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2020, 01:22 pm IST
FacebookTwitterWhatsAppTelegram

പരമ്പരയുടെ ആദ്യ ഭാഗം

ശിപായി ലഹളയെ സ്വാതന്ത്ര്യ സമരമാക്കിയ പൊൻതൂലിക – വീരസവർക്കർ സ്പെഷ്യൽ

ഇന്ത്യ ഹൗസ്സിലെ കൂട്ടായ്മകളിൽ സവർക്കർ ഈ സ്വാതന്ത്ര്യ സമര ഗാഥയെ പറ്റി ത്രസിപ്പിക്കുന്ന പ്രഭാഷണങ്ങൾ നടത്തിക്കൊണ്ടേയിരുന്നു. സ്‌കോട്ടലണ്ട് യാർഡിന് ഈ പടയൊരുക്കത്തിന്റെ വിവരങ്ങൾ പലതും ചോർന്നു കിട്ടി. ആ റിപ്പോർട്ടുകൾ സവർക്കറുടെ ഇന്ത്യ ഓഫീസ് ലൈബ്രറിയിലേയ്‌ക്കുള്ള വാതിലുകൾക്ക് താഴിട്ടുവെങ്കിലും അപ്പോഴേയ്‌ക്കും അദ്ദേഹം തന്റെ പുസ്തകം തയാറാക്കിക്കഴിഞ്ഞിരുന്നു. ഇനി ബാക്കിയുണ്ടായിരുന്നത് അതിൽ നൽകിയ റഫറൻസുകളെ പരിശോധിച്ചു കുറ്റമറ്റതാക്കുക എന്നുള്ളത് മാത്രമായിരുന്നു.  നല്ല വെടിപ്പായിത്തന്നെ ആ പണി വിവിഎസ് അയ്യർ പൂർത്തിയാക്കി.

മറാത്തി ഭാഷയിലെഴുതിയ ആ കയ്യെഴുത്തു പ്രതി “1857 ചേ സ്വാതന്ത്ര്യസമർ” എന്നപേരിൽ 1908 ഏപ്രിലോടുകൂടി പൂർത്തിയായി. ഇനിയാണ് ജന്മം കൊണ്ട് തന്നെ കോരിത്തരിപ്പിക്കുന്ന ഈ ചരിത്രവാഹിനിയുടെ ത്രില്ലടിപ്പിക്കുന്ന മറ്റൊരു ചരിത്രം ആരംഭിക്കുന്നത്. എഴുതി ഒരുമിച്ചു ചേർക്കുന്നതിനിടയിൽ അതിന്റെ രണ്ടധ്യായങ്ങൾ ഇന്ത്യ ഹൗസിൽ നിന്നും മോഷ്ടിക്കപ്പെട്ടു.

ആ പുസ്തകം തയാറാക്കിയ ഓരോ വിദ്യാർഥിയുടെയും മനസ്സിൽ ഒരൊറ്റ ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.കാലത്തിന്റെ കുത്തൊഴുക്കിൽ വെറും ശ്ശിപ്പായിമാരുടെ തമ്മിൽത്തല്ലു മാത്രമായി ചിത്രീകരിക്കപ്പെടാമായിരുന്ന ഈ ഗാഥ ഭാരതത്തിലെത്തണം. അത് യൂണിയൻ ജാക്കുയർന്നു പാറുന്ന ഓരോ കോട്ടകൊത്തളത്തെയും നിലംപരിശാക്കും വണ്ണം യുവതയെ പ്രചോദിപ്പിക്കണം. അതുകൊണ്ട് അതി രഹസ്യമായി അതിന്റെ മറാത്തിയിലുള്ള കയ്യെഴുത്തു പ്രതി ഇന്ത്യയിലേയ്‌ക്ക് കടത്തി. അഭിനവ ഭാരതിന്റെ പ്രവർത്തകനായിരുന്ന ലിമായെയുടെ ഷോലാപൂരിലെ പ്രസിൽ അതിന്റെ അച്ചടിക്കുള്ള സംവിധാനങ്ങളൊരുക്കി. എന്നാൽ മോഷ്ടിക്കപ്പെട്ട ആ രണ്ടധ്യായങ്ങൾ അപ്പോഴേയ്‌ക്കും സ്‌കോട്ട്‌ലൻഡ് യാർഡിന്റെ റിപ്പോർട്ടുകളുടെ അനുബന്ധപ്പേജുകളായി മാറിയിരുന്നു. അതിന്റെ ഉള്ളടക്കം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിലനിൽപ്പിന് എത്രത്തോളം അപകടകരമായേക്കാം എന്നവർക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. നാസിക്കിലോ പൂനെയിലോ അതു പ്രസിദ്ധരികരിച്ചേയ്‌ക്കും എന്നവർ സ്വാഭാവികമായും ഊഹിച്ചു. അതുകൊണ്ടു തന്നെ അവരുടെ നിരീക്ഷണത്തിൽ ലിമയെയും ഉണ്ടായിരുന്നു.

പുതിയൊരു പുസ്തകത്തിന്റെ അച്ചടിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ച ബ്രിട്ടീഷ് പോലീസ് ആ പ്രസ് റെയ്‌ഡ്‌ ചെയ്യാൻ തീരുമാനിച്ചു. ഈ നീക്കത്തെ രാജ്യസ്നേഹിയായ ഒരു പോലീസ് ഓഫീസർ തന്നെ ലിമായെയോട് സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ആ കയ്യെഴുത്തു പ്രതി പൊലീസെത്തുന്നതിനു നിമിഷങ്ങൾക്ക് മുന്നേ തിരിച്ച് ബാബറാവു സവർക്കറുടെ കൈകളിലെത്തിക്കപ്പെട്ടു. ഒട്ടും വൈകിയ്‌ക്കാതെ ആ കയ്യെഴുത്തു പ്രതി ബോംബെ തുറമുഖത്ത് നിന്നും പാരീസിലേക്കെത്തി. അതോടെ ആ പുസ്തകം ഇന്ത്യയിൽ അച്ചടിക്കാമെന്നുള്ള മോഹം അസ്തമിച്ചു.

ആ പുസ്തകം എഴുതിയതിനു പിന്നിൽ ഒരു വലിയ ലക്ഷ്യവും പ്രചോദനവും ഉണ്ടായിരുന്നു എന്നതുതുകൊണ്ടു തന്നെ അങ്ങനെ ഉപേക്ഷിക്കാൻ കഴിയുന്നതായിരുന്നില്ല ആ പദ്ധതി. അത് സാക്ഷാത്കരിക്കാൻ പല മാർഗ്ഗങ്ങളും അവർ തെരഞ്ഞുകൊണ്ടിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ തന്നെ പല ഇൻഡോളജിസ്റ്റുകളും സംസ്‌കൃത ഗ്രന്ഥങ്ങളുടെ പ്രിന്റിങ് ജർമനിയിൽ തുടങ്ങിയിരുന്നു. ബാലബോധ ദേവനാഗരി ലിപിയിലെഴുതുന്ന മറാത്തി ഭാഷയിലുള്ള ഒരു പുസ്തകത്തെ എന്തുകൊണ്ട് ജർമനിയിലെ ഏതെങ്കിലും സംസ്‌കൃത പ്രസ്സിൽ നിന്നും പ്രിന്റ് ചെയ്തെടുത്തുകൂടാ എന്നൊരു ചോദ്യം അവരുടെ മനസിലുദിച്ചു. അതിനുള്ള പല പല മാർഗ്ഗങ്ങൾ അന്വേഷിച്ചുവെങ്കിലും നിരവധി പരിശ്രമങ്ങൾക്കിടയിൽ പക്ഷെ ആ പദ്ധതിയും പരാജയപ്പെടുകയാണ് ഉണ്ടായത്.

വീണ്ടും ഈ പുസ്തകം വെളിച്ചം കാണുന്നത് അനിശ്ചിതത്വത്തിലായി. തിരിച്ചത് ഇംഗ്ലണ്ടിലേയ്‌ക്ക് തന്നെ വന്നു. ഒടുവിൽ ഇത് ഇൻഗ്ളീഷിൽ പ്രസിദ്ധീകരിക്കാം എന്ന അപകടകരമായൊരു തീരുമാനത്തിലേയ്‌ക്കെത്തി അവർ. മറാത്തി മാനുസ്ക്രിപ്റ്റിനെ ഇംഗ്ലീഷിലേക്ക് പകർത്തുക എന്നതത്ര നിസ്സാരമായ ജോലിയല്ലല്ലോ. എന്നാൽ ഇന്ത്യ ഹൗസ്സിലെ ചെറുപ്പക്കാരും ഇന്ത്യ ഹൗസുമായി ബന്ധമുണ്ടെന്ന ബാഡ്ജ് സമ്പാദിക്കാൻ ആഗ്രഹം ഇല്ലാത്തവരായിരുന്ന മറ്റു ചില ചെറുപ്പക്കാരും ഉൾപ്പെടെ അതേറ്റെടുത്തു. വിവിഎസ് അയ്യരുടെ നേതൃത്വത്തിൽ കൊറേഗാവങ്കർ, ഫഡ്കെ, കുന്തെ എന്നിവർ ചേർന്ന് അതിന്റെ ഇന്ഗ്ലീഷ് പകർപ്പ് തയാറാക്കി. മസീനിയുടെ ജീവചരിത്രം അതിനിടയിൽ തന്നെ ഇന്ത്യയിൽ നിരോധിക്കപ്പെട്ടിരുന്നു. മോഷ്ടിക്കപ്പെട്ട രണ്ടധ്യായം ബ്രിട്ടീഷ് സീക്രട്ട് സർവീസിന് എന്താണ് നടക്കുന്നത് എന്നുള്ളതിന്റെ ചൂണ്ടുപലകയായിരുന്നു. അപകടമായൊരു പുസ്തകം അതിന്റെ പണിപ്പുരയിലാണെന്നു തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സർക്കാർ പ്രസിദ്ധീകരിക്കുന്നതിനു മുന്നേ തന്നെ ആ പുസ്തകം നിരോധിച്ചു. ഒരുപക്ഷെ ലോക ചരിത്രത്തിൽ ആദ്യമായിട്ടാവും പ്രസിദ്ധീകരണത്തിന് മുന്നേ ഒരു പുസ്തകം നിരോധിക്കപ്പെടുന്നത്.

ബാരിസ്റ്റർ ബിരുദ വിദ്യാർത്ഥിയായ സവർക്കറും വെറുതേയിരുന്നില്ല. പ്രസിദ്ധീകരിക്കപ്പെടാത്ത പുസ്തകത്തിൽ എന്തു പരാമർശമാണ് നിങ്ങൾ രാജ്യദ്രോഹപരമായി കണ്ടതെന്ന് അദ്ദേഹം ചോദ്യം ചെയ്തു  ലണ്ടൻ ടൈംസിൽ അദ്ദേഹത്തിന്റെ കത്ത് പ്രസിദ്ധീകരിക്കപ്പെട്ടുവന്നു മാത്രമല്ല, അതിനോടൊപ്പം പത്രം സർക്കാരിന്റെ ഈ ഡ്രാക്കോണിയൻ നടപടിയെ നിശിതമായി വിമർശിക്കുകയും ചെയ്തു.

ഈ സംഭവങ്ങളോടെ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അതിരുകൾക്കുള്ളിൽ ഒരിടത്തും ഈ കൃതി അച്ചടിക്കാനാവില്ല എന്നത് തീർച്ചയായി. ആ കൈയ്യെഴുത്തു പ്രതി വീണ്ടും പാരീസിലേയ്‌ക്കെത്തി. നിരവധി പരിശ്രമങ്ങൾ പലരും പലവഴി നടത്തിയിട്ടും ബ്രിട്ടീഷ് ഗവണ്മെന്റ് ഫ്രഞ്ച് അഡ്മിനിസ്ട്രേഷനെ സ്വാധീനിച്ചതിലൂടെ അത് ഫ്രാൻസിൽ അച്ചടിക്കാൻ സാധിക്കാതെ വന്നു. അപ്പോഴും ബ്രിട്ടീഷ് ചാര ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കും വിധം ഈ പുസ്തകത്തിന്റെ പ്രിന്റിങ് ഫ്രാൻസിൽ രഹസ്യമായി നടന്നു വരുന്നുണ്ടെന്ന് തന്ത്രപൂർവം ലണ്ടനിലെ വിപ്ലവകാരികൾ പറഞ്ഞു കൊണ്ടിരുന്നു. ഈ വിവരവുമായി സ്‌കോട്ടലണ്ട് യാർഡ് ഫ്രാൻസ് മുഴുവൻ അരിച്ചു പെറുക്കിയിട്ടും അവർക്കൊന്നും കണ്ടുകിട്ടിയില്ല. ആ സമയം കൊണ്ട് ഹോളണ്ടിൽ പ്രിന്റിങിനുള്ള സംവിധാനങ്ങൾ വ്യവസ്ഥ ചെയ്യുകയും അങ്ങനെ ഒടുവിൽ ഈ മഹൽചരിത്രത്തിൽ അച്ചടിമഷി പുരളുകയും ചെയ്തു. തിരിച്ച് അവ മുഴുവൻ പാരീസിലേയ്‌ക്ക് കൊണ്ടുവന്ന് ബാരിസ്റ്റർ റാണയുടെ വീട്ടിൽ ഒളിപ്പിച്ചു വെച്ചു.

“തുച്ഛമായ സമയം കൊണ്ട് ഇന്ത്യൻ ഭാഷയിലെഴുതപ്പെട്ട 1857ന്റെ ഈ ചരിത്രത്തെ പലരാൽ വിവർത്തനം ചെയ്തു കൂട്ടിച്ചേർക്കുമ്പോൾ കുറ്റമറ്റതാക്കി ആ പ്രാദേശിക ഭാഷയുടെ സൗകുമാര്യത്തോട് കൂടി പുനഃസൃഷ്ടിക്കാൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ ഞങ്ങളുടെ ഉദ്ദേശം ഭാരതീയരെ എങ്ങനെ നല്ലൊരു വിവർത്തനം തയ്യാറാക്കാം എന്നോ എങ്ങനെ നന്നായി ഇംഗ്ലീഷിൽ എഴുതാം എന്നോ പഠിപ്പിക്കലല്ല. മറിച്ച്, തന്റെ പ്രപിതാമഹന്മാരുടെ പൈതൃകത്തെയും അവരുടെ ഈശ്വരന്മാരുടെ ഇരിപ്പിടങ്ങളെയും സംരക്ഷിക്കാനായി ഈ രാഷ്‌ട്രം എങ്ങിനെയാണ് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി മരിച്ചതെന്ന് മനസ്സിലാക്കികൊടുക്കുകയാണ്. അന്പതാണ്ടിനു ശേഷം ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അവരാർക്കു വേണ്ടിയാണോ പിറന്ന മണ്ണിന്റെ മാനം കാക്കാൻ അടർക്കളത്തിൽ പൊരുതി മരിച്ചത്, അവരെ അംഗീകരിക്കാൻ പോലും മടിച്ച് മുഖം തിരിച്ചു നിന്നുകൊണ്ട് അവരെ ഭ്രാന്തന്മാരും പ്രതിനായകന്മാരുമായി പ്രതിഷ്ഠിച്ചിരിക്കുന്ന അവരുടെ സ്വന്തം പിൻതലമുറയുടെ കണ്ണു തുറപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം” എന്നു തുറന്നെഴുതിയിരുന്നു അതിന്റെ ആമുഖക്കുറിപ്പിൽ.

ഇന്ത്യയിലേയ്‌ക്കയക്കാൻ വേണ്ടി ഡോൺ ക്വിക്‌സട്ടിന്റെയും പിക്ക്‌വിക്ക് പേപ്പേഴ്സിന്റെയും സ്‌കോട്ട്സ് വർക്സിന്റെയും പുറംചട്ടകളിൽ ആ പുസ്തകത്തെ രൂപാന്തരം ചെയ്തെടുത്തു. ആ ചട്ടകൾ തുറന്നാൽ അതിന്റെ ആദ്യ പേജിൽ ഇങ്ങനെ എഴുതിയിരുന്നു.

The Indian war of independence of 1857
by an Indian Nationalist.

പഞ്ചാബിലെ വാഹിലെ നവാബിന്റെ മകനായിരുന്ന സിക്കന്ദർ ഹയാത് ഖാൻ അന്ന് സവർക്കറുടെ അഭിനവ് ഭാരതിൽ അംഗമായിരുന്നു. പിന്നീട് ഓൾ ഇന്ത്യ മുസ്‌ലിം ലീഗിന്റെ വക്താവായിത്തീർന്ന സിക്കന്ദർ 1940ലെ ലാഹോർ റസല്യൂഷനിലും ജിന്നയോടൊപ്പം പങ്കു വഹിച്ച ആളാണ് എന്നത് വിരോധാഭാസം. ഇന്ത്യൻ കോണ്ഫെഡറേഷനിനുള്ളിൽ ഒരു പരമാധികാര അർദ്ധ സ്വതന്ത്ര മുസ്ലിം ഭൂരിപക്ഷ മേഖലയെക്കുറിച്ചാണ് അവിഭക്ത പഞ്ചാബിന്റെ മുഖ്യമന്ത്രി ആയിത്തീർന്ന സിക്കന്ദർ സ്വപ്‌നം കണ്ടതെങ്കിൽ ജിന്ന സ്വപ്നം കണ്ടത് ഭാരതത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന പാകിസ്താനെന്ന പ്രത്യേക രാഷ്‌ട്രമായിരുന്നുവെന്നു മാത്രം. സിക്കന്ദർ ഹയാത് ഖാൻ ലണ്ടനിലെ കിങ്‌സ് കോളേജിൽ മെഡിക്കൽ ബിരുദ പഠനത്തിനെത്തിയതായിരുന്നു. ഇന്ത്യയിലേയ്‌ക്കുള്ള മടക്കയാത്രകളിലൊന്നിൽ അദ്ദേഹത്തോടൊപ്പം കൂടിയ പാഴ്സലുകളിലൊന്നിൽ 1857 The Indian War of Independence ന്റെ കുറച്ചു പ്രതികൾ ബോംബേ കസ്റ്റംസ് ഓഫീസിന്റെ മൂക്കിന് കീഴെ കൂടെ അതിസാഹസികമായി ഭാരതത്തിന്റെ മണ്ണിലേയ്‌ക്കെത്തി.

പുസ്തകത്തിന്റെ കോപ്പികൾ പുറത്തിറക്കുമ്പോഴേയ്‌ക്കും സാമ്പത്തികമായി ഭാരിച്ച ചെലവ് തന്നെ ആ വിപ്ലവകാരികൾക്കുണ്ടായിക്കഴിഞ്ഞിരുന്നു. എങ്കിലും ഒരണക്കാശ് പോലും വാങ്ങാതെ സൗജന്യമായിതന്നെ ആ കോപ്പികൾ അഭിനവ് ഭാരതിന്റെ പ്രവർത്തകർക്കും ഇന്ത്യയിലെ അറിയപ്പെടുന്ന ലൈബ്രറികൾക്കും കോളേജുകൾക്കും ഇന്ത്യൻ പട്ടാളക്കാരുടെ ഇടയിലേയ്‌ക്കും അവർ അയച്ചുകൊടുത്തു. പിറന്ന നാടിന്റെ ത്യാഗോജ്ജ്വല ചരിത്രം അവരുടെയുള്ളിൽ പ്രതികാര ദാഹത്തെ ജ്വലിപ്പിച്ചു. ബ്രിട്ടീഷ് ഗവണ്മെന്റ് ലൈബ്രറി കാറ്റലോഗുകളിൽ അവയ്‌ക്ക് സ്ഥാനമില്ലെങ്കിലും ഭാരതത്തിലെ സ്വാതന്ത്ര്യ ദാഹികളായ വിപ്ലവകാരികളുടെ ഗീതയായി അതു മാറി. നിരവധി എഡിഷനുകളിൽ, നിരവധി ഭാഷകളിൽ ഭാരതീയർ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം നൂറുകണക്കിന്, ആയിരക്കണക്കിന് വിപ്ലവകാരികളെ അതു പ്രചോദിപ്പിച്ചു.

വിപ്ലവകാരികളുടെ രാജകുമാരനായ സവർക്കർ കൊളുത്തിവിട്ട, സ്വാതന്ത്ര്യ ദാഹത്തിന്റെ അഗ്നിയെ ആളിക്കത്തിക്കുന്ന ഈ രചന കുറഞ്ഞത് രണ്ടു തലമുറയിലെ വിപ്ലവകാരികളെയെങ്കിലും ത്രസിപ്പിച്ചു കൊണ്ടിരുന്നു. 1909ൽ ബാബറാവു സവർക്കറുടെ വീട് റെയ്ഡ് ചെയ്യുന്ന അവസരത്തിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കണ്ടെത്തിയ രേഖകളിൽ താത്യാറാവു സവർക്കർ ലണ്ടനിലെ തന്റെ ഗവേഷണങ്ങൾക്കിടയിൽ ലഭിച്ച അൻപതു കൊല്ലം മുമ്പ് ഭോപ്പാലിലെ ബീഗം എഴുതിയ 1857ലെ ഒരു കത്തുകൂടി ഉണ്ടായിരുന്നു. ബ്രിട്ടീഷ് രാജീവിനെ ഏകാധിപതിയും കൊലപാതകിയുമായി ഭർത്സിച്ചിരുന്ന ആ കത്തൊഴികെയുള്ള ഒരുവിധമുള്ള മറ്റെല്ലാ തെളിവുകളെല്ലാം പോലീസ് എത്തുന്നതിനു മുന്നേ അഭിനവ ഭാരതിന്റെ പ്രവർത്തകർ സാഹസികമായി നശിപ്പിച്ചിരുന്നു. ‘രാജ്യദ്രോഹക്കുറ്റത്തിന്’ ആ വസ്തുവകകൾ മുഴുവൻ സർക്കാർ കണ്ടുകെട്ടി.

സവർക്കറുടെ വീട്ടിലെ പുസ്തകങ്ങളും ട്രങ്ക് പെട്ടിയിലെ സാധനങ്ങളും എന്തിന് കറിച്ചട്ടി പോലും ബ്രിട്ടീഷുകാർ ലേലത്തിൽ വിറ്റഴിച്ചു. അതിൽ നിന്ന് കിട്ടിയ 27,000 രൂപ അദ്ദേഹത്തിന്റെ ഭാര്യാ പിതാവിന്റെ പേരിലുണ്ടായിരുന്ന 6725 രൂപയും ചേർത്ത് ബ്രിട്ടീഷ് ഖജനാവിൽ ചേർത്തു. അല്ലെങ്കിൽ തന്നെ 50 കൊല്ലം ജീവപര്യന്തം തടവ് ശിക്ഷ കിട്ടിയവന് ഇതൊക്കെ ഇനിയെന്തിനാണ് എന്ന് ബ്രിട്ടീഷുകാരൻ പരിഹസിക്കുകയും ചെയ്തു. പിന്നീടൊരിക്കലും സവർക്കർ സഹോദരന്മാർക്ക് തങ്ങളുടെ സ്വത്തുക്കൾ തിരിച്ചു കിട്ടിയില്ല.

വിവിധ കുറ്റങ്ങളിൽ വിചാരണ നടത്തി സവർക്കർ സഹോദരന്മാരെയുൾപ്പെടെ കാലാപാനിയിലേയ്‌ക്കയച്ച് ബ്രിട്ടീഷ് ഗവണ്മെന്റ് പ്രതികാരം തീർത്തു തുടങ്ങി. 1910ൽ അഭിനവ് ഭാരതിന്റെ ഏഴു പ്രവർത്തകരെ തൂക്കിലേറ്റുകയും നിരവധിപേരെ ജീവപര്യന്തം നാടുകടത്തപ്പെടുകയും ചെയ്തു. എന്നാൽ സ്വാതന്ത്ര്യ ദാഹത്തിന്റെ തീപ്പൊരി അവിടം കൊണ്ടണഞ്ഞില്ല. അഭിനവ ഭാരതിന്റെ അമേരിക്കൻ പതിപ്പായി ഗദർ പാർട്ടി പ്രവർത്തനം തുടങ്ങി. 1857ലെ വിപ്ലവത്തിന് ബ്രിട്ടീഷുകാരൻ വിളിച്ച പേരായിരുന്ന ഗദറിന് പഞ്ചാബി ഭാഷയിൽ വിപ്ലവമെന്നർത്ഥം. 1857 ലെ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ രണ്ടാം എഡിഷൻ 1913ൽ അമേരിക്കയിൽ ഗദർ പാർട്ടിക്ക് വേണ്ടി ലാല ഹർദയാൽ പ്രസിദ്ധീകരിച്ചു. ഗദർ വാരികയിൽ ഖണ്ഡശഃ അതിന്റെ അദ്ധ്യായങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടുമിരുന്നു.

തങ്ങളുടെ വിപ്ലവപ്രവർത്തനത്തിനുള്ള ഫണ്ട് കണ്ടെത്താൻ വേണ്ടി ഉർദുവിലും ഹിന്ദിയിലും പഞ്ചാബിയിലും ആ പുസ്തകത്തിന്റെ പതിപ്പുകളിറങ്ങി വിൽപ്പന നടത്തി. മെക്സിക്കോയിലും ജപ്പാനിലും ചൈനയിലും സിംഗപ്പൂരിലും തായ്ലന്റിലും ഫിലിപ്പൈൻസിലും മലേഷ്യയിലും മ്യാന്മാറിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഒക്കെ അതിനു വായനക്കാരുണ്ടായി. നൂറുകൊല്ലം മുൻപ് ഒന്നരരൂപയ്‌ക്കുള്ള ഒരു പുസ്തകം മുന്നൂറു രൂപയ്‌ക്ക് ചൂടപ്പം പോലെ വിറ്റു പോയി എന്ന് പറഞ്ഞാൽ അതെത്ര തീവ്രതയോടെ അന്നത്തെ യുവതയുടെ മനസ്സിനെ സ്വാധീനിച്ചിരുന്നു എന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. ഒന്നാം ലോകമഹായുദ്ധത്തോടെ ഗദറൈറ്റുകളെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി. നാനൂറോളം വിപ്ലവകാരികൾക്ക് അവർ തെരഞ്ഞെടുത്ത മരണത്തെ ലക്ഷ്യപൂർത്തിക്ക് മുന്നേ തന്നെ സ്വീകരിക്കേണ്ടി വന്നു. സിംഗപ്പൂരിൽ മാത്രം 51 വിപ്ലവകാരികളാണ് ബ്രിട്ടീഷുകാരന്റെ വെടിയേറ്റു മരിച്ചത്. ജയിലിൽ അടയ്‌ക്കപ്പെട്ടവർ അയ്യായിരത്തിനു പുറത്തായിരുന്നു. അതേ കാലഘട്ടത്തിൽ കോമഗട്ട മാരു വിപ്ലവകാരികൾക്കും അവരുടെ പോരാട്ടങ്ങൾക്ക് പ്രചോദനമായത് 1857ലെ വീരചരിത്രമായിരുന്നു എന്നതിവിടെ സ്മരണീയമാണ്.

പിന്നീട് 1928ൽ ആണ് അതിന്റെ അറിയപ്പെടുന്ന എഡിഷൻ മൂന്നാമത്തേതായി പുറത്തിറങ്ങുന്നത്. സർദാർ ഭഗത് സിംഗ് ആയിരുന്നു ഇംഗ്ലീഷിൽ തന്നെ അത് വീണ്ടും പബ്ലിഷ് ചെയ്ത് വിപ്ലവകാരികൾക്കിടയിൽ വിതരണം ചെയ്തത്. കർത്താർ സിങിന്റെയും സച്ചിന്ദ്ര സിങ് സന്യാലിന്റെയും ഉൾപ്പെടെയുള്ളയുള്ള ഗദറിസ്റ്റുകളുടെ ജീവിതം ആയിരുന്നു ഭഗത് സിങ്ങിന്റെ ഉള്ളിൽ വിപ്ലവാഗ്നി ജ്വലിപ്പിച്ചു തുടങ്ങിയത്. 1857നെ പോലെ തന്നെ ഭഗത്സിങ്ങിനെയും കൂട്ടാളികളെയും പ്രചോദിപ്പിച്ച മറ്റൊരു രചനയായിരുന്നു ഹിന്ദുപദ പാദഷാഹി. സവർക്കറുടെ ഹിന്ദുപദപാദശാഹിയിൽ നിന്നും കുറിച്ചെടുത്ത നിരവധി ഉദ്ധരണികൾ ഭഗത് സിങ്ങിന്റെ ജയിൽ ഡയറിയിൽ നിന്ന് അദ്ദേഹത്തിന്റെ കൈപ്പടയിൽത്തന്നെ നമുക്ക് കണ്ടെത്താൻ കഴിയും. അദ്ദേഹത്തിന്റെ കൂട്ടാളിയായ സുഖ്‌ദേവിനെ അറസ്റ്റു ചെയ്ത ശേഷം ബ്രിട്ടീഷുകാർ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രഹസ്യ രേഖകളോടൊപ്പവും ഈ പുസ്തകമുണ്ടായിരുന്നു.

കൽക്കട്ടയിൽ നിന്നിറങ്ങുന്ന ‘സപ്താഹിക് മത് വാല’ എന്ന് ഹിന്ദി വാരികയിൽ സർദാർ ഭഗത് സിങ് ‘വിശ്വപ്രേമം’ എന്നൊരാർട്ടിക്കിളിൽ ‘വീരസവർക്കറെ’ പറ്റിയെഴുതി. 1926 നവംബറിൽ രണ്ടുവട്ടം ഈ ആർട്ടിക്കിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വന്ദേമാതരം മുഴക്കിക്കൊണ്ട് മാതൃഭൂമിയുടെ മോചനത്തെക്കുറിച്ച് ഭഗത് സിങ് ‘യുവക്’ എന്ന തലക്കെട്ടിലെഴുതിയ മറ്റൊരു ആർട്ടിക്കിൾ ഇന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒന്നാണ്. HSRA യിലെ പുതിയ റിക്രൂട്ടുകൾക്ക് ഭഗത് സിംഗ് വായിക്കാൻ കൊടുത്തിരുന്ന പുസ്തകങ്ങളിൽ സവർക്കറുടെ ജീവചരിത്രമായ Life of Barrister Savarkar കൂടി ഉൾപ്പെട്ടിരുന്നുവെന്നു അദ്ദേഹത്തിന്റെ സഹ വിപ്ലവകാരിയായിരുന്ന ദുർഗാ ദാസ് രേഖപ്പെടുത്തിയിട്ടുണ്ട്

സാക്ഷാൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു പുസ്തകത്തിന്റെ നാലാമത്തെ എഡിഷൻ പുറത്തിറക്കിയത്. 1937ൽ സവർക്കറുടെ 28 കൊല്ലം നീണ്ട തടവ് ജീവിതത്തിനു വിരാമമായപ്പോൾ അദ്ദേഹത്തെ അനുമോദിക്കാനും സ്വീകരിക്കാനും നെഹ്രുവിനോടും എം എൻ റോയിയോടും ഒപ്പം നേതാജിയും ഉണ്ടായിരുന്നു. 1940ൽ സവർക്കറെ കാണാനായി നേതാജി എത്തിയപ്പോൾ അദ്ദേഹത്തോട് വിദേശത്തുപോയി പോരാട്ടം തുടരാൻ താനുപദേശിച്ചിരുന്നുവെന്ന് സവർക്കർ പറയാറുണ്ടായിരുന്നു. 1952 മെയിൽ അഭിനവ ഭാരത് പിരിച്ചു വിടാനായി കൂടിയ വേളയിൽ അദ്ദേഹം വൈകരികമായാണ് ആ കൂടിക്കാഴ്ചയെപ്പറ്റി ഓർത്തെടുത്തത്. ബ്രിട്ടീഷുകാരനെ അവന്റെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കഠിനമായ യുദ്ധത്തിലേയ്‌ക്ക് വലിച്ചിട്ട പോരാളിയായിരുന്നു നേതാജി. അദ്ദേഹത്തെയും 1857ന്റെ ചരിത്രം ആഴത്തിൽ സ്വാധീനിച്ചിരുന്നു എന്നതിന് തെളിവായിരുന്നു റാണി ലക്ഷ്മിഭായിയുടെ വീരഗാഥകളിൽ നിന്നു പ്രചോദനമുൾക്കൊണ്ടു നൽകിയ INA യുടെ വനിതാ റെജിമെന്റിന്റെ രൂപീകരണം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഉർദുവിലും ഹിന്ദിയിലും പഞ്ചാബിയിലും പിന്നെ തമിഴിലുമായി ഈ പുസ്തകം മൊഴിമാറ്റി അച്ചടിച്ച് വ്യാപകമായി വിതരണം ചെയ്തിരുന്നു. 1944ൽ നേതാജി ആൻഡമാൻ സ്വാതന്ത്രമാക്കിയപ്പോൾ അവിടെ ഈ പുസ്തകത്തിന്റെ തമിഴ് പതിപ്പുകൾ വിതരണം ചെയ്തിരുന്നു.

1909ൽ പ്രസിദ്ധീകരിക്കാൻ കഴിയാതെ പോയ ആ മറാത്തി കയ്യെഴുത്തു പ്രതി എവിടെ പോയെന്നറിയണ്ടേ. പാരീസിലെത്തിയ ആ പ്രതി മാഡം കാമയുടെ കൈകളിൽ സുരക്ഷിതമായിരുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് അത് ഗോവൻ വിപ്ലവകാരിയായിരുന്ന ഡോ. കൊടീഞ്ഞോയുടെ കൈകളിൽ അവർ സൂക്ഷിക്കാനേല്പിച്ചു. സ്വിറ്റ്സർലൻഡിൽ ശ്യാംജിയെയും സൂറിച്ചിൽ വെച്ച് ലെനിനെയും കണ്ടുമുട്ടിയ ചരിത്രമുണ്ട് അഭിനവ് ഭാരതുകാരനായ കൊടീഞ്ഞോയ്‌ക്ക്. 1946 മെയ് മാസം ബോബെയിലെ കോണ്ഗ്രസ് സർക്കാർ 1909ലെ ബ്രിട്ടിഷ് സർക്കാർ ഏർപ്പെടുത്തിയ നിരോധനം നീക്കി. സ്വാതന്ത്ര്യം നേടിയ ശേഷം 1949ൽ ഡോ.കൊടീഞ്ഞോ രാംപാൽ വാജ്പേയിയുടെയും ഡോ മുൻജെയുടെയും കയ്യിൽ ആ കൈയ്യെഴുത്തു പ്രതി സവർക്കറെ തിരികെ ഏൽപ്പിക്കാനായി നൽകി. അങ്ങനെ രചിക്കപ്പെട്ട് ഏതാണ്ടു നാല്പതു കൊല്ലത്തിന് ശേഷം സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി  ആ പുസ്തകം പ്രസാധനം ചെയ്തു.

സവർക്കർ സഹോദരന്മാരുടെ സ്വത്ത് രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിൽ ബ്രിട്ടീഷ് സർക്കാർ കണ്ടു കെട്ടിയതുപോലെ കാബൂളിൽ ചെന്ന് ഇന്ത്യയുടെ ആദ്യത്തെ പ്രൊവിൻഷ്യൽ ഗവണ്മെന്റ് സ്ഥാപിച്ച രാജാ മഹേന്ദ്ര പ്രതാപ് സിങിനേയും 1915ൽ ‘രാജ്യദ്രോഹി’യായി പ്രഖ്യാപിച്ചു. അതിൽ തീർന്നില്ല. ബ്രിട്ടീഷ് സർക്കാർ 1923ൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ‘മഹേന്ദ്ര പ്രതാപ് എസ്റ്റേറ്റ്സ് ബിൽ’ എന്നൊരു ബിൽ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ രാജാധികാരത്തിന്റെ ഭാഗമായി പരമ്പരയായി കിട്ടിയ മുഴുവൻ സ്വത്തും പിടിച്ചെടുത്തു. തുർക്കിയിലെ ഖലീഫയെ പുറത്താക്കിയതിൽ പ്രതിഷേധിച്ചു നിൽക്കുന്ന മുസ്ലീങ്ങളെ ഖിലാഫത്തിന്റെ പുനഃസ്ഥാപനത്തിനുള്ള പോരാട്ടമെന്ന കുറുക്കുവഴി ഉപയോഗിച്ച് സ്വാതന്ത്ര്യ സമരത്തിലേയ്‌ക്കിറക്കാൻ അഫ്ഘാനിസ്ഥാനിലെ അമീറിന്റെ സഹായം അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. പക്ഷെ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ഭയന്ന അമീർ അവസാന നിമിഷം രാജാ മഹേന്ദ്ര പ്രതാപന്റെ സ്വപ്നങ്ങളെ തകർത്തു. അതോടെ സോവിയറ്റ് യൂണിയനിലേക്ക് കടന്ന അദേഹത്തെ ലെനിൻ ചുവപ്പു പരവതാനി വിരിച്ചാണ് സ്വീകരിച്ചത്. 1946 വരെ ഭാരതത്തിൽ കടക്കാനാവാതെ വിദേശത്തിരുന്നു കൊണ്ട് അദ്ദേഹം വിപ്ലവപ്രവർത്തനങ്ങളെ ക്രോഡീകരിച്ചുകൊണ്ടിരുന്നു.

സ്വാതന്ത്ര്യസമ്പാദനത്തിനു ശേഷം ഈ എസ്റ്റേറ്റ്സ് ബില്ലിന്റെ റിപ്പീൽ ബിൽ 1958ൽ ഒരു പ്രൈവറ്റ് ബില്ലായി അവതരിപ്പിക്കപ്പെട്ടു. എന്നാൽ ജവഹർലാൽ നെഹ്രുവിന്റെ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി ദത്താർ തന്നെ 1960 ഡിസംബർ 12ന് ആ ബില്ല് സഭയുടെ മുന്നിൽ വെച്ചു. വിപ്ലവകാരികളുടെ ജീവിതത്തിലെ ഗതികെട്ട അധ്യായങ്ങളിലൊന്നായിരുന്നു അതിൽ നടന്ന ചർച്ചകൾ. വിപ്ലവകാരികളുടെ ചരിത്രത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും തേച്ചുമാച്ചു കളയാനും വിലകുറച്ചു കാണാനും ഒരു സന്ദർഭവും നഷ്ടപ്പെടുത്താത്തവരെ നിങ്ങൾക്കിവിടെ കാണാം.

ആ ചർച്ചയ്‌ക്കിടയിൽ സവർക്കറുടെ കടുത്ത വിമർശകനായിരുന്ന ആർ കെ ഖാദിൽക്കർ എഴുന്നേറ്റു. ഭാരതത്തിലെ അന്നു ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന വിപ്ലവകാരികളിൽ ഒരാളായ രാജാ മഹേന്ദ്രപ്രതാപ് ഈ സഭയിൽ വന്നിരിക്കുന്നത് മാസാമാസം ലഭ്യമായേക്കുന്ന അലവൻസിനെ കരുതിയാണെന്നു തെറ്റിദ്ധരിക്കരുതെന്ന് ഖാദിൽക്കർ പൊട്ടിത്തെറിച്ചു. നമ്മുടെ നാടിനെ വിദേശികളിൽ നിന്നും മോചിപ്പിക്കാൻ പോരാടിയ വിപ്ലവകാരികളുടെ സംഭാവനകളെ അംഗീകരിക്കേണ്ട സമയമാണിത്. സായുധകലാപത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ മുഹൂർത്തത്തെ അടുത്തേയ്‌ക്കണയ്‌ക്കാൻ അവർ കാരണക്കാരായിട്ടുണ്ട്. ദൗർഭാഗ്യവശാൽ സ്വാതന്ത്ര്യത്തെ കിട്ടി പതിമൂന്നു കൊല്ലത്തിനു ശേഷവും നമ്മളൊന്നും തന്നെ അവരെ അംഗീകരിക്കുന്നതിനു വേണ്ടി ചെയ്തിട്ടില്ല എന്നുള്ളത് നിരാശപ്പെടുത്തുന്നു എന്നദ്ദേഹം തുറന്നടിച്ചു.

നമ്മളൊരിക്കലും ഒന്നും അതിന്റെതായ സമയത്ത് അംഗീകരിക്കില്ല. ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ സവർക്കർ 1857ലെ വിപ്ലവത്തെക്കുറിച്ചെഴുതിയപ്പോൾ നമ്മളിൽ പലരും തിരിച്ചറിഞ്ഞു പോലുമില്ല അത് നമ്മുടെ സ്വതന്ത്ര്യ സമരചരിത്രമാണെന്ന്. പക്ഷെ പണ്ഡിറ്റ് നെഹ്റു അദ്ദേഹത്തിന്റെ ആത്മകഥയിൽ തന്റെ ചെറുപ്പകാലത്ത് വിപ്ലവകാരിയായ സവർക്കറിൽ ആകൃഷ്ടനായിരുന്നുവെന്നും മറ്റു പലരും അദ്ദേഹത്തിൽ നിന്നും പ്രചോദിതരായിരുന്നുവെന്നും എഴുതിക്കഴിഞ്ഞപ്പോൾ അത് സ്വാതന്ത്ര്യ സമരത്തിലെ ആദ്യ പരിശ്രമമായിരുന്നുവെന്ന് ഇന്ന് നമ്മൾ അംഗീകരിക്കുന്നുണ്ട്.

ഇതുപോലെ ഇനിയും എത്ര കാലം കഴിഞ്ഞാണ് നമ്മൾ ഈ വിപ്ലവകാരികളെ ഓരോരുത്തരെയും അംഗീകരിക്കുക?. നമ്മുടെ കാലഘട്ടത്തിൽ തന്നെ ജീവിച്ചിരിക്കുന്ന ഈ വിപ്ലവകാരികളെപ്പറ്റി കൂടുതൽ ചികഞ്ഞിരിക്കുന്നത് അപരാധമാണ്. കാലം കടന്നു പോകുമ്പോൾ അവർ നമുക്കായി ചെയ്തതൊക്കെയും വിലയിരുത്തപ്പെട്ടുകൊള്ളും. അതുകൊണ്ട് ഭരണഘടനാ പരമായ തടസങ്ങളെ ഒരു മൂലയ്‌ക്ക് വെച്ചു കൊണ്ട് നമ്മളിതിൽ തീരുമാനമെടുക്കേണ്ടതുണ്ട്. കാരണം നമ്മളിവരോടൊക്കെ അത്രയ്‌ക്ക് കടപ്പെട്ടിരിക്കുന്നു-അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.ഇന്നും നാം നമ്മുടെ പാഠപുസ്തകങ്ങളിൽ ശിപ്പായിമാരുടെ ലഹളയായി ഈ ചരിത്രത്തെ പഠിക്കുമ്പോൾ അരനൂറ്റാണ്ട് മുൻപ് ഖാദിൽക്കർ പാർലമെന്റിൽ ഉന്നയിച്ച സമസ്യകൾ ഏതോ ബധിരകർണ്ണങ്ങളിലാണ് പതിച്ചത് എന്നു ബോധ്യമാവുകയാണ്

സവർക്കറുടെ മരണശേഷവും ഇന്ത്യൻ പാർലമെന്റിൽ ഈ പുസ്തകത്തെ കുറിച്ചുള്ള പരാമർശങ്ങൾ ചർച്ചകളിൽ ഉയർന്നിരുന്നു. 1967 ഡിസംബർ 12ന് ലോകസഭയിൽ നടന്ന ഔദ്യോഗിക ഭാഷകളെക്കുറിച്ചുള്ള ഭരണഘടനാ ഭേദഗതി ചർച്ചകളിൽ സ്വതന്ത്ര ഇൻഡ്യയുടെ ആദ്യ ഭക്ഷ്യ സഹമന്ത്രിയായിരുന്ന കോണ്ഗ്രസ് നേതാവ് തിരുമല റാവു  ഇംഗ്ലീഷിന്റെ  പ്രാധാന്യം എടുത്തു പറയാനായിരുന്നു ഈ പുസ്തകം പരാമർശിച്ചത്. “ഞങ്ങളുടെ ചെറുപ്പകാലത്ത് ഞങ്ങളെ ത്രസിപ്പിച്ചിരുന്ന സാഹിത്യമൊക്കെയും ഇംഗ്ലീഷിലായിരുന്നു. ഞങ്ങളോരോരുത്തരുടെയും തലയിണയ്‌ക്കടിയിൽ ഞങ്ങൾ സൂക്ഷിച്ചിരുന്ന, യുവതലമുറയെ വലിയൊരു വിഭാഗത്തെയും സ്വാതന്ത്ര്യ ദാഹികളാക്കി മാറ്റിയ സവർക്കറുടെ 1857 Indian War of Independence നെ കുറിച്ചോർക്കൂ. അതായിരുന്നില്ലേ നമ്മുടെ പ്രേരണ ശ്രോതസ്സ്. ഇൻഗ്‌ളീഷിലായിരുന്നില്ലേ ആ പുസ്തകം എഴുതപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ ഇന്ഗ്ലീഷിനെ പൂർണമായും ഒഴിവാക്കുന്നതിനോട് തനിക്ക് യോജിപ്പില്ല” എന്നദ്ദേഹം പ്രസ്താവിച്ചു. അതേസമയം മെക്കാളേയുടെ 1857ലെ യൂണിവേഴ്‌സിറ്റി ആക്ടിന്റെ ഉദ്ദേശമാകരുത് ഇംഗ്ലീഷ് ഭാഷയെക്കൂടി സ്വീകരിക്കുന്നതിലൂടെ നടപ്പാക്കേണ്ടത് എന്നും അദ്ദേഹം ഓർമിപ്പിച്ചു എന്നുള്ളതാണ് ശ്രദ്ധേയം.

കേരളത്തിൽ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പഴശ്ശി രാജയ്‌ക്കും വേലുത്തമ്പി ദളവയ്‌ക്കും ശേഷം വലിയൊരു ശൂന്യതയുണ്ടായിരുന്നു. ഗദ്ദർ പാർട്ടിയിൽ അംഗമായിരുന്ന ചെമ്പകരാമൻപിള്ളയുടെയും ഐഎൻഎ രഹസ്യാന്വേഷണ ഏജന്റായി പരിശീലനം ലഭിച്ച ധീരബലിദാനി വക്കം ഖാദറുടെയും ഒഴികെ ഒരു വിപ്ലവകാരിയുടെയും ചരിത്രം പറയാനുമില്ല. പക്ഷെ മലയാളികൾക്കു മറക്കാനാവാത്ത ഒരു വിപ്ലവഗീതമുണ്ട്. 1857ലെ വിപ്ലവ ഗാഥ നൂറ്റാണ്ടു പിന്നിടുന്ന ഓർമയ്‌ക്ക് 1957ൽ തിരുവനന്തപുരത്ത് പാളയത്ത് രക്തസാക്ഷി മണ്ഡപം സ്ഥാപിച്ച ശേഷം വിക്ടോറിയ ജൂബിലി ടൗണ് ഹാളിൽ വെച്ച് നടന്ന അനുസ്മരണ സഭയിൽ ആലപിക്കാൻ തയാറാക്കിയ ഒരു ഗീതമായിരുന്നു അത്.

ബലികുടീരങ്ങളേ…!!!
സ്മരണകളിരമ്പും രണസ്മാരകങ്ങളേ
ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
സമര പുളകങ്ങൾ തൻ സിന്ദൂരമാലകൾ

1957 ഓഗസ്റ്റ് 14 വൈകുന്നേരം രക്തസാക്ഷി മണ്ഡപം ഉദ്ഘാടനം ചെയ്യാനെത്തിയ ഭാരത രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു ഈ ഗീതത്തിന്റെ അവതരണം. വയലാറിന്റെ വരികൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്ന ഈ ഗീതം കെ.എസ്. ജോർജ്, കെ.പി.എ.സി. സുലോചന, എൽ.പി.ആർ. വർമ, സി.ഒ. ആന്റോ, കവിയൂർ പൊന്നമ്മ, ജോസ് പ്രകാശ്, കൊടുങ്ങല്ലൂർ ഭാഗീരഥിയമ്മ, സുധർമ, ബിയാട്രീസ്, വിജയകുമാരി, ആന്റണി എലഞ്ഞിക്കൽ തുടങ്ങി അറുപത് പേരുടെ നാടകസംഘമാണ് ആദ്യാവതരണത്തിൽ ഈ ഗാനം ആലപിച്ചത്.

ബലികുടീരങ്ങളേ..
ഹിമഗിരിമുടികൾ കൊടികളുയർത്തീ
കടലുകൾ പടഹമുയർത്തീ
യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ
വിരിഞ്ഞു താമര മുകുളങ്ങൾ
ഭൂപടങ്ങളിലൊരിന്ത്യ നിവർന്നു
ജീവിതങ്ങൾ തുടലൂരിയെറിഞ്ഞു
ചുണ്ടിൽ ഗാഥകൾ കരങ്ങളിലിപ്പൂ
ച്ചെണ്ടുകൾ പുതിയ പൗരനുണർന്നൂ

ബലികുടീരങ്ങളേ…
തുടിപ്പൂ നിങ്ങളിൽ നൂറ്റാണ്ടുകളുടെ
ചരിത്രമെഴുതിയ ഹൃദയങ്ങൾ
കൊളുത്തി നിങ്ങൾ തലമുറ തോറും
കെടാത്ത കൈത്തിരി നാളങ്ങൾ
നിങ്ങൾ നിന്ന സമരാങ്കണഭൂവിൽ
നിന്നണിഞ്ഞ കവചങ്ങളുമായി
വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ
നിന്നിതാ പുതിയ പൊൻകൊടി നേടി

എന്നിങ്ങനെയായിരുന്നു അതിലെ ബാക്കിയുള്ള വരികൾ.

‘ ഈ ഗീതം പാടിത്തീർന്നപ്പോൾ കുറേ നേരത്തേക്കു തികഞ്ഞ നിശബ്ദതയായിരുന്നു. പിന്നീട് വലിയ ശബ്ദത്തോടെ സദസ്സിൽനിന്നു മുദ്രാവാക്യങ്ങളുയർന്നു. പരിപാടി തടസ്സപ്പെടും വിധം ആരവമായിരുന്നു. പുതിയൊരു അനുഭവമായിരുന്നു അത്.’ ഇതിനു സാക്ഷിയായ കേരള സംഗീത നാടക അക്കാദമിയുടെ വിശിഷ്ടംഗത്വം നേടിയ പ്രശസ്ത നാടക നടൻ മരട് ജോസഫിന്റെ വാക്കുകളാണ്.

അതിനു ശേഷം കെപിഎസി നാടകസമിതി
“വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ
നിന്നിതാ പുതിയ ചെങ്കൊടി നേടി” എന്നൊരു വകഭേദത്തോടെ തങ്ങളുടെ അവതരണ ഗാനമായി ഈ വിപ്ലവഗീതത്തെ ഉപയോഗിച്ചു വന്നുവെന്ന് ചരിത്രകാരൻ എം എസ് ഗോവിന്ദൻകുട്ടി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്മരണകളിരമ്പും രണസ്മാരകങ്ങൾ. റാണി ലക്ഷ്മീ ഭായിയ്‌ക്കും നാനാസാഹേബ് പേഷ്വയ്‌ക്കും മൗലവി അഹമ്മദ് ഖാനും പീർ അലിയ്‌ക്കും മംഗൽ പാണ്ഡെയ്‌ക്കും താന്തിയാ തോപ്പിയ്‌ക്കുമൊക്കെ വേണ്ടിയാണാ ജനകോടികൾ സമരപുളകങ്ങൾ തൻ സിന്ദൂരമാലകൾ ചാർത്തിയത്. അവരിലാണ് നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ ഹൃദയങ്ങൾ തുടിച്ചത്. അവരാണ് തലമുറകൾ തോറും കെടാത്ത കൈത്തിരികൾ കൊളുത്തിയത്. അവരാലാണ്, അവരുടെ ത്യാഗം കൊണ്ട് മാത്രമാണ് ഹിമഗിരിമുടികൾ മുതൽ സിന്ധുസമുദ്രം വരെ പടഹമുയർത്തിയത്. അവരുടെ ബലിദാനങ്ങളുടെ ഹോമാഗ്നിയിലാണ് ഇന്ന് ഗംഗയിൽ പൊന്നിൻ താമരമുകുളങ്ങൾ വിടർന്നത്.

ഭാവിയുടലെടുക്കുന്നത് ഭൂതകാലങ്ങളില്‍ നിന്നാണ്. അതുകൊണ്ട് എത്രത്തോളം പിന്നോട്ടു നോക്കാമോ അത്രത്തോളം പിന്നോട്ടു നോക്കുക. പിന്നിലുള്ള വറ്റാത്ത ഉറവിടങ്ങളില്‍ നിന്നു നിറയെ കുടിക്കുക; എന്നിട്ട് മുന്നോട്ടു നോക്കുക , മുന്നോട്ടണി നടക്കുക. ഭാരതത്തെ മുന്‍പെന്നുമിരുന്നതിനേക്കാള്‍ കൂടുതല്‍ പ്രകാശമാനവും, മഹത്തും, ഉത്കൃഷ്ടവുമാക്കുക എന്ന് വിവേകാനന്ദസ്വാമികൾ ഒന്നര നൂറ്റാണ്ടു മുമ്പ് പറഞ്ഞു വയ്‌ക്കുമ്പോൾ അതിന് നമ്മുടെ നാടിന്റെ ഭാവിഭാഗധേയത്തെ മാറ്റി വരയ്‌ക്കാൻ കഴിവുണ്ടാകുമെന്നു അന്നാർക്കും തോന്നിയിട്ടുണ്ടാവില്ല.

പന്നിയുടെയും പശുവിനെയും മൃഗക്കൊഴുപ്പ് കൊണ്ടുണ്ടാക്കിയതെന്ന തെറ്റിദ്ധാരണയുടെ പേരിൽ കാട്രിഡ്ജുകൾ കൈകാര്യം ചെയ്യാനറച്ച മതവെറിയന്മാരായ ഹിന്ദു മുസ്‌ലിം കൂലിപ്പട്ടാളക്കാരുടെയും രാജ്യഭരണം നഷ്ടപ്പെട്ടു പോയേക്കാമെന്നു ഭയന്ന് അവരോടൊപ്പം ചേർന്ന് ബ്രിട്ടീഷ് കിരീടത്തെ എതിർത്ത ചില നാട്ടു രാജ്യക്കാരുടെയും ലഹളയെന്നു മുദ്രകുത്തി ബ്രിട്ടീഷുകാരൻ കുഴിച്ചിട്ട ചരിത്രത്തെ അവന്റെ മടയിൽ പോയി മാന്തി പ്പുറത്തിട്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും വലിയ കാറ്റലിസ്റ്റാക്കി മാറ്റിയത് ഈ പുസ്തകമാണ്. വടക്ക് അട്ടക്ക് മുതൽ തിരുവിതാംകൂറിലും കൊച്ചിയിലും വരെ നാനായുടെ കത്തുകളെത്തിയിരുന്നു. മദിരാശിയിൽ മൈസൂരിൽ തഞ്ചാവൂരിലൊക്കെ ചുവരുകളിൽ വിപ്ലവാഹ്വാനങ്ങൾ പരന്നിരുന്നു. ചപ്പാത്തിയും താമരമൊട്ടുകളും ചേർന്ന് ഈ നാടിന്റെ പുതിയ തീർത്ഥാടന സർക്യൂട്ടുകൾ നിർമ്മിച്ചിരുന്നു. ഭാരതത്തിന്റെ വിശാലമായ അതിരുകൾക്കുള്ളിൽ ജാതി മത വർണ വർഗ ഭാഷാ വേഷ വൈജാത്യങ്ങളില്ലാതെ ഫിരംഗിയെ കൊല്ലാനുള്ള ആഹ്വാനമായിരുന്നു അതെന്നു തിരിച്ചറിയാൻ കഴിയാതെ പോയിരുന്നെങ്കിൽ നമ്മളൊരു നന്ദികെട്ട ജനതയായി മാറുമായിരുന്നു. സ്വാതന്ത്യം നമുക്കന്യവും.

Tags: Savarkar
ShareTweetSendShare

More News from this section

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies