ന്യൂഡൽഹി : ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ വധിച്ചതിനു പിന്നിൽ വൻ ഗൂഢാലോചനയെന്ന് ചാർജ് ഷീറ്റ് . ആംആദ്മി കൗൺസിലർ താഹിർ ഹുസൈനും മറ്റ് കൊലയാളികളും അങ്കിതിനെ ലക്ഷ്യമിട്ടു തന്നെയാണ് നീങ്ങിയതെന്നും പൊലീസ് ചാർജ് ഷീറ്റിൽ വ്യക്തമാക്കുന്നു. അങ്കിതിനെ പിടികൂടിയ അക്രമികൾ ദണ്ഡുകൊണ്ട് തലയ്‌ക്കടിക്കുകയും നിരവധി പ്രാവശ്യം കത്തികൊണ്ട് വെട്ടുകയും ചെയ്തതായും ചാർജ്ഷീറ്റിൽ ഉണ്ട്.
താഹിർ ഹുസൈനുൾപ്പെടെ പത്തു പേരാണ് കേസിൽ അറസ്റ്റിലായത്. 4 വയസ്സുകാരനായ മുസ്ലിം കുട്ടിയെ ഹിന്ദുക്കൾ കൊലപ്പെടുത്തിയെന്ന വ്യാജവാർത്തയാണ് തന്നെ പ്രകോപിതനാക്കിയതെന്ന് താഹിർ ഹുസൈൻ അന്വേഷണ സംഘത്തോട് പറഞ്ഞു. പ്രദേശത്തെ പ്രധാനപ്പെട്ട വ്യക്തിയായ അങ്കിത് ശർമ്മയെ നേരത്തെ തന്നെ നോട്ടമിട്ടിരുന്നതായും പ്രതികൾ വ്യക്തമാക്കുന്നു.
ഹസീൻ എന്നറിയപ്പെടുന്ന സൽമാൻ എന്നയാളാണ് അങ്കിതിന്റെ ശരീരത്തിൽ നിരവധി തവണ വെട്ടിയത്. സമീർ , കാസിം , സാബിർ തുടങ്ങിയവരാണ് സൽമാന് ഒപ്പമുണ്ടായിരുന്നത്. അങ്കിതിനെ കൊലപ്പെടുത്തിയതിനു ശേഷം അടുത്തുള്ള ഓടയിലേക്ക് വലിച്ചെറിയുന്നത് സമീപത്തുള്ള കെട്ടിടത്തിന്റെ ടെറസിൽ നിന്ന് ഒരാൾ മൊബൈലിൽ പകർത്തുകയായിരുന്നു. ഇതിൽ ചുവന്ന ഷർട്ട് ധരിച്ചയാളാണ് അങ്കിതിനെ ഓടയിലേക്ക് എറിയാൻ നേതൃത്വം നൽകുന്നത്. ഇത് സൽമാനാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
പ്രദേശത്ത് കലാപം നടത്താൻ നേതൃത്വം നൽകിയത് താഹിർ ഹുസ്സൈൻ ആണ്. അങ്കിതിനെ വധിക്കുന്നതിന് സമീപം ഇയാൾ ഉണ്ടായിരുന്നുവെന്നും ചാർജ് ഷീറ്റിൽ പറയുന്നു.















