ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ അതിര്‍ത്തിയില്‍ നിരന്തര പ്രശ്‌നം സൃഷ്ടിക്കുന്ന ചൈനയുടെ ദുഷ്ടലാക്ക് പാര്‍ട്ടി പത്രത്തിലൂടെ പുറത്ത്. ചൈനയുടെ ഔദ്യോഗിക ജിഹ്വയായി അറിയ പ്പെടുന്ന ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തിലാണ് ഇന്ത്യക്കെതിരെ പരാമര്‍ശമുള്ളത്. ഇന്ത്യയുടെ നയങ്ങളെ അമേരിക്ക പിന്തുണയ്‌ക്കുന്നതിലുള്ള ദേഷ്യമാണ് ചൈനയ്‌ക്കു ള്ളതെന്ന് മുഖപ്രസംഗത്തിലൂടെ വ്യക്തമാണ്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് വിഷയം പുറത്തുകൊണ്ടുവന്നത്.
ഇന്ത്യയെ അമേരിക്ക വിഡ്ഢിയാക്കുകയാണെന്നാണ് ചൈന മുഖപത്രം എഴുതിയിരിക്കുന്നത്. അമേരിക്കയ്‌ക്ക എന്നും അവരുടെ സ്വന്തം താല്‍പ്പര്യം മാത്രമേയുള്ളു എന്ന് ഇന്ത്യ മനസ്സിലാ ക്കിയിട്ടില്ലെന്നും പത്രം വിമര്‍ശിക്കുന്നു. ഇന്ത്യയുമായുള്ള അതിര്‍ത്തി വിഷയത്തില്‍ ഒരു ഇഞ്ച് സ്ഥലം പോലും വിട്ടുനല്‍കില്ല. എന്നാല്‍ അയല്‍ രാജ്യവുമായുള്ള ഏറ്റവും നല്ല ബന്ധം നിലനിര്‍ത്തലാണ് ലക്ഷ്യമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
‘ ചൈന ഇന്ത്യയുമായി നിയമവിരുദ്ധമായി ഒന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. നിരവധി ദശകങ്ങളായി അയല്‍രാജ്യവുമായി ഏറ്റവും നല്ല ബന്ധമാണുള്ളത്. അതിര്‍ത്തിയിലെ എല്ലാ സമാധാനപരിശ്രമങ്ങള്‍ക്കും ചൈന തയ്യാറാണ്. ഇന്ത്യയെ ശത്രുവാക്കാന്‍ ചൈനയ്‌ക്ക് ഒരു ആഗ്രഹവുമില്ല’ മുഖപ്രസംഗത്തില്‍ പറയുന്നു.
രാജ്യങ്ങളെ പരസ്പരം അകറ്റലാണ് അമേരിക്കയുടെ നയം. പലരേയും തങ്ങളുടെ പക്ഷത്താക്കലാണ് അങ്ങിനെ അവരുടെ ലക്ഷ്യമെന്നും ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു. തങ്ങള്‍ അമേരിക്കയുടെ നയങ്ങളെ പേടിക്കുന്നില്ല. എന്നാല്‍ അമേരിക്കയുടെ പിന്തുണയോടെ ആരും ചൈനയെ കുഴപ്പത്തിലാക്കാമെന്നും കരുതേണ്ടതിലെന്നും മുഖപ്രസംഗത്തിലൂടെ സൂചിപ്പിക്കുന്നു.















