ന്യുഡല്‍ഹി : ചൈനയുടെ ഭാഗത്തുനിന്ന് നേരത്തേയും സമാനമായ പ്രകോപനമുണ്ടായപ്പോള്‍ വ്യോമസേനയ്‌ക്ക് സ്വയം തീരുമാനമെടുക്കേണ്ട സാഹചര്യമുണ്ടായിരുന്ന വളിപ്പെടുത്തലുമായി മുന്‍ വ്യോമസേനാ മേധാവി. ചൈനയുടെ നീക്കങ്ങളെക്കുറിച്ച് നല്‍കിയ മുന്നറിയിപ്പുകള്‍ അന്നത്തെ പ്രതിരോധവകുപ്പ് മന്ത്രി ഏ.കെ. ആന്റണി അവഗണിച്ചിരുന്നുവെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കുന്നു. തുടര്‍ന്ന് അനുവാദം ചോദിക്കാതെ അതിര്‍ത്തിയില്‍ പ്രതിരോധം ശക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധത്തിന്റെ ഭാഗമായി ആരോടും അനുവാദം ചോദിക്കാതെ ആയുധവും വിമാനവും അതിര്‍ത്തിയിലേക്ക് എത്തിച്ചു. ലഡാക്ക് കിഴക്കന്‍ മേഖലയായ ദൗലത് ബാഗ് ഓള്‍ഡി് താല്‍ക്കാലിക വിമാനത്താവളത്തിലേക്കാണ് ആയുധങ്ങള്‍ എത്തിച്ചത്. വിമാനം ഇറക്കേണ്ടി വന്ന സാഹചര്യം അത്രകണ്ട് അനിവാര്യമായിരുന്നുവെന്നാണ് മുന്‍ വ്യോമസേനാ മേധാവി പ്രണബ് കുമാര്‍ ബാര്‍ബോറ വെളിപ്പെടുത്തിയത്.
2008 മെയ് മാസം നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ ചൈനക്കെതിരെ നീങ്ങാന്‍ അനുവദിച്ചില്ല. അന്നത്തെ പ്രതിരോധ മന്ത്രി ഏ. കെ. ആന്റണി ചൈനയുടെ പ്രതികരണത്തെ ഭയപ്പെട്ടിരുന്നു. ഇത് മനസിലാക്കി സൈനിക ശേഷി വര്‍ധിപ്പിക്കാനും ആയുധങ്ങളെത്തിക്കാനും വ്യോമസേനയ്‌ക്ക് സ്വയം തീരുമാനം എടുക്കുക്കേണ്ടിവന്നെന്നും ബാര്‍ബോറ പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മേഖലയിലാണ് ഡൗലത് ബാഗ് ഓള്‍ഡി. 16800 അടി ഉയരത്തില്‍ ആണ് ഈ പ്രദേശം. എ. എന്‍. 32, സി-130 എന്നീ വിമാനങ്ങള്‍ ഇറക്കാനുള്ള സംവിധാനമാണ് നാം ഒരുക്കിയത്. ഇന്ത്യയുടെ നീക്കം അതീവ രഹസ്യമായിരുന്നു. മെയ് 31നാണ് വ്യോമസേന നീക്കം നടത്തിയത്. താനും അന്നത്തെ എയര്‍ ചീഫ് മാര്‍ഷല്‍ ഫാലി ഹോമി മേജറും മാത്രമാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. തങ്ങള്‍ക്കൊപ്പം കരസേനാ മേധാവി ജനറല്‍ ദീപക് കപൂറും ഉണ്ടായിരുന്നുവെന്നും ബോര്‍ബോറ പറഞ്ഞു. ആകെ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരാണ് നടപടിക്കായി തയ്യാറായത്. രണ്ടു വൈമാനികരും ഒരു സഹായിയും ഒരു സൈനികനും തനിക്കൊപ്പം തയ്യാറായിയെന്നും എ.എന്‍-32 എന്ന വിമാനമാണ് ചണ്ഡീഗഢ് വ്യോമസേനാ കേന്ദ്രത്തില്‍ നിന്നും അതിര്‍ത്തിയിലേക്ക് പറത്തിയതെന്നും ബോര്‍ബോറ വ്യക്തമാക്കി.
അതിര്‍ത്തിയിലെ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവിലാണ് ഇന്ത്യന്‍ വ്യോമസേന 2008ലെ നടപടികളാരംഭിച്ചത്. പിന്നീട് നടത്തിയ ചൈനാ സന്ദര്‍ശനത്തില്‍ പ്രതിരോധമന്ത്രി എന്ന നിലയില്‍ ആന്റണി എടുക്കേണ്ട നിലപാടുകളും തീരുമാനിക്കപ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ നടത്തിയത് ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണെന്ന് തീരുമാനിച്ചതും വ്യോമസേനയുടെ ഭാഗത്തുനിന്നുള്ള നിര്‍ദ്ദേശമായിരുന്നു എന്നും ബാര്‍ബോറ പറഞ്ഞു.















