ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സമൂഹമാദ്ധ്യമ ങ്ങളിലൂടെയല്ല ഉന്നയിക്കേണ്ടതെന്ന് രാഹുലിനോട് കേന്ദ്ര നിയമകാര്യമന്ത്രി. ചൈനയുടെ അതിര്‍ത്തി ലംഘനത്തെപ്പറ്റി സമൂഹമാദ്ധ്യമങ്ങളിലൂടെ ചോദ്യങ്ങളുന്നയിക്കുന്ന രാഹുലിന്റെ രീതിയെയാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചത്.
‘ചൈനയെ സംബന്ധിക്കുന്ന വിഷയം അന്താരാഷ്‌ട്ര കാര്യമാണെന്ന സാമാന്യ വിവരമെങ്കിലും രാഹുല്‍ കാണിക്കണം. അത്തരം ചോദ്യങ്ങള്‍ ട്വിറ്ററിലൂടെ ചോദിക്കാമെന്ന രാഹുലിന്റെ രീതി ശരിയല്ല. 2016ലെ ഉറി ആക്രമണത്തിന്റെ സമയത്തും ബാലാക്കോട്ടിന്റെ സമയത്തും ഇതേപോലെ കുറേ ചോദ്യങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്.’ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി വിമര്‍ശിച്ചത്.
ചൈനാ വിഷയത്തില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ കേന്ദ്രസര്‍ക്കാറിനോട് ചോദ്യം ചോദിക്കലാണ് രാഹുലിന്റെ ഏക ജോലി. പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ല എന്നാണ് രാഹുല്‍ എഴുതിയത്. ഇത്തരം കാര്യങ്ങള്‍ ട്വിറ്ററിലൂടെയാണോ ചോദിക്കേണ്ടതെന്ന് രാഹുല്‍ ചിന്തിക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്ത്യയുടെ ശക്തമായി വിദേശ നയം ചൈനയെ മാറിചിന്തിക്കാന്‍ നിര്‍ബന്ധിതമാക്കുകയാണ്. നമ്മുടെ പ്രതിരോധ നയം ഏറെ ശക്തവും ജാഗ്രതയുള്ളതുമാണ്. സൈനിക മേധാവികള്‍ യഥാസമയം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. രാഹുല്‍ ഇതെല്ലാം ആദ്യം വിലയിരുത്തണമെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.















