ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. നാല്‍പ്പത്തി മൂന്ന് രാജ്യങ്ങളിലേക്കായി 386 വിമാനങ്ങളാണ് മൂന്നാം ഘട്ടത്തില്‍ സര്‍വ്വീസ് നടത്തുന്നത്. ഇതില്‍ 76 വിമാന സര്‍വ്വീസുകള്‍ കേരളത്തിലേക്കാണ്.
വന്ദേഭാരത് മിഷന്റെ രണ്ട് ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത 55 ശതമാനം ആളുകളും നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇനി 45 ശതമാനം ആളുകളെ മാത്രമാണ് നാട്ടില്‍ തിരിച്ചെത്തിക്കാന്‍ ഉള്ളത്.
വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതുവരെ എഴുപതിനായിരം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചിട്ടുണ്ട്. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ എട്ട് ലക്ഷം ആളുകള്‍ യാത്ര ചെയ്തതായും അദ്ദേഹം പറഞ്ഞു.















