ബെര്‍ലിന്‍: ജര്‍മ്മന്‍ കപ്പ് സെമിപോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ചിന് ജയം. ബെയെര്‍ എന്‍ട്രാഷേ ഫ്രാങ്ക്ഫര്‍ട്ടിനെയാണ് തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ജയം. ബെയര്‍ ലെവര്‍കൂസനെയാണ് കലാശപോരാട്ടത്തില്‍ ബയേണ്‍ നേരിടുക. ആദ്യ സെമിയില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബെയര്‍ സാര്‍ബ്രൂക്കനെ തോല്‍പ്പിച്ചാണ് ഫൈനലിലേക്ക് കടന്നിരിക്കുന്നത്.
2018ലെ ജേതാക്കളായ എന്‍ട്രാഷേ ശക്തമായ പോരാട്ടമാണ് കരുത്തരായ ബയേണിനെതിരെ നടത്തിയത്. കളി തുടങ്ങി 14-ാം മിനിറ്റില്‍ത്തന്നെ ബയേണ്‍ ഗോള്‍ നേടി. സ്റ്റാര്‍ സ്‌ട്രൈക്കര്‍ പെരിസിച്ചിന്റെ വകയായിരുന്നു ആദ്യഗോള്‍. തുടര്‍ന്ന് ഇരുടീമുകളും പ്രതിരോധം ശക്തമാക്കിയതോടെ ആദ്യപകുതിയില്‍ ഗോളുകളൊന്നും പിന്നീട് വീണില്ല. രണ്ടാം പകുതിയില്‍ ഡീ കോസ്റ്റ എന്ട്രാഷേക്ക് സമനില ഗോള്‍ നേടിക്കൊടുത്തു. എന്നാല്‍ യൂറോപ്പ്യന്‍ ലീഗിലെ ഗോള്‍വേട്ടക്കാരന്‍ ലെവന്‍ഡോവ്‌സ്‌കിയാണ് ബയേണിനായി വിജയഗോള്‍ നേടിയത്. 74-ാം മിനിറ്റിലാണ് ഗോളടിച്ചത്. ബയേണിനായി ഈ സീസണിലെ 45-ാം ഗോളാണ് ലെവന്‍ഡോവ്‌സ്‌കി നേടിയത്. ജര്‍മ്മന്‍ കപ്പിന്റെ ഫൈനല്‍ പോരാട്ടം ജൂലൈ മാസം നാലിനാണ് നടക്കുക.















