ന്യുഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനായി ആയുധങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രതിരോധ മന്ത്രാലയം സമയം നീട്ടിനല്‍കി. കൊറോണ ലോക്ഡൗണ്‍ കാരണം നിര്‍മ്മാണം മുടങ്ങിയതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടവ സമയത്ത് എത്താതിരുന്നതും കണക്കിലെടുത്താണ് സമയം അനുവദിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പ്രതിരോധ വകുപ്പിന്റെ സാധനസമാഹരണ വിഭാഗത്തിനാണ് എല്ലാ സൈനിക സംവിധാനങ്ങളും ഉല്‍പ്പന്നങ്ങളും എത്തിക്കാനുള്ള ചുമതല. മാര്‍ച്ച് 25 മുതല്‍ ജൂലൈ 24വരെയുള്ള സമയപരിധിയുള്ള കരാറുകള്‍ക്കാണ് സമയം അനുവദിച്ചിരിക്കുന്നത്. ഈ നാലുമാസം ഒഴിവാക്കുമെന്നും മുടക്കുവന്നാല്‍ സൈന്യത്തിലേക്ക് നല്‍കേണ്ടിയിരുന്ന നഷ്ടപരിഹാരം തല്‍ക്കാലം വേണ്ടെന്ന് വച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഉല്‍പ്പാദനം വേഗത്തിലാക്കാനായി എന്തെങ്കിലും മാറ്റങ്ങള്‍ നിര്‍മ്മാണ മേഖലയില്‍ വരുത്തുന്നതിന് പ്രത്യേകം കരാറുകള്‍ ഇതിനായി ആവശ്യമില്ല. കൂടാതെ വിദേശത്തു നിന്നും ഇറക്കുമതിക്ക് പ്രത്യേകം അനുമതി ആവശ്യമില്ലെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇതേ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ പ്രതിരോധ മന്ത്രാലയവുമായി പ്രത്യേകം സംസാരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.















