ഹൈദരാബാദ്: വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് പെൺകുട്ടി സ്വയം പോലീസിനെ കണ്ടെത്തി പരാതി നല്‍കി. തെലങ്കാനയിലെ വഹാദ് നഗര്‍ മേഖലയിലാണ് പോലീസിന്റെ നടപടിമൂലം ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്. ശാരീരിക അസ്വാസ്ഥ്യമുള്ള ഒരു സ്ത്രീയാണ് പെണ്‍കുട്ടിയെ വീട്ടുജോലിക്കായി നിര്‍ത്തുകയും തുടര്‍ന്ന് ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തതെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് റോഡിലൂടെ കരഞ്ഞുകൊണ്ട് ഓടിയ പെണ്‍കുട്ടി പോലീസ് ജീപ്പ് കൈകാട്ടി നിര്‍ത്തി പരാതി പറയുകയായിരുന്നു. പോലീസ് അതിവേഗം ഇടപെട്ടുവെന്ന് ചാദേര്‍ഖാട് പോലീസ് അധികാരികള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. സീമ എന്നു പേരായ ഒരു സ്ത്രീയാണ് കുട്ടിയെ ഉപദ്രവിച്ചിരിക്കുന്നത്. ശരീരത്തില്‍ മുഴുവന്‍ അടിയേറ്റകുട്ടിയെ തീകൊണ്ട് പൊള്ളിച്ച പാടുകളും പോലീസ് കണ്ടെത്തി. ബാലികാ സംരക്ഷണ വിഭാഗത്തിന് കൈമാറിയ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.















