മിലാന്‍: പതിമൂന്ന് തവണ ചാമ്പ്യന്മാരായ യുവന്റസ് കോപ്പാ ഇറ്റാലിയ കപ്പിന്റെ ഫൈനലി ലെത്തി. എസി മിലാനുമായി രണ്ടാംപാദ സെമിയില്‍ ഗോള്‍രഹിത സമനില വഴങ്ങിയിട്ടും കലാശപോരാട്ടത്തിന് യോഗ്യത നേടുകയായിരുന്നു. ആരാധകരെ ഞെട്ടിച്ച് പെനാല്‍റ്റി പാഴാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിഴവിലാണ് സമനില വഴങ്ങേണ്ടിവന്നത്. എവേ മത്സരത്തിന്റെ ആനുകൂല്യത്തിലാണ് യുവന്റസിന് മേല്‍കൈ കിട്ടിയത്. ആദ്യ പാദത്തില്‍ 1-1ന് സമനിലയില്‍ പിരിഞ്ഞ ടീമുകള്‍ രണ്ടാം പാദത്തില്‍ ഗോള്‍രഹിത സമനില വീണ്ടും നേടിയെങ്കിലും ആദ്യപാദത്തിലെ എവേ ഗോള്‍ യുവന്റസിന് ഗുണമായി. കൊറോണയ്‌ക്ക് മുമ്പ് ഫെബ്രുവരി 13ന് എസി.മിലാന്റെ തട്ടകത്തിലാണ് ആദ്യപാദ സെമി നടന്നത്.
ടൂറിനിലെ വേദിയിലാണ് കൊറോണ ലോക്ഡൗണിന് ശേഷമുള്ള ആദ്യ മത്സരം ഇന്നലെ നടന്നത്. ഇരുടീമുകളും ശക്തമായ പ്രതിരോധം തീര്‍ത്തതോടെയാണ് ഗോളുകള്‍ പിറക്കാതിരുന്നത്. എന്നാല്‍ 16-ാം മിനിറ്റില്‍ എ.സി.മിലാന്റെ ഡാനിയാലോയുടെ കയ്യില്‍ പന്തുതട്ടിയതിനാലാണ് യുവന്റസിന് അനുകൂലമായ പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ എടുത്ത പെനാല്‍റ്റി ഗോള്‍ പോസ്റ്റിന്റെ വലതു വശത്തുകൂടെ പുറത്തേക്ക് പോവുകയായിരുന്നു. ഫൈനലില്‍ യുവാന്റസിനെതിരെ ഇന്റര്‍മിലാന്‍- നാപ്പോളി മത്സരത്തിലെ വിജയി കിരീടപോരാട്ടത്തിനായി ഇറങ്ങും.















