ഇസ്ലാമാബാദ്: പാക് അധീന കശ്മീര്‍ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കൊറോണ സ്ഥിരീകരിച്ചത്. പാക് അധീന കശ്മീരിലെത്തി ഇന്ത്യന്‍ പ്രധാനമന്ത്രിയെ അഫ്രിദി അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു . എന്നാല്‍ തൊട്ടുപിന്നാലെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായ അഫ്രീദിയെ പാക് ആരാധകര്‍ പോലും ട്രോളുന്ന കാഴ്ചയാണ് ട്വിറ്ററില്‍ ഉള്‍പ്പെടെ കാണുന്നത്.
പാക് അധീന കശ്മീരില്‍വെച്ചാണ് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഫ്രിദി അധിക്ഷേപിച്ചത്. ‘ഇന്നിതാ ഞാന്‍ നിങ്ങളുടെ മനോഹരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. ഇവിടം സന്ദര്‍ശിക്കണമെന്ന് ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു.
ഈ ലോകം വലിയൊരു രോഗത്തിന്റെ പിടിയിലാണ്. പക്ഷേ അതിലും വലിയ രോഗം മോദിയുടെ മനസിലാണ്. പാകിസ്ഥാന്റെ ആകെ സൈനികബലമായ ഏഴുലക്ഷം സൈനികരെയാണ് മോദി കശ്മീരില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ കശ്മീരിലെ ജനത ഒന്നടങ്കം പാക് സൈന്യത്തെയാണ് പിന്തുണയ്‌ക്കുന്നത്’- ഇതായിരുന്നു അഫ്രിദിയുടെ വിവാദ പ്രസ്താവന.
കൊറോണ ബാധിതരെ സഹായിക്കുന്നതിനുള്ള അഫ്രിദി ഫൗണ്ടേഷനൊപ്പം ഇന്ത്യയിലെ ചില ക്രിക്കറ്റര്‍മാരും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു അഫ്രിദി മോദിയെ വിമര്‍ശിച്ചത്. യുവരാജും ഹര്‍ഭജനുമാണ് അഫ്രിദിയുടെ പേരിലുള്ള സംഘടനയ്‌ക്ക് സഹായമെത്തിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതോടെ അഫ്രിദിയെ തള്ളി ഹര്‍ഭജനും യുവരാജും രംഗത്തെത്തി. കൊറോണ സ്ഥിരീകരിച്ചുവെന്ന വിവരം ഇന്ന് താരം തന്നെയാണ് പുറത്തുവിട്ടത്. പാകിസ്ഥാനില്‍ രോഗബാധിതനാകുന്ന മൂന്നാമത്തെ ക്രിക്കറ്ററാണ് അഫ്രിദി.