ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന് കൊടുങ്കാറ്റുപോലെ ഒരു ബൗളര്‍ പിറന്ന ദിവസം ഇന്ന്. പാരമ്പര്യവൈരികളായ പാകിസ്താനെ അവരുടെ കറാച്ചിയിലെ മണ്ണില്‍ 2006ല്‍ വിറപ്പിച്ച ഹാട്രിക് ഇന്നാണ് സംഭവിച്ചത്. ഇര്‍ഫാന്‍ പഠാനെന്ന ആ പോരാളിയെ ഇടംകൈകരുത്തുമായി കപില്‍ദേവിന്റെ അവതാരമെന്നും വിശേഷിപ്പിച്ചത് ക്രിക്കറ്റ് ലോകം ഇന്ന് ഓര്‍ത്തെടുക്കുന്നു. കളിക്ക് ശേഷം മാദ്ധ്യമങ്ങള്‍ എഴുതിയത് പഠാന്റെ കയ്യില്‍ ബാറ്റ്കൂടി നല്‍കൂ കപിലിന്റെ മുന്‍കാല ബാറ്റിംഗ് കരുത്തിന് ഇതാ പുതിയ അവകാശി എന്നാണ്.
2006ലെ കറാച്ചി ടെസ്റ്റിന്റെ ആദ്യ ദിനമാണ് ചരിത്രമായത്. പഠാന്‍ എറിഞ്ഞ ആദ്യ ഓവര്‍ തന്നെ പാകിസ്താന്‍ ക്യാമ്പില്‍ തീപടര്‍ത്തി. മികച്ച പേസും അസാധാരണായി വായുവില്‍ നീങ്ങിയ പന്തും പാക് മുന്‍നിരയെ തകര്‍ത്തെറിഞ്ഞു. ആദ്യവിക്കറ്റ് സല്‍മാന്‍ ബട്ടിന്റേതായിരുന്നു. തൊട്ടടുത്ത പന്തുകളില്‍ യൂനിസ് ഖാനും മുഹമ്മദ് യൂസഫും പവലിയനില്‍ തിരിച്ചെത്തി. ഒരു റണ്‍പോലും ചേര്‍ക്കാതെ സ്‌കോര്‍ബോര്‍ഡിലെ പൂജ്യം റണ്‍സിന് മൂന്ന് വിക്കറ്റ് എന്നത് കണ്ട് പാക് ആരാധകര്‍ അലറിക്കരഞ്ഞു. പിന്നീട് മധ്യഓവറുകളില്‍ അതേപോലെ മൂന്നു വിക്കറ്റുകള്‍ വീണ്ടും വീണതോടെ പാകിസ്താന്‍ 39ന് 6 എന്ന നിലയിലേക്ക് നടുവൊടിഞ്ഞ് വീണു. 14 വര്‍ഷം മുമ്പത്തെ തന്റെ പ്രകടനം ഇന്നും ആവേശത്തോടെയാണ് പഠാനും അന്ന് ഇന്ത്യന്‍ നായകനായിരുന്ന രാഹുല്‍ ദ്രാവിഡും ഓര്‍ക്കുന്നത്.
ഫൈസലാബാദിലും ലാഹോറിലും ടെസ്റ്റു മത്സരങ്ങളില്‍ റണ്‍സുകള്‍ ഇരുടീമുകളും സമൃദ്ധമായി നേടിയിരുന്നു. മൂന്നാം ടെസ്റ്റില്‍ കറാച്ചിയിലെ തണുത്ത പ്രഭാതത്തിലാണ് ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിംഗിനയച്ചത്. ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷത്തില്‍ പന്തിനെ പരമാവധി സ്വിംഗ് ചെയ്യിക്കാനായിരുന്നു ലക്ഷ്യം. ബാറ്റ്‌സ്മാന്‍മാരുടെ കാലുകളെ ത്തന്നെയാണ് ലക്ഷ്യം വച്ചതെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. സല്‍മാന്‍ ബട്ടിന്റെ ക്യാച്ച് രാഹുല്‍ ദ്രാവിഡ് സ്ലിപ്പില്‍ പിടിച്ചു. യൂനിസ് ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മുഹമ്മദ് യൂസഫ് ക്ലീന്‍ ബൗള്‍ഡായി. വിശ്വാസം വരാതെ സ്വയം മറന്ന നിമിഷമായിരുന്നുവെന്നും പഠാന്‍ തന്റെ ആദ്യ ഹാട്രിക്കിനെക്കുറിച്ച് വിവരിച്ചു.