ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനിലും പാംപോറിലും ശക്തമായ ഏറ്റുമുട്ടല്‍ . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന ഏറ്റമുട്ടലില്‍ എട്ട് ഭീകരർ കൊല്ലപ്പെട്ടു. സുരക്ഷാ സൈന്യം നടത്തിയ സൈനിക നീക്കത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ ശക്തമായതോടെ പാംപോറില്‍ ഭീകരര്‍ പള്ളിയില്‍ കയറി ഒളിച്ചതും സൈന്യത്തിന് വെല്ലുവിളിയായി.ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടപ്പോള്‍ ആണ് കൂടെയുള്ള മറ്റു രണ്ടു ഭീകരര്‍ പള്ളിയില്‍ കയറി ഒളിച്ചത്.
ഭീകരരെ തന്ത്രപരമായി പുറത്തെത്തിച്ച ശേഷമാണ് സൈന്യം വധിച്ചത്. പള്ളിക്കുള്ളില്‍ സ്ഫോടകവസ്തുക്കളോ തോക്കുകളോ ഉപയോഗിച്ചിരുന്നില്ലെന്നും കണ്ണീര്‍വാതകമാണ് ഉപയോഗിച്ചതെന്നും പോലീസ് അറിയിച്ചു.ഷോപിയാന്‍ പാംപോര്‍ മേഖലകളില്‍ ഇന്നലെ വ്യാഴാഴ്ച രാവിലെ മുതലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ ആരംഭിച്ചതും ഏറ്റുമുട്ടലിലേക്ക് നീങ്ങിയതും . ഇരുപതിലധികം മണിക്കൂർ കാത്തിരുന്നാണ് പള്ളിയിലൊളിച്ച ഭീകരരെ പുറത്തെത്തിച്ച് വധിച്ചത്. ഷോപിയാനില്‍ അഞ്ച് ഭീകരരും പാംപോറില്‍ മൂന്ന് ഭീകരരും ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടു.
വെടിയുതിര്‍ക്കുകയോ മറ്റു സ്ഫോടകവസ്തുക്കളുടെ ഉപയോഗമോ പള്ളിക്കുള്ളിലുണ്ടായില്ലെന്ന് ഐജി വിജയ് കുമാര്‍ പറഞ്ഞു. പള്ളിയില്‍ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടാകാതെ കൃത്യതയോടെ കാര്യങ്ങള്‍ നടത്തിയതിന് മസ്ജിദ് കമ്മറ്റിക്കാര്‍ ജില്ലാ പോലീസ് തലവന്‍ താഹിറിനെയും സൈന്യത്തെയും സിആര്‍പിഎഫിനെയും നന്ദി അറിയിച്ചതായും പോലീസ് വൃത്തങ്ങള്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.