ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ അസ്വസ്ഥത വിതയ്‌ക്കുന്ന നേപ്പാളിനെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തിയായി കാലങ്ങളായി പരിഗണി ച്ചുവരുന്ന മൂന്ന് പ്രദേശങ്ങളെ ചേര്‍ത്ത് നേപ്പാള്‍ സ്വന്തം ഭൂപടം മാറ്റിവരച്ചതോടെയാണ് പ്രശ്‌നം ഇന്ത്യ ഗൗരവമായെടുത്തത്. കാലാപാനി, ലിപുലേക്, ലിംപിയാധുരാ എന്നീ പ്രദേശങ്ങളെ ച്ചൊല്ലിയാണ് നേപ്പാളിന്റെ അനാവശ്യ അവകാശവാദം. കാളീ നദിയുടെ മേഖലകളിലടക്കം 17 സൈനിക പോസ്റ്റുകള്‍ 1962ലെ ചൈനാ യുദ്ധത്തോടെ ഇന്ത്യ സ്ഥാപിച്ചിരുന്നു. ഇതില്‍ 14 എണ്ണം ഇന്ത്യ മാറ്റിയെങ്കിലും നിലവിലെ മൂന്ന് പ്രദേശത്തെ സൈനിക പോസ്റ്റുകള്‍ ഇന്ത്യ നിലനിര്‍ത്തിയിരിക്കുകയാണ്. നേപ്പാളും ഇന്ത്യയും സംയുക്തമായാണ് 17 പോസ്റ്റുകളും സ്ഥാപിച്ചതെന്നതാണ് വസ്തുത. ഈ സത്യം നിലനില്‍ക്കേയാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് ഭരണകൂടം ഇന്ത്യന്‍ പ്രദേശത്തിന് മേല്‍ അവകാശവാദം ഉന്നയിക്കുന്നത്.
നേപ്പാളിന്റെ നീക്കം തുടങ്ങിയപ്പോള്‍ത്തന്നെ പ്രദേശങ്ങളെ സ്വന്തമാക്കി വരയ്‌ക്കാനുള്ള ഗൂഢപദ്ധതിക്കെതിരെ കരസേനാ മേധാവി എം.എം.നരവാനേ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേപ്പാള്‍ ഇന്ത്യയുടെ അതിര്‍ത്തിക്ക് മേല്‍കൈവയ്‌ക്കുന്നത് ചൈനയുടെ പിന്‍ബലത്തോടെയാണെന്ന് ഇന്ത്യ ആരോപിച്ചതും നേപ്പാളിന് ക്ഷീണമായി.നേപ്പാളില്‍ നിലവില്‍ ഭരിക്കുന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയും ഇന്ത്യയുടെ അതിര്‍ത്തി സംബന്ധമായ വിഷയത്തില്‍ വിദേശകാര്യവകുപ്പുകളെ ബന്ധപ്പെടു ത്താതെയാണ് ഏകപക്ഷീയമായ തീരുമാനമെടുത്തത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള ഭൂരിപക്ഷം ഉപയോഗപ്പെടുത്തിയാണ് ഭൂപടം നിയമാനുസൃതമായി പ്രഖ്യാപിച്ചത്. നേപ്പാള്‍ രാഷ്‌ട്രപതി ഇന്ന് ഭരണഘടനാ ഭേദഗതി ഒപ്പിട്ട് പ്രാബല്യത്തിലാക്കിയിരിക്കുകയാണ്. ഇതിനിടെ അനാവശ്യ പ്രകോപനങ്ങള്‍ ഉണ്ടാക്കി അന്താരാഷ്‌ട്ര ശ്രദ്ധയാകര്‍ഷിക്കാനും നേപ്പാള്‍ ശ്രമിച്ചിരുന്നു. അതിര്‍ത്തിയിലെ ബീഹാര്‍ പ്രദേശത്തെ ഗ്രാമീണരെ കൊറോണ പ്രതിരോധമെന്ന പേരില്‍ തടയുകയും അനാവശ്യ പ്രകോപനം വെടിവെയ്പ്പിലേക്ക് എത്തിക്കുകയും ചെയ്തു. അതില്‍ ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടല്‍ നടത്തിയതോടെയാണ് പിടിച്ചുവച്ച ഗ്രാമീണരെയടക്കം നേപ്പാള്‍ അതിര്‍ത്തി സേന വിട്ടയച്ചത്.
നേപ്പാളിന്റെ ചരിത്രം പുരാണ-ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട്:
നേപ്പാളിന്റെ ചരിത്രപരവും സാമൂഹികപരവുമായ ബന്ധം ചൈനയേക്കാള്‍ ഇന്ത്യയുമായിട്ടാണെന്നത് പുരാണ-ഇതിഹാസ കാലഘട്ടം മുതലേ തര്‍ക്കമില്ലാത്ത വസ്തുതയാണ്. രാമായ ണത്തില്‍ സീതാദേവിയുടെ നാടായി പറയുന്നത് ജനക മഹാരാജാവിന്റെ ഭരണപ്രദേശമായിരുന്ന മിഥിലാപുരിയാണ്. ഇന്നത്തെ ബീഹാറിലും നേപ്പാളിലുമായിട്ടാണ് പുരാണത്തിലെ മിഥില. നേപ്പാളിലെ രണ്ടാം പ്രവിശ്യയായ ജനകപുരിയിലാണ് സീത ജനിച്ചതെന്ന ഇതിഹാസ ലിഖിതങ്ങളും ശക്തമായ സാംസ്‌ക്കാരിക ബന്ധത്തിന്റെ തെളിവാണ്. ഇന്നും ശ്രീരാമപാദുക പൂജയും ശ്രീരാമന്റെ വിവാഹത്തിന് മുന്നോടിയായി നടത്തുന്ന ഘോഷയാത്രയും ഏറെ പ്രത്യേകത നിറഞ്ഞതാണ്. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിന്നും നേപ്പാളിലെ കാഠ്മണ്ഡുവിലേക്കാണ് രഥയാത്ര നടക്കുന്നത്. സീതാസ്വയംവരത്തിനായി പോകുന്നതും വിവാഹ ശേഷം സീതാസമേതനായി ശ്രീരാമന്റെ പ്രതീകാത്മകമായ വിഗ്രഹയാത്ര വരുന്നതും ഇരു രാജ്യത്തെ സര്‍ക്കാറുകളുടെ സാംസ്‌ക്കാരിക വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്.
ചരിത്രകാലഘട്ടത്തില്‍ സമുദ്രഗുപ്ത മൗര്യന്റെ വിശാല സാമ്രാജ്യത്തിന്റെ തണലിലും നേപ്പാളിന് ഒരു കാലത്ത് സവിശേഷ പദവിയും അംഗീകാരവും ലഭിച്ചിരുന്നു. സമുദ്രഗുപ്തന് ശേഷം ചന്ദ്രഗുപ്ത വിക്രമാദിത്യൻ സാമ്രാജ്യം സ്ഥാപിച്ച ശേഷം നേപ്പാളിനെ നന്നായി പരിപാലിച്ചതായും ശക-ഹൂണ ആക്രമണങ്ങളില്‍ നിന്നും രക്ഷിച്ചതായും പരാമർശമുണ്ട്. ചന്ദ്രഗുപ്ത വിക്രമാദിത്യന്‍ പിന്തുടര്‍ന്ന കാലഗണനയായ വിക്രമസംവത്സരമാണ് ഇന്നും നേപ്പാള്‍ ഔദ്യോഗിക കലണ്ടറായി കണക്കാക്കുന്നത്.
നേപ്പാള്‍ മാറുന്നത് സ്വാതന്ത്ര്യാനന്തരം:
സ്വാതന്ത്ര്യാനന്തര രാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്ക് ശേഷമാണ് നേപ്പാള്‍ ചൈനയുടെ കുതന്ത്രങ്ങളുടെ ഭാഗമായത്. സ്വതന്ത്ര്യാനന്തരം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നേപ്പാളിന്റെ ചരിത്രപരമായ പ്രാധാന്യവും ഹിമാലയ പ്രദേശമെന്ന സൈനികവും രാഷ്‌ട്രസുരക്ഷാപരവുമായ പ്രാധാന്യവും കണക്കിലെടുക്കാതിരുന്നത് ചൈനയാണ് മുതലാക്കിയത്. ബൗദ്ധമതത്തിന്റെ തട്ടകമായി വര്‍ത്തിച്ച ടിബറ്റിനെ ചൈന കീഴടക്കുമ്പോള്‍ വെറും ദുര്‍ബലമായ നയന്ത്രങ്ങളുടെ പേരില്‍ ഇന്ത്യ മൗനം പാലിച്ചതും വിനയായി. ടിബറ്റിനോ നേപ്പാളിനോ സൈനികമോ രാഷ്‌ട്രീയമോ ആയ പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായില്ല എന്നതും ചൈന വലിയ അവസരമാക്കി. 1962ല്‍ ഇന്ത്യയുടെ 42000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഭൂപ്രദേശം ചൈന പിടിച്ചതും കോണ്‍ഗ്രസ്സിന്റേയും ഇടതുപക്ഷ കക്ഷികളുടേയും നയവൈകല്യം കാരണമായിരുന്നു. നേപ്പാളില്‍ ചൈന നടത്തുന്ന ഭരണപരമായ ഇടപെടലിനെ നയതന്ത്രപരമായി നേരിടാനും കോണ്‍ഗ്രസ്സ് തയ്യാറായില്ല. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാറിന്റെ കാലത്തും പിന്നീട് 2014 മുതല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വന്ന ശേഷവുമാണ് സാംസ്‌കാരിക ദേശീയതയുടെ ഭാഗമെന്ന നിലയില്‍ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായത്.
മാവോയിസ്റ്റുകളാല്‍ നടത്തിയ ഹിന്ദു രാജപരമ്പരയുടെ ഉന്മൂലനം:
നേപ്പാളിന് മാത്രമാണ് ഇ ആഗോളതലത്തില്‍ ഹിന്ദുരാഷ്‌ട്രം എന്ന ഔഗ്യോഗിക വിളിപ്പേരുണ്ടായിരുന്നുള്ളൂ. ഇന്നാ വിളിപ്പേരും ഹിന്ദു സ്വത്വവും മന:പൂര്‍വം പറയാതിരിക്കാന്‍ മത്സരിക്കുകയാണ് ഒലിയുടെ കമ്യൂണിസ്റ്റ് ഭരണകൂടം. ചരിത്രാതീത കാലം മുതല്‍ ഋഷിമാരാല്‍ സംരക്ഷിക്കപ്പെടുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലാണ് നേപ്പാള്‍ എന്ന പേര് സിദ്ധിച്ചത്. നേ-പാലാ എന്ന സംസ്‌കൃത വാക്കില്‍ നിന്ന് നേപ്പാള്‍ എന്ന് വിളിക്കപ്പെട്ടു എന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ഗോപാല രാജവംശം തുടങ്ങിവച്ചതായി പറയപ്പെടുന്ന രാജപരമ്പര പലരിലൂടേയും കൈമാറപ്പെട്ടു. 621 വര്‍ഷം ഗോപാല പരമ്പര രാജഭരണം നടത്തി. യക്ഷ്യഗുപ്തനായിരുന്നു അവസാന രാജാവ്. തുടര്‍ന്ന് മല്ലരാജവംശത്തിന് കീഴിലായി. ഗോര്‍ഖാലി പരമ്പരയുടെ കാലത്ത് പൃഥ്വി നാരായണ്‍ ഷാ ഹിന്ദുരാഷ്‌ട്രം എന്ന മനോഭാവം ജനങ്ങളില്‍ വളര്‍ത്തി. 2008 വരെ ഇതേ രാജപരമ്പരക്ക് കീഴിലാണ് നേപ്പാള്‍ ഭരിക്കപ്പെട്ടത്.ഗ്യാനേന്ദ്ര ബീര്‍ ബിക്രം ഷാ ദേവാണ് 2008 വരെ കിരീടാവകാശിയായി രാജഭരണം നടത്തിയത്. 1990കളില്‍ ചൈനയുടെ മാവോയിസ്റ്റ് ഭീകരര്‍ തുടക്കമിട്ട ആഭ്യന്തരയുദ്ധം നേപ്പാള്‍ രാജകുടുബത്തിന്റെ കൂട്ടക്കൊലയ്‌ക്കും കാരണമായി. ദീപേന്ദ്ര ബീര്‍ ബിക്രം ഷാ എന്ന യുവരാജാവിനെക്കൊണ്ട് ആ ക്രൂരദൗത്യം നടപ്പാക്കുന്നതില്‍ ചൈന വിജയിക്കുകയും നേപ്പാളിന്റെ രാജപ്രതാപം ഇല്ലാതാക്കുകയും ചെയ്തു. 2001 ജൂണ്‍ 1നാണ് ലോകത്തെ നടുക്കിയ ആ കൊലപാതകം നടന്നത്. രാജകുടുംബം ഭക്ഷണത്തിനായി ഒത്തുകൂടിയ വേളയിലാണ് വെടിവെയ്പ്പിലൂടെ കൂട്ടക്കുരുതി നടന്നത്. ബീരേന്ദ്ര രാജാവും ഭാര്യ ഐശ്വര്യയും മക്കളുമടക്കം കുടുംബത്തിലെ ഒന്‍പത് പേരാണ് കൊലചെയ്യപ്പെട്ടത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി മാവോയിസ്റ്റുകള്‍ യുവരാജാവായ ദീപേന്ദ്രയുടെ സഹോദരന്‍ ഗ്യാനേന്ദ്രയെ കുറച്ചുകാലം അധികാരത്തിലിരുത്തി. തുടര്‍ന്നാണ് തെരഞ്ഞെടുപ്പിലൂടെ രാജപ്രതിനിധികളെ മുഴുവന്‍ മാറ്റി കമ്യൂണിസ്റ്റ് മന്ത്രിസഭ ഉണ്ടാക്കിയത്.
ഇന്ത്യന്‍ സാംസ്‌ക്കാരിക ദേശീയതയുടെ ഭാഗമായി നേപ്പാള്‍ മാറാതിരിക്കാന്‍ ചൈന നടത്തിയ ആദ്യ നീക്കങ്ങളിലൊന്ന് നേപ്പാളിന്റെ ഹിന്ദു സാംസ്‌കാരിക മുഖം ഇല്ലാതാക്കുക എന്നതായിരുന്നു. പരമ്പരാഗതമായി രാജകുടുംബത്തിന് ആധിപത്യമുണ്ടായിരുന്ന ഭരണ സംവിധാനം തകര്‍ക്കാന്‍ ചൈന എല്ലാ മറയും നീക്കി കളിച്ചു. കാലാകാലം ഇന്ത്യഭരിച്ച കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റ് അനുകൂല രാഷ്‌ട്രീയ പര്‍ട്ടികളും ചൈനയെ പിണക്കാനോ നേപ്പാളിനെ സ്വാധീനിക്കാനോ ശ്രമിച്ചില്ല. ഒരു സുഖവാസ കേന്ദ്രം എന്നതിനപ്പുറം ഇന്ത്യയുമായുള്ള സാംസ്‌ക്കാരിക ബന്ധം അവര്‍ക്ക് മനസ്സില്‍പോലും വന്നില്ല. ജെഎന്‍യു അടക്കമുള്ള സര്‍വകലാശാലകളിലെ ദേശവിരുദ്ധ ഹിന്ദുവിരുദ്ധ ചരിത്രകാരന്മാരും ഗവേഷകരും നേപ്പാളിനെ കമ്യൂണിസ്റ്റ് നിറം ചാര്‍ത്തുന്നതില്‍ മത്സരിച്ചു.
ഘട്ടം ഘട്ടമായി ചൈനയുടെ മാവോയിസ്റ്റ് ഭീകരന്മാരുടെ കേന്ദ്രമാക്കി മാറ്റിയ നേപ്പാളില്‍ രാഷ്‌ട്രീയ ധ്രുവീകരണത്തിനും ഇന്ത്യയിലെ ദുര്‍ബലരാഷ്‌ട്രീയ സമീപനം സഹായിച്ചു. ഇന്നിതാ നേപ്പാള്‍ ചൈനയുടെ എല്ലാ പിന്തുണയും വാങ്ങിക്കൊണ്ട് ഇന്ത്യക്കെതിരെ അതിര്‍ത്തിയില്‍ അതിരുമാന്തുന്ന തരംതാണ രാഷ്‌ട്രീയം കളിക്കുകയാണ്. ഇന്ത്യക്കിത് വെറും അതിര്‍ത്തി പ്രശ്‌നമല്ല മറിച്ച് ചൈനയെന്ന മഹാവിപത്തിന് വഴിതുറക്കുന്ന നേപ്പാളിനെ മര്യാദ പഠിപ്പിക്കുക എന്ന ദൗത്യം കൂടിയാണ്. ഇന്ത്യയെ ഭയക്കുന്നുണ്ടെങ്കിലും സൈനികമായി ദുര്‍ബലമാണെങ്കിലും നേപ്പാള്‍ ചൈനക്കായി ചരടുവലിക്കുകയാണെന്ന ഇന്ത്യന്‍ കരസേനയുടേയും പ്രതിരോധമന്ത്രാലയത്തിന്റേയും മുന്നറിയിപ്പ് ദിനംപ്രതി സത്യമായി ക്കൊണ്ടിരിക്കുന്നു.
ചൈനയുടെ നന്ദികേട് അതേപടി പകര്‍ത്തുന്ന നേപ്പാളിനെയാണ് കുറേ വര്‍ഷങ്ങളായി കാണുന്നത്. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിനായി എല്ലാ സഹായവും എത്തിച്ച ഇന്ത്യ നേരിടുന്നത് നേപ്പാളിന്റെ ചൈനാ ആസൂത്രിത കമ്യൂണിസ്റ്റ്-മാവോയിസ്റ്റ് ചതിപ്രയോഗ ങ്ങളാണെന്നത് വസ്തുതയാണ്. ഇന്ത്യയുടെ ശത്രുക്കള്‍ക്ക് ഇടം നല്‍കി കളിക്കുന്ന നേപ്പാള്‍ നഷ്ടപ്പെടുത്തുന്നത് മാന്യമായ ഒരു രാജ്യത്തിന്റെ തണലാണ്. നേപ്പാളിലെ പൗരന്മാരുടെ ഉന്നത വിദ്യാഭ്യാസം നിലവിലെ സാങ്കേതിക മേഖലകളിലടക്കമുള്ള തൊഴിലും വ്യാപാരങ്ങളും വഴി നേപ്പാള്‍ പൗരന്മാര്‍ ഇന്ത്യയില്‍ നിന്നും എത്തിക്കുന്ന പണം അവരുടെ ദേശീയവരുമാനത്തിന്റെ 5 ശതമാനത്തിലേറെ വരും. കയറ്റുമതിയില്‍ 60 ശതമാനം ഇന്ത്യയാണ് വാങ്ങുന്നത്. ഇന്ത്യയില്‍ നിന്നാണ് നേപ്പാളിന്റെ പ്രധാന സാധനങ്ങളുടെ ഇറക്കുമതി. അതിനൊപ്പമാണ് ഇന്ത്യന്‍ ജനതയുടെ വിനോദസഞ്ചാരത്തിലൂടെ കിട്ടുന്ന വരുമാനം. ഇന്ത്യ പിണങ്ങിയാല്‍ ഇന്ന് പാകിസ്താന്‍ അനുഭവിക്കുന്ന പോലെ ചൈനയുടെ പെരുകുന്ന കടത്തിന്റെ പലിശക്കെണി യിലാണ് നേപ്പാള്‍ പെടുക. കടം തിരികെകൊടുക്കാനാകാതെ ദരിദ്ര്യവും അരാജകത്വവും നിറയുന്ന പ്രദേശമായി നേപ്പാള്‍ മാറും. വിദൂരമല്ലാത്ത ഭാവിയില്‍ നേപ്പാളിനെ കാത്തിരിക്കുന്നത് ചൈനയുടെ അധീനതയെന്ന മഹാദുരന്തമാണ്.















