ലഡാക്ക്: വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് അടുപ്പിക്കുന്നതായി സൂചനകള്‍ .ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ യാതൊരു വിട്ടു വീഴ്‌ച്ചയും വേണ്ടെന്ന നിലപാടില്‍ തന്നെയാണ് ഇന്ത്യ. സ്ഥിതിഗതികള്‍ വിലയിരുത്താനായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയ ലഡാക്കിലെത്തിയിരുന്നു.
ശ്രിനഗറിലെ ബേസ് ക്യാമ്പിലെത്തി അദ്ദേഹം മുതിര്‍ന്ന മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.ലേയിലേയും ശ്രിനഗറിലെയും ബേസ് ക്യാമ്പുകളിലാണ് വ്യോമസേനാ മേധാവി സന്ദര്‍ശനം നടത്തിയത്.
കിഴക്കന്‍ ലഡാക്ക് പ്രദേശത്ത് സേന നടത്തുന്ന ഏതൊരു സൈനിക നീക്കത്തിനും ഏറ്റവും നിര്‍ണായകമാകുന്ന ബേസ്‌ക്യാമ്പുകളാണ് ശ്രീനഗര്‍ ലേ എയര്‍ബേസുകള്‍.
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലെ മുഴുവന്‍ സൈനികവിന്യാസത്തിന്റെയും പ്രവര്‍ത്തന സന്നദ്ധത സൈനിക മേധാവി വിലയിരുത്തി. ലഡാക്ക് സെക്ടറിലെ ഇന്ത്യന്‍ സൈനികര്‍ക്ക് വ്യോമ സഹായം നല്‍കുന്നതിനായി, അമേരിക്കന്‍ അപ്പാഷെ ആക്രമണ ഹെലികോപ്റ്ററുകള്‍ പ്രദേശങ്ങള്‍ക്ക് സമീപം വിന്യസിച്ചിട്ടുണ്ട്.
സൈനികരുടെ ഗതാഗതത്തിനും അന്തര്‍-വാലി ട്രൂപ്പ് ട്രാന്‍സ്ഫറിനും ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ലേ എയര്‍ബേസിലും പരിസരത്തും വിന്യസിച്ചിട്ടുണ്ട്. യുദ്ധ സാമഗ്രികള്‍ കൊണ്ടുപോകുന്നതിനായി എം.ഐ -17 വി 5 മീഡിയം-ലിഫ്റ്റ് ചോപ്പറുകളും ഈ പ്രദേശത്ത് വിന്യസിച്ചുട്ടുണ്ട്.
ലഡാക്ക്, ടിബറ്റ് മേഖലകളിലെ ലേ, ശ്രീനഗര്‍, അവന്തിപൂര്‍, ബറേലി, അഡാംപൂര്‍, ഹല്‍വാര (ലുധിയാന), അംബാല, സിര്‍സ എന്നിവയുള്‍പ്പെടെ ഒന്നിലധികം വിമാനതാവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ നീക്കത്തിന് കരുത്ത് നല്‍കും. എന്നാല്‍ ചൈനയ്‌ക്ക് ഹോടാനില്‍ നിന്ന് മാത്രമെ സൈനിക നീക്കങ്ങള്‍ നിയന്ത്രിക്കാനാവൂ.
പോര്‍ വിമാനങ്ങളായ സുഖോയ് 30 എംകെഐ,മിറാഷ് 2000,ജാഗ്വാര്‍ എന്നിവയെല്ലാം പൂര്‍ണ്ണ സജ്ജമാക്കിയതായി വ്യോമസേന വ്യക്തമാക്കി.അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന അതീവ ജാഗ്രതയിലാണ്, ബോഡി പ്രൊട്ടക്ടീവ് സ്യുട്ടുകളും ബാറ്റണുകളുമായി കൂടുതല്‍ സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട് .ചൈനയുടെ ഭാഗത്ത് നിന്ന് എന്ത് പ്രകോപനം ഉണ്ടായാലും ശക്തമായി തന്നെ തിരിച്ചടി നല്‍കുന്നതിനാണ് സേനയ്‌ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും എന്നാല്‍ പ്രകോപനമുണ്ടായാല്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്.
അതേ സമയം അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ചചെയ്യാനായി പ്രധാനമന്ത്രി ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായവും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പരിഗണിക്കുമെന്നാണ് സൂചന.