ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പാകിസ്താന്‍ ഡ്രോണ്‍ വെടിവെച്ച് വീഴ്‌ത്തി അതിര്‍ത്തി സംരക്ഷണ സേന (ബിഎസ് എഫ്). അന്താരാഷ്‌ട്ര അതിര്‍ത്തി കടന്നെത്തിയ ഡ്രോണാണ് ബിഎസ്എഫ് വെടിവെച്ച് വീഴ്‌ത്തിയത്. കത്വാ ജില്ലയിലെ റത്വ ഗ്രാമത്തിലായിരുന്നു സംഭവം.
ഇന്ന് രാവിലെ 5.30 ഓടെയാണ് ഡ്രോണ്‍ അതിര്‍ത്തി കടന്ന് ജമ്മു കശ്മീരില്‍ എത്തിയത് എന്നാണ് വിവരം. പട്രോളിംഗിനിടെയാണ് റത്വയിലെ സൈനിക പോസ്റ്റുകള്‍ക്ക് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നതായി ഉദ്യേഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ വെടിയുതിർക്കുകയായിരുന്നു. ഒന്‍പത് റൗണ്ട് വെടിയുതിര്‍ത്തതിന് ശേഷമാണ് ഡ്രോണ്‍ തകര്‍ന്ന് താഴെ വീണത്. ബിഎസ്എഫ് 19 ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് ഡ്രോണ്‍ വെടിവെച്ച് വീഴ്‌ത്തിയത്.
ഡ്രോണില്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഒരു എം 4 യുഎസ് നിര്‍മ്മിത തോക്ക്, രണ്ട് മാഗസീനുകള്‍, 60 റൗണ്ട വെടിയുണ്ടകള്‍ , ഏഴ് ഗ്രനേഡുകള്‍ എന്നിവയാണ് ഡ്രോണില്‍ നിന്നും കണ്ടെടുത്തത്.
സൈനിക വിവരങ്ങള്‍ ചോര്‍ത്തുന്നതിനായാണ് ഡ്രോണ്‍ എത്തിയതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
ലഡാക്കില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെയാണ് പാകിസ്താന്‍ ഡ്രോണുകള്‍ അന്താരാഷ്‌ട്ര അതിര്‍ത്തി കടന്നെത്തിയത്. ഇത് അതീവ ഗൗരവമുള്ളതാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍















