അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ചൈനയെ തെമ്മാടി രാഷ്‌ട്രമെന്ന് അഭിസംബോധന ചെയ്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദങ്ങളാണ് ഉയർന്നു വരുന്നത്. തങ്ങൾക്കാവശ്യമുള്ള മേഖലകളിലെല്ലാം കടന്നു കയറി യുദ്ധം ചെയ്യുന്ന അമേരിക്കയ്‌ക്ക് അങ്ങനെ വിളിക്കാൻ അവകാശമുണ്ടോ എന്ന ചോദ്യം ഉയരുമ്പോൾ തന്നെ ചൈനയുടെ പ്രവർത്തനങ്ങൾ ആ വിളിക്ക് അനുയോജ്യമാണെന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിലും വർത്തമാനത്തിലുമുണ്ട്.
ഇന്ത്യ – ചൈന സംഘർഷം ഉദാഹരണമായെടുത്താൽ ഗാല്‍വാന്‍ താഴ് വരയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യ ചൈന സൈനിക മേധാവികള്‍ തമ്മില്‍ നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഗാല്‍വാന്‍ മേഖലയിലെ പട്രോളിംഗ് പോയിന്റ് 14 ല്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ 20 സൈനികരുടെ ജീവനാണ് ഇന്ത്യയ്‌ക്ക് വിലനല്‍കേണ്ടി വന്നത്
അതിര്‍ത്തിയിലെ പിരിമുറുക്കത്തിന് അയവുവന്നിട്ടുണ്ടെങ്കിലും പ്രശ്‌ന പരിഹാരത്തിനായുള്ള ഉപാധികളില്‍ നിന്ന് ചൈന ഏറെ ദൂരെയാണ് നിലയുറപ്പിച്ചിരിക്കുന്നത് . പട്രോളിംഗ് പോയിന്റ് 14 ഇന്ത്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെങ്കിലും ഗാല്‍വാന്‍ താഴ്വരയെ ചൈനീസ് പ്രദേശമായി അവകാശപ്പെടുന്ന ചൈനയെയാണ് സമീപകാലത്ത് കാണാൻ സാധിക്കുന്നത്.
ചൈനയുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ കരാറുകൾ നിലനില്‍ക്കെയാണ് സംഘര്‍ഷം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. അതിര്‍ത്തി നിയന്ത്രണ കരാറുകളുടെ കടുത്ത ലംഘനമാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടായത് എന്നത് അന്തര്‍ദേശീയ തലത്തിലും ചര്‍ച്ചയായിട്ടുണ്ട്.
ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ മാത്രമല്ല ചൈന ഇത്തരത്തില്‍ പ്രശ്നം സൃഷ്ടിക്കുന്നത്. അയല്‍ രാജ്യങ്ങളോട് ചൈന കാണിക്കുന്ന തെമ്മാടി മനോഭാവത്തിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രൂക്ഷ വിമര്‍ശമുന്നയിച്ചതും ഈ സാഹചര്യത്തിലാണ്. തായ്‌വാനെതിരായി ചൈന നടത്തുന്ന ആക്രമങ്ങളെ തടയിടാന്‍ യുഎസ് നടത്തിയ സൈനിക നീക്കങ്ങള്‍ ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. തായ്‌വാനെതിരായ ചൈനയുടെ നീക്കത്തിന് പ്രതിരോധം തീര്‍ക്കാനായി ജൂണ്‍ 15 ന് ആണ് യുഎസ് നാവികസേന തങ്ങളുടെ മൂന്ന് വിമാനവാഹിനിക്കപ്പലുകള്‍ പസഫിക് സമുദ്രത്തിലേക്ക് വിന്യസിച്ചത്.
യുഎസ് പടക്കപ്പലുകളായ യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍റ്റ്, യുഎസ്എസ് നിമിറ്റ്‌സ് എന്നിവ 2017 മുതല്‍ ഇവിടെ വിന്യസിച്ചിട്ടുണ്ട്. തായ്‌വാനെതിരായ ചൈനീസ് ആക്രമണാത്മക നിലപാടിനെ ചെറുക്കുകയാണ് ഈ നീക്കമെന്ന് വ്യക്തമാണ്.
ചൈന സമീപകാലത്തുണ്ടാക്കിയ അതിർത്തി തർക്കങ്ങൾ നോക്കാം.
ഭൂട്ടാന്‍
ഇന്ത്യ, ഭൂട്ടാന്‍-ടിബറ്റ് ത്രിരാഷ്‌ട്ര ജംഗ്ഷനിലെ ഡോക്ലാമിലെ ബീജിംഗിന്റെ കയ്യേറ്റവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം ദിവസങ്ങളോളം നീണ്ടുനിന്നിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള സമാധാന കരാറിന്റെ ഭാഗമായി ചൈന പിന്മാറിയിരുന്നുവെങ്കിലും ചൈന പ്രദേശത്ത് അസ്വസ്ഥത സൃഷ്ടിച്ച് തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂട്ടാന്‍-ചൈന അതിര്‍ത്തികളിലെ മറ്റ് മേഖലകളില്‍ കൂടി ഭൂട്ടാനിലേക്ക് പ്രവേശിച്ച് പെട്രോളിങ്ങ് നടത്തുകയാണ് ചൈനയുടെ രീതി. ചൈനീസ് പട്രോളിംഗ് സംഘം ഭൂട്ടാൻകാരെ ഭീഷണിപ്പെടുത്തിയ കേസുകളും സമാനമായ കൈയേറ്റങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അടുത്ത സമയത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തെക്കന്‍ ചൈനാ കടല്‍
വിഭവ സമൃദ്ധമായ ദക്ഷിണ ചൈനാ കടലിന്റെ പൂര്‍ണ നിയന്ത്രണത്തിനായി ചൈന അതിര്‍ത്തി രേഖകളെ വളച്ചൊടിക്കുകയാണ്. ”ചരിത്രപരമായ അവകാശങ്ങള്‍” അടിസ്ഥാനമാക്കിയുള്ള ചൈനയുടെ അവകാശവാദം 2016 ലെ ആർബിട്രേഷൻ കോടതി ഉത്തരവ് പ്രകാരം നിരസിച്ചുവെങ്കിലും മേഖലയെ സൈനികവല്‍ക്കരിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ചൈന പിന്നോട്ട് പോയിട്ടില്ല. 3.5 ട്രില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വാര്‍ഷിക വ്യാപാരത്തിനുള്ള ഒരു പാതയായി വര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര വ്യാപാര റൂട്ടുകളിലൊന്നാണ് ദക്ഷിണ ചൈനാ കടല്‍ പാത. ഈ പ്രദേശത്തിനുമേല്‍ ചൈന നടത്തുന്ന അവകാശവാദം അതിന്റെ തൊട്ടടുത്ത അയല്‍രാജ്യങ്ങളെ മാത്രമല്ല മറ്റു രാജ്യങ്ങളെയും ബാധിക്കും എന്നതാണ് ശ്രദ്ധേയം.
ദക്ഷിണ ചൈനാക്കടലിലെ തായ്‌വാൻ, ബ്രൂണൈ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നിവയുമായി ചൈനയ്‌ക്ക് ദ്വീപ്, സമുദ്ര അതിര്‍ത്തി തര്‍ക്കങ്ങളുണ്ട്. ഈ തര്‍ക്കങ്ങളെല്ലാം ദിനംപ്രതി വഷളാകുന്നു എന്നല്ലാതെ പരിഹാരത്തിനും മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കും ചൈന യാതൊരു പ്രധാന്യവും നല്‍കാറില്ല. കൂടാതെ, തായ്വാനും നിയന്ത്രിത ദ്വീപുകളും മുഴുവന്‍ ചൈനയുടേതാണെന്ന് ചൈന അവകാശപ്പെടുന്നു.
കിഴക്കന്‍ ചൈനാ കടല്‍
മഞ്ഞക്കടല്‍ (ഉത്തരകൊറിയന്‍ / ദക്ഷിണ കൊറിയ), കിഴക്കന്‍ ചൈനാ കടല്‍ (ദക്ഷിണ കൊറിയ / ജപ്പാന്‍) എന്നിവിടങ്ങളില്‍ ചൈനയ്‌ക്ക് ഉത്തര കൊറിയ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവയുമായി പ്രത്യേക സാമ്പത്തിക മേഖല തര്‍ക്കങ്ങളുണ്ട്. കൂടാതെ, ജപ്പാനിലെ സെന്‍കാക്കു / ഡിയോയു ദ്വീപുകളും തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുന്നു. ഈ പ്രദേശവും അന്തര്‍ദേശീയ പ്രധാന്യമുള്ള സ്ഥലമായാണ് കണക്കാക്കുന്നത്. ആഗോള വ്യാപാരം ഈ പ്രദേശത്ത് വര്‍ദ്ധിക്കുന്നതോടെ ചൈനയുടെ അവകാശവാദവും ഉയര്‍ന്നുവന്നതായാണ് വിലയിരുത്തല്‍ . പ്രദേശത്തിനപ്പുറമുള്ള നിരവധി രാജ്യങ്ങളെ ഈ വിഷയം ബാധിക്കുകയും ചെയ്യും.
നേപ്പാള്‍
കഴിഞ്ഞ വര്‍ഷം ഇന്ത്യ പുറത്തിറക്കിയ പുതിയ ഭൂപടത്തില്‍ കാഠ്മണ്ഡു എതിര്‍പ്പ് പ്രകടിപ്പിച്ച അതേ സമയത്താണ്, ഹംല, റാസുവ, സിന്ധുപാല്‍ചൗക്ക്, ശങ്കുവാസഭ എന്നീ വടക്കന്‍ ജില്ലകളിലെ ഭൂമി ചൈന കൈയടക്കിയതായി നേപ്പാളിലെ സര്‍വേ വകുപ്പിന്റെ ആരോപണം ഉയര്‍ന്നത്. ഈ സര്‍വേ റിപ്പോര്‍ട്ട് ചോര്‍ന്നതിനുശേഷം ചൈനയ്‌ക്കെതിരെ നേപ്പാളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു, എന്നാല്‍ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാക്കിയില്ല. രാജ്യത്തേക്ക് കോടിക്കണക്കിന് രൂപ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്ന തിരക്കിലാണ് നേപ്പാള്‍ ഭരണകൂടം. പകരം ഇന്ത്യയുടെ ഭൂപടത്തില്‍ കയറി അവകാശ വാദം ഉന്നയിച്ച് ചൈനയുടെ ശ്രദ്ധ പിടിച്ചുപറ്റാനും നേപ്പാള്‍ ശ്രമിച്ചു . എവറസ്റ്റിന്റെ ഉയരം അളക്കുന്നതിനുള്ള ഒരു പദ്ധതിയും ചൈന ആരംഭിച്ചു, അവിടെ 5 ജി സേവനങ്ങള്‍ നല്‍കുന്നതിന് ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. മെയ് മാസത്തില്‍, സര്‍ക്കാര്‍ നടത്തുന്ന ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ട്വീറ്റില്‍ എവറസ്റ്റ് കൊടുമുടി ചൈനയുടെ ഭാഗമാണെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും എതിര്‍പ്പ് രൂക്ഷമായതോടെ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു .