മ്യൂണിച്ച് : റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പ്രതിഭ വീണ്ടും പുറത്തുവന്ന ജര്‍മ്മന്‍ ലീഗ് മത്സരത്തിൽ ബയേണ്‍ മ്യൂണിച്ചിന് വിജയക്കുതിപ്പ്. ഫ്രീബര്‍ഗിനെതിരെ 3-1ന്റെ ഉജ്ജ്വലവിജയമാണ് ബയേണ്‍ നേടിയത്. ഗോള്‍വേട്ടയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ലെവന്‍ഡോവ്‌സികിയുടെ ഇരട്ടഗോളുകളാണ് ബയേണിന്റെ വിജയത്തിന് കരുത്തായത്.
ലീഗ് കിരീടം കഴിഞ്ഞ മത്സരത്തില്‍ തന്നെ ഉറപ്പിച്ചിരിക്കുന്ന ബയേണ്‍ സ്വന്തം തട്ടകത്തിലാണ് ഫ്രീബര്‍ഗിനെ തോല്‍പ്പിച്ചത്. ഡോട്ട്മുണ്ടിന്റെ വിജയം എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക്് ലീപ്‌സിഗിനെതിരെയായിരുന്നു.
കിമ്മിച്ചിന്റെ 15-ാം മിനിറ്റിലെ ഗോളിലൂടെ ബയേണ്‍ ഫ്രീബര്‍ഗിനെതിരെ മേധാവിത്വം നേടി. തുടര്‍ന്ന് ആദ്യ പകുതിയില്‍ത്തന്നെ ലെവന്‍ഡോവ്‌സകിയുടെ ഇരട്ട ഗോളുകളും എതിരാളികളുടെ വലകുലുക്കി. 24-ാം മിനിറ്റിലായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ആദ്യ ഗോള്‍. തുടര്‍ന്ന് മികച്ച ഒരു മുന്നേറ്റത്തിലൂടെ ഫ്രീബര്‍ഗിനായി ഹോളര്‍ ആശ്വാസ ഗോള്‍ നേടി ലീഡ് കുറച്ചു. എന്നാല്‍ 37-ാം മിനിറ്റില്‍ പോളിഷ് സൂപ്പര്‍താരം വീണ്ടും എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് ബയേണിന്റെ ലീഡ് 2 ആക്കി ഉയര്‍ത്തി.
ഡോട്ട്മുണ്ടിന്റെ രണ്ടു ഗോളുകളും ഹാലാന്റാണ് നേടിയത്. ലീപ്‌സെഗിനെതിരെ ആദ്യ പകുതിയുടെ 30-ാം മിനിറ്റിലും കളിയുടെ അവസാനം 93-ാം മിനിറ്റിലുമാണ് ഗോളടിച്ചത്. പോയിന്റ് നിലയില്‍ ഇരുടീമുകളും തമ്മില്‍ 10 പോയിന്റ് വ്യത്യാസത്തിലാണുള്ളത്. ബയേണ്‍ 33 കളികളിലായി 79 പോയിന്റോടെ ഒന്നാമതും ഡോട്ട്മുണ്ട് 69 പോയിന്റുകളോടെ രണ്ടാംസ്ഥാനത്തുമാണുള്ളത്.















