ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്ന വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ 170 എയര്‍ ഇന്ത്യാ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. ജൂലൈ മൂന്ന് മുതല്‍ ആരംഭിക്കുന്ന നാലാം ഘട്ടത്തില്‍ 17 രാജ്യങ്ങളിലേക്കായി 170 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ജൂലൈ 15 നാണ് വന്ദേഭാരത് മിഷന്റെ നാലാം ഘട്ടം അവസാനിക്കുക.
വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും കാനഡ, അമേരിക്ക, യുകെ, കെനിയ, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഖിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുക. ഇതിന് പുറമേ ബംഗ്ലാദേശ്, തായ്‌ലാന്റ്, ദക്ഷിണാഫ്രിക്ക, റഷ്യ, ആസ്‌ട്രേലിയ, മ്യാന്‍മാര്‍, ജപ്പാന്‍, ഉക്രൈന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്കും വിമാന സര്‍വ്വീസുകള്‍ ഉണ്ട്.
ആകെ വിമാനങ്ങളില്‍ 38 വിമാനങ്ങള്‍ യുകെയിലേക്കും, 32 വിമാനങ്ങള്‍ അമേരിക്കയിലേക്കും സര്‍വ്വീസ് നടത്തും. 26 വിമാനങ്ങളാണ് നാലാം ഘട്ടത്തില്‍ പ്രവാസികള്‍ക്കായി സൗദിയിലേക്ക് സര്‍വ്വീസ് നടത്തുക. നാലാം ഘട്ടത്തില്‍ കേരളത്തിലേക്കാണ് കൂടുതല്‍ വിമാനങ്ങള്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം. 94 വിമാനങ്ങള്‍ മിഷന്റെ ഭാഗമായി കേരളത്തില്‍ നിന്നും സര്‍വ്വീസ് നടത്തും.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാര്‍ക്കായി മെയ് ആറ് മുതലാണ് കേന്ദ്ര സര്‍ക്കാര്‍ വന്ദേഭാരത് മിഷന്‍ ആരംഭിച്ചത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പ്രവാസികളാണ് മിഷന്റെ ഭാഗമായി രാജ്യത്ത് തിരിച്ചെത്തിയത്.















