കണ്ണൂർ : ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രധാന സാക്ഷി വത്സൻ കണ്ണങ്കോടിനെതിരെ സിപിഎം അക്രമം. കണ്ണൂർ പാനൂർ പാറാട് വെച്ചാണ് വത്സനെ ആക്രമിച്ചത്. ബൈക്കിലെത്തിയ സംഘമാണ് അക്രമിച്ചത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്ന വത്സനെ ബൈക്കിൽ നിന്ന് ചവിട്ടി താഴെയിട്ടു. സംഭവത്തിനെതിരെ വത്സൻ കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി കെ കുഞ്ഞനന്തൻ മരിച്ചതിനു പിന്നാലെ വത്സൻ അടക്കമുള്ള സാക്ഷികൾക്കെതിരെ വലിയ തോതിൽ പ്രചാരണം നടന്നിരുന്നു. പി.കെ കുഞ്ഞനന്തന് ടിപി വധക്കേസിൽ പങ്കുണ്ടായിരുന്നില്ലെന്നും സാക്ഷിമൊഴികൾ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പ്രചാരണം. സാക്ഷികൾ അനുഭവിക്കും എന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ സിപിഎം അനുകൂലികൾ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം നടന്നത്.
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമുൾപ്പെടെയുള്ള സിപിഎം നേതാക്കളെല്ലാം ടിപി വധക്കേസിലെ കുറ്റവാളിക്ക് വലിയ പ്രശംസ വചനങ്ങളാണ് ചൊരിഞ്ഞത്. എതിരാളികൾ പോലും അംഗീകരിക്കുന്ന സാമൂഹ്യ സേവകൻ തുടങ്ങിയ വിശേഷണങ്ങളായിരുന്നു മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ കുഞ്ഞനന്തന് നൽകിയത്. കൊടും കുറ്റവാളിയെ മഹത്വവത്കരിക്കുന്ന മന്ത്രിമാർക്കെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.