കാന്‍പൂര്‍: എട്ടു പോലീസുദ്യോഗസ്ഥരെ കൂട്ടക്കൊല ചെയ്ത വികാസ് ദുബെയുടെ അന്വേഷണ വുമായി ബന്ധപ്പെട്ട് രണ്ടു സബ് ഇന്‍സ്‌പെക്ടര്‍മാരെ കാന്‍പൂര്‍ എസ്.പി അറസ്റ്റ് ചെയ്തു. സംഭവം നടന്ന പ്രദേശത്തെ ചൗബേപൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ വിനയ് തിവാരിയും കെ.കെ.ശര്‍മയുമാണ് അറസ്റ്റിലായിരിക്കുന്നത്. ബിക്രു ഗ്രാമത്തിലെ വികാസ് ശര്‍മയുടെ കേന്ദ്രത്തിലേയ്‌ക്ക് പോലീസ് നടത്തിയ റെയ്ഡിലെ എല്ലാ വിവരങ്ങളും മുന്നേകൂട്ടി ദുബെയെ അറിയിച്ചത് ഇവരാണെന്നാണ് കണ്ടെത്തല്‍.രണ്ടു പേരേയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.
കാന്‍പൂര്‍ പോലീസ് സൂപ്രണ്ട് ദിനേശ് കുമാറാണ് രണ്ടു പോലീസുകാരേയും നേരിട്ട് അറസ്റ്റ് ചെയ്തത്. നാലു ദിവസമായി ഇരുവരും പോലീസിന്റെ കസ്റ്റഡിയിലായിരുന്നെങ്കിലും അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത് ഇന്നലെയാണെന്നും കാന്‍പൂര്‍ എസ്.പി. പറഞ്ഞു. നിരവധി തവണ ചോദ്യം ചെയ്തശേഷമാണ് വര്‍ഷങ്ങളായി ചൗബേപൂര്‍ പോലീസ് സ്‌റ്റേഷനും വികാസിന്റെ കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധം പുറത്തുവന്നത്. ജില്ലാ കേന്ദ്രത്തില്‍ നിന്നും കുറ്റവാളികള്‍ക്കെതിരെ എന്തു നീക്കം നടന്നാലും ഇരുവരും അത് വികാസിനെ കൃത്യമായി അറിയിച്ചിരുന്നുവെന്നും എസ്.പി. പറഞ്ഞു.
എട്ടു പോലീസുകാരെ വികാസ് ദുബെയുടെ വീടിനടുത്ത് എത്തുന്നതുവരെ അനുഗമിച്ച ചൗബേപൂര്‍ സ്റ്റേഷനിലെ രണ്ടു എസ്.ഐ മാരും വെടിവെയ്പ് തുടങ്ങിയതോടെ രക്ഷപെട്ട തായും ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചു.















