ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ മഴ തുടരുകയാണ്. ന്യൂകാസിലിനെതിരെ 5-0നാണ് സിറ്റി തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ച ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ 4-0ന് തോല്‍പ്പിച്ച അതേ വീര്യമാണ് ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍ ഇന്നലെ പുറത്തെടുത്തത്.
കളിയുടെ എല്ലാ നിമിഷങ്ങളിലും നിയന്ത്രണം സിറ്റി താരങ്ങള്‍ക്കായിരുന്നു. ന്യൂകാസിലിന്റെ സെല്‍ഫ് ഗോളടക്കമാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ 5-0 ജയം. കളിയുടെ 10-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസാണ് ഗോള്‍ മഴയക്ക് തുടക്കമിട്ടത്. മഹ്‌റസിന്റെ വകയായിരുന്നു 21-ാം മിനിറ്റിലെ രണ്ടാം ഗോള്‍. തുടര്‍ന്ന് രണ്ടാം പകുതിയുടെ 58-ാം മിനിറ്റിലാണ് ന്യൂകാസിലിന്റെ ഫെര്‍ണാണ്ടസിന് കാല് പിഴച്ചത്. പ്രതിരോധിക്കുന്നതിനിടെയായിരുന്നു ഗോള്‍ വീണത്. തുടര്‍ന്ന് 65-ാം മിനിറ്റില്‍ സില്‍വയിലൂടെ നാലാം ഗോളും സ്‌റ്റെര്‍ലിംഗിന്റെ വക അവസാനനിമിഷം അഞ്ചാം ഗോളും സിറ്റി നേടി.
മറ്റ് മത്സരങ്ങളില്‍ ഷെഫ് യുണൈറ്റഡ് വൂള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. മൂന്നാം മത്സരത്തില്‍ ബേണ്‍ലിയും അതേ ഗോള്‍ വ്യത്യാസത്തിലാണ് ജയം നേടിയത്. വെസ്റ്റ് ഹാമിനെയാണ് തോല്‍പ്പിച്ചത്. ഇന്നലെ നടന്ന ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി 34 കളികളിലായി 69 പോയിന്റുകള്‍ നേടി. ഷെഫ് യുണൈറ്റഡ് 51 പോയിന്റുമായി ആഴ്‌സണ ലിനെ മറികടന്ന് 7-ാം സ്ഥാനത്തേക്ക് കയറി. ടോട്ടനത്തെ മറികടന്ന് ബേണ്‍ലി 9-ാം സ്ഥാനത്തേയ്‌ക്കും കടന്നിരിക്കുകയാണ്.















