ന്യൂഡല്‍ഹി : പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐ സംഘടനാ സ്വാധീനം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ഭീകരരെ ഓണ്‍ലൈന്‍ വഴി സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനാണ് ഐഎസ്‌ഐയുടെ പുതിയ പദ്ധതി. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ സംഘടന ആരംഭിച്ചതായും ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
മാസികയായ ദി സപ്പോര്‍ട്ടേഴ്‌സ് സെക്യൂരിറ്റിയുടെ മെയ് ലക്കത്തില്‍ സാമൂഹ്യമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഐഎസ്‌ഐ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐഎസ്‌ഐ ഓണ്‍ലൈന്‍ വഴി ഭീകരരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സ്മാര്‍ട്ട് ഫോണുകളും കമ്പ്യൂട്ടറുകളും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മാസികയില്‍ ഐഎസ്‌ഐ പറഞ്ഞിരുന്നു.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭീകര സംഘടനകളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിച്ചുവരുന്നുണ്ട്. ഇതിന് പുറമേ വീഡിയോ ഗെയിം വഴി ഐഎസ്‌ഐ ഇന്ത്യയില്‍ ജിഹാദ് പ്രചരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.