ന്യൂഡല്‍ഹി: വെട്ടുകിളി ആക്രമണത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊറോണ ദുരിതത്തിനിടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വന്‍വിളനാശം വരുത്തിക്കൊണ്ടിരിക്കുന്ന വെട്ടുകിളി ആക്രമണം പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഹെക്ടര്‍കണക്കിന് പ്രദേശത്തെ വിളകളെയാണ് ബാധിച്ചത്. 35000 പേര്‍ക്കുള്ള ധാന്യങ്ങളാണ് ഒറ്റ ദിവസം പഞ്ചാബിലെ വിവിധ പാടശേഖരങ്ങളില്‍ വെട്ടുകിളികള്‍ തിന്നുതീര്‍ത്തത്.
രാജസ്ഥാനിലെ പ്രത്യേക കാബിനറ്റ് യോഗം ചേര്‍ന്നാണ് വെട്ടുകിളി ആക്രമണത്തെ വിലയിരുത്തി കേന്ദ്രസര്‍ക്കാറിന് നിവേദനം നല്‍കിയത്. കാര്‍ഷിക ഇന്‍ഷൂറന്‍സ് കമ്പനികള്‍ കര്‍ഷകരുടെ അവസ്ഥയെ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതിനിടെ വെട്ടുകിളി ആക്രമണം ഫലപ്രദമായി തടയാന്‍ ജൂണ്‍ ആദ്യവാരം മുതല്‍ മരുന്നുതളിക്കാനും വിളനാശം പരിഹരിക്കാനും കേന്ദ്ര കാര്‍ഷിക മന്ത്രാലയം സത്വര നടപടികളാണ് സ്വീകരിച്ചത്. പാടങ്ങളിലിറക്കി ഉപയോഗിക്കാവുന്ന 40 വലിയ മരുന്നുതളി യന്ത്രങ്ങള്‍ നല്‍കിയിരുന്നു. ഒപ്പം ബ്രിട്ടണില്‍ നിന്നും പ്രത്യേകം ഹെലികോപ്റ്ററുകളും മരുന്നുതളിയന്ത്രങ്ങളും വരുത്തിയിരിക്കുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളിലേയ്‌ക്കായി യന്ത്രങ്ങള്‍ ഈ മാസം എത്തുമെന്നും കാര്‍ഷിക മന്ത്രാലയം അറിയിച്ചു.















