ലേയിൽ നിന്ന് രാത്രിക്കണ്ണുമായി ഇനി മിഗ് 29 ഉയരും ; ചൈനയെ ആശങ്കപ്പെടുത്തുന്ന നേട്ടം സ്വന്തമാക്കി വ്യോമസേനാ താവളം

Published by
Janam Web Desk

ശ്രീനഗർ : ലേ വിമാനത്താവളത്തിൽ നിന്ന് ആവശ്യം വന്നാൽ ഇനി രാത്രിയിലും മിഗ് 29 പറന്നുയരും. ഇന്ത്യ ചൈന സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ലെയിൽ നിന്ന് പറന്നുയരുന്ന മിഗ് 29 ന് രാത്രി ഓപ്പറേഷൻ നടത്താൻ കഴിയുന്നത് ഇന്ത്യക്ക് മുൻതൂക്കം നൽകുമെന്ന് വ്യോമസേന കരുതുന്നു. വലിയ നേട്ടമാണിതെന്ന് വ്യോമസേന വ്യക്തമാക്കി.

സുഖോയ് പോർ വിമാനങ്ങളും അപ്പാഷെ ഹെലികോപ്ടറുകളും നിലവിൽ രാത്രി പറക്കലുകൾ നടത്തുന്നുണ്ട്. എന്നാൽ അത് ലേ വ്യോമസേനാതാവളത്തിൽ നിന്നല്ല. നിലവിൽ പൂർണ സജ്ജമായ ആക്രമണ വ്യോമസേനാ താവളവുമല്ല ലേ. പക്ഷേ ചൈനയുമായുള്ള സംഘർഷമുള്ള പ്രത്യേക സാഹചര്യത്തിൽ രാത്രി പറക്കലുകൾ നടത്താൻ ലേയിൽ നിന്ന് പറന്നുയരുന്ന പോർ വിമാനങ്ങൾക്ക് കഴിയുന്നത് വഴിത്തിരിവാകുമെന്ന് കണക്കാക്കപ്പെടുന്നു.

ആധുനിക യുദ്ധങ്ങളിൽ പോർ വിമാനങ്ങളുടെ ആക്രമണം കൂടുതലും രാത്രി കാലത്താണ്. പ്രതീക്ഷിക്കാത്ത സമയം എന്നതും പോർ വിമാനങ്ങളെ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്തതുമാണ്‌ ഈ സമയം തെരഞ്ഞെടുക്കാൻ കാരണം. ലേയിൽ നിന്ന് കുതിച്ചുയരുന്ന വിമാനങ്ങൾക്ക് ചൈനയുടെ ഏറ്റവും അടുത്ത എയർ ബേസിൽ നിന്ന് ഉയരുന്ന വിമാനങ്ങളേക്കാൾ കൂടുതൽ ആയുധം വഹിക്കാൻ കഴിയുമെന്നത് പോരാട്ടത്തിൽ മുൻതൂക്കം നൽകുന്നു. രാത്രി പറക്കലുകൾ കൂടി സാദ്ധ്യമായതോടെ രാവിലെയും രാത്രിയിലും ഒരുപോലെ ആക്രമണം നടത്താൻ ലെ വ്യോമസേനാ താവളം നിർണായ പങ്കു വഹിക്കും.

Share
Leave a Comment