കാന്‍പൂര്‍: പോലീസ് വെടിവെച്ചുകൊന്ന കൊടുംകുറ്റവാളി വികാസ് ദുബെയുടെ വരുമാന സ്രോതസ്സുകളും ജീവിത ശൈലിയും അമ്പരപ്പിക്കുന്നതെന്ന് അന്വേഷണ സംഘം. അധോലോക നായകനായി വിലസിയ ദുബെയുടെ ഒരു മാസത്തെ വരുമാനം ഒരു കോടി രൂപയിലേറെയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇത്രയും പണം കൈവരുമ്പോള്‍ അത് ഏതു തരത്തിലാണ് ചിലവിട്ടിരുന്നതെന്നതിന് പുറകേയാണ് സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി നീങ്ങുന്നത്.
വികാസ് ദുബെയുടെ വ്യക്തിജീവിതവും ഗുണ്ടാ ജീവിതവും തമ്മിലുള്ള പൊരുത്തക്കേടാണ് നിലവില്‍ അന്വേഷണ സംഘത്തെ അമ്പരപ്പിക്കുന്നത്. കോടിക്കണക്കിന് രൂപ കൊള്ളമുതലായി സമ്പാദിക്കുന്നയാള്‍ വ്യക്തിപരമായ വളരെ ലളിത ജീവിതം നയിച്ചിരുന്നതായാണ് വിവരം. ആഡംബരമായ വസ്തുക്കളൊന്നും സ്വയം ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലായിരുന്ന ദുബെ മദ്യപിക്കാത്ത വ്യക്തിയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
വിദേശയാത്രകള്‍ക്കായി പണം വികാസ് ദുബെ ധൂര്‍ത്തടിച്ചതായോ മറ്റ് വിലപിടിപ്പുള്ള എന്തെങ്കിലും മേടിച്ചിരുന്നതായോ തെളിവില്ല. എന്നാല്‍ നിശബ്ദമായി ദുബെയുടെ പണം കൈകാര്യം ചെയ്യുന്ന ഒരു സമാന്തര സംവിധാനം ഉണ്ടെന്നാണ് പോലീസ് പറയുന്നത്. അതേ സമയം ഇത്രയും പണം കയ്യില്‍ വന്നിരുന്നത് ഏതു രീതിയിലാണ് വഴി തിരിച്ചുവിട്ടി രുന്നതെന്നാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. സഹായികളും അടുത്ത ബന്ധുക്കളിലേയ്‌ക്കുമാണ് അന്വേഷണം നീളുന്നത്. ഒപ്പം വിദേശത്ത് ആരൊക്കെയാണ് വികാസ് ദുബെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നത് എന്നതും അന്വേഷണ സംഘം കണ്ടെത്തിയതായാണ് വിവരം.















