തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ സ്വപ്‌നയുമായി ബന്ധപ്പെട്ടതെന്ന് ജലീല്‍ പറഞ്ഞു. അടിയന്തിരമായി വിളിച്ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
റംസാനോട് അനുബന്ധിച്ച് യുഎഇയില്‍ നിന്നും കേരളത്തിന് ഭക്ഷണ കിറ്റുകള്‍ ലഭിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് മെയ് 27 ന് യുഎഇ കോണ്‍സുലേറ്റ് ജനറലില്‍ നിന്നും സന്ദേശം ലഭിച്ചു. ലോക് ഡൗണ്‍ ആയതിനാല്‍ കേരളത്തിലേക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. തങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യാന്‍ താത്പര്യമുണ്ട്. തിരിച്ചും താത്പര്യമുണ്ടെങ്കില്‍ അറിയിക്കണം എന്നായിരുന്നു സന്ദേശം. ഭക്ഷണപ്പൊതികള്‍ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്നും സംഘടിപ്പിക്കാം എന്ന് സന്ദേശത്തിന് മറുപടി നല്‍കിയെന്നും മന്ത്രി പറഞ്ഞു.
ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി സ്വപ്‌ന താങ്കളുമായി ബന്ധപ്പെടുമെന്നും കൗണ്‍സില്‍ ജനറല്‍ അറിയിച്ചു. തുടര്‍ന്നാണ് സ്വപ്‌നയുമായി സംസാരിക്കുന്നത്. പിന്നീട് 1000 ഭക്ഷ്യ കിറ്റുകള്‍ കിട്ടി. ഈ കിറ്റുകള്‍ എടപ്പാല്‍, തൃപ്രങ്ങോട് പ്രദേശങ്ങളില്‍ വിതരണം ചെയ്തു. എടപ്പാള്‍ കണ്‍സ്യൂമര്‍ ഫെഡില്‍നിന്നുമാണ് കോണ്‍സുലേറ്റിലേക്ക് ഭക്ഷ്യ കിറ്റുകള്‍ വാങ്ങിയതിന്റെ ബില്ല് അയച്ചത്. എന്നാല്‍ കോണ്‍സുലേറ്റില്‍ നിന്നും പണം ലഭിച്ചില്ല. തുടര്‍ന്ന് പണം നല്‍കാന്‍ ആവശ്യപ്പെട്ട് കൗണ്‍സുലേറ്റ് ജനറലുമായി ബന്ധപ്പെട്ടു. ജനറലിന്റെ നിര്‍ദ്ദേശ പ്രകാരം പണം അയക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്നയെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.